ഈ ചമയത്തിന് ചന്തമേറെയാണ്!

അജൂബ മേക്കോവര്‍ ആന്‍ഡ് ഫാമിലി സലൂണിന്റെ സുന്ദരയാത്രയുടെ കഥ
ചമയത്തോടുള്ള തന്റെ പ്രണയമാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള റഹ്മത്തിന്റെ ഓര്‍മകളില്‍ ആദ്യം കടന്നു വരുന്നത്. നാലോ അഞ്ചോ വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ വീട്ടിലെ കണ്മഷിയും പൗഡറും ഉപയോഗിച്ച് മേക്കപ്പ് ചെയ്തു കളിച്ചിരുന്ന ആ കൊച്ചു പെണ്‍കുട്ടി അതേ ഇഷ്ടത്തെ തന്റെ തൊഴിലാക്കി മാറ്റിയതിനെ നിയോഗം എന്ന് വിളിക്കാനാണ് റഹ്മത്തിനിഷ്ടം.
16 വര്‍ഷമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായും ഇതേ മേഖലയിലെ ടീച്ചറായും പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി റഹ്മത്ത് അജൂബയുടെ സംരംഭക ജീവിതം റഹ്മത്തിന്റെ കൈത്തഴക്കമുള്ള ജോലി പോലെ തന്നെ മനോഹരമാണ്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജൂബ മേക്കോവര്‍ ആന്‍ഡ് ഫാമിലി സലൂണിന്റെ അമരക്കാരിയാണ് റഹ്മത്ത്.

കുട്ടിക്കാലത്തെ റഹ്മത്തിന്റെ പ്രിയപ്പെട്ട കളിക്കോപ്പുകള്‍ മേക്കപ്പ് വസ്തുക്കളായിരുന്നു. ആധികാരികമായി മേക്കപ്പ് ചെയ്യാന്‍ പഠിക്കുന്നതിനു മുന്‍പ് തന്നെ മേക്കപ്പിനോടുള്ള ഇഷ്ടം ഉള്ളില്‍ കയറിക്കൂടിയ റഹ്മത്ത് കുടുംബത്തെ കല്യാണങ്ങള്‍ക്കും മറ്റു വിശേഷങ്ങള്‍ക്കും സൗജന്യ മേക്കപ്പ് ആര്‍ട്ടിസ്റ്റായും മെഹന്ദി ആര്‍ട്ടിസ്റ്റായുമൊക്കെ തന്റെ കഴിവിനെ പതിയെ മിനുക്കിയെടുത്തു.

പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം മേക്കപ്പ് കോഴ്സ് പഠിക്കാന്‍ ചേര്‍ന്നുവെങ്കിലും പൂര്‍ത്തിയാക്കാതെ അക്കാദമിക പഠനങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയ റഹ്മത്ത് വിവാഹശേഷം ഭര്‍ത്താവ് നാസര്‍ അജൂബയുടെ പിന്തുണയോടെ കോഴ്സ് പൂര്‍ത്തിയാക്കി സലൂണും മേക്കപ്പ് അക്കാദമിയും ആരംഭിക്കുകയായിരുന്നു.

ബ്രൈഡല്‍ മേക്കപ്പിലും നോര്‍മല്‍ മേക്കപ്പിലും അടിക്കടി വന്നുകൊണ്ടിരിക്കുന്ന പുത്തന്‍ മാറ്റങ്ങളും പരീക്ഷണങ്ങളും അജൂബയില് വിജയകരമായി പൂര്‍ത്തിയാക്കാറുണ്ട്. എയര്‍ ബ്രഷ്, ഗ്ലാസ് സ്കിന്‍, നോ മേക്കപ്പ്, ന്യൂഡ് മേക്കപ്പ് തുടങ്ങി ഏറെ ജനകീയമായ മേക്കപ്പ് രീതികള്‍ മധുരം ന്യൂനതകളുമില്ലാതെയാണ് അജൂബയില് നിന്ന് ചെയ്യാറുള്ളത്. കസ്റ്റമര്‍ ആവശ്യപ്പെടുന്ന അതേ രീതിയിലുള്ള മികച്ച വര്‍ക്കുകള്‍ ആയതുകൊണ്ട് തന്നെ സംതൃപ്തരും വിശ്വസ്തനുമായ നിരവധി കസ്റ്റമര്‍മാര്‍ ഇന്ന് റഹ്മത്തിനുണ്ട്. മേക്കപ്പിനൊപ്പം തന്നെ ഹെയര്‍ സ്റ്റൈലിങ്ങിനും ചര്‍മ സംരക്ഷണ ട്രീറ്റ്മെന്റുകള്‍ക്കും ഇവിടെ ആവശ്യക്കാര്‍ ഏറെയാണ്.

സലൂണിന് ഒപ്പം തന്നെ റഹ്മത്ത് ആരംഭിച്ച മേക്കപ്പ് അക്കാദമി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ പ്രഗത്ഭരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ വാര്‍ത്തെടുത്തു കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം അഞ്ച് ദിവസം മുതല്‍ ഒരു മാസം വരെ നീളമുള്ള പ്രൊഫഷണല്‍ മേക്കപ്പ് കോഴ്സുകളാണ് നല്‍കുന്നത്. തിരഞ്ഞെടുക്കുന്ന കോഴ്സ് കാലാവധിക്ക് പുറമേ കൂടുതല്‍ പരിശീലനം ആവശ്യമായിവരുന്ന വിദ്യാര്‍ഥികള്‍ക്ക് അധിക ഫീസ് ഈടാക്കാതെ കൂടുതല്‍ പരിശീലനം നല്കുന്ന സംവിധാനവും ഇവിടെയുണ്ട്. മേക്കപ്പിന് പുറമെ നാനോപ്ലാസ്റ്റി, ബോട്ടോക്സ് മുതലായ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ക്കും ഹെയര്‍ കളറിംഗ് പോലെയുള്ള സ്റ്റൈലിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പരിശീലനങ്ങളും നല്കിപ്പോരുന്നു.

അധിക സാമ്പത്തികഭദ്രത ഇല്ലാത്തവരും എന്നാല്‍ മേക്കപ്പില്‍ അഭിരുചിയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പ്രൊഫഷണല്‍ മേക്കപ്പ് കോഴ്സ് നല്കാന് കഴിയുന്ന രീതിയിലേക്ക് തന്റെ സംരംഭത്തെ വളര്‍ത്തുക എന്നതാണ് റഹ്മത്തിന്റെ ലക്ഷ്യം. വെറുമൊരു ജോലി എന്നതിനപ്പുറം തന്റെ പ്രൊഫഷനോട് സ്നേഹവും ആത്മാര്‍ത്ഥതയും ഉള്ള അടുത്ത തലമുറയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ ഉത്തരവാദിത്വപൂര്‍വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് പിന്തുണയുമായി ഭര്‍ത്താവ് നാസര്‍ അജൂബയും മക്കളായ അമലും ആമിനയും റഹ്മത്തിനൊപ്പമുണ്ട്.



