സ്നേഹം അളവില്ലാതെയര്‍ഹിക്കുന്ന സ്വപ്നക്കൂട് …

ഒരു മനുഷ്യന് ഏറ്റവും മനോഹരമായി ജീവിക്കേണ്ടത് തന്റെ വര്‍ദ്ധക്യത്തിലാണ്… ഒരു ദിവസത്തിന്റെ സായാഹ്നം പോലെ മനോഹരമായി ആസ്വദിക്കേണ്ട സമയം… കാലമേല്‍പ്പിക്കുന്ന സകല മുറിവുകളും പേറി അവശതയിലാകുന്ന ശരീരത്തിനുള്ളില്‍ ലോകത്തെ അതിജീവിച്ച ഹൃദയവുമായാണ് ഓരോരുത്തരും തന്റെ വാര്‍ദ്ധക്യ കാലത്തിലേക്ക് എത്തുന്നത്.
ആഹാരത്തോടും അര്‍ഭാടത്തോടും ആഗ്രഹം മങ്ങി സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും അത്യാഗ്രഹം തോന്നുന്ന വര്‍ദ്ധക്യത്തില്‍ പക്ഷേ പലരും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് കഴിയുന്നത് നാം കാണാറുണ്ട് . ഒറ്റയ്ക്കായി പോകുന്ന അത്തരം മനുഷ്യര്‍ക്കായി തന്റെ മുഴുവന്‍ സ്നേഹവും സമയവും ആയുസ്സിന്റെ സമ്പാദ്യവും കൊണ്ട് ഒരു അമ്മക്കിളി ഒരുക്കിയ സ്വപ്നക്കൂടുണ്ട് ഇങ്ങ് അനന്തപുരിയില്‍…
ഒരു കിളി കൂടു കൂട്ടുന്നത് പോലെ തന്നെയാണ് രമണി ടീച്ചര്‍ തന്റെ സ്വപ്നക്കൂട് കൂട്ടിയതും ഇപ്പോഴും മുന്നോട്ട് നയിക്കുന്നതും… ജീവിതത്തിന്റെ ഇരുണ്ട കോണുകളില്‍ ഒറ്റയ്ക്കായി പോയ മനുഷ്യരെയെല്ലാം ചേര്‍ത്ത് പിടിച്ചു രമണി ടീച്ചര്‍ തന്റെ സ്വപ്നക്കൂട്ടില്‍ എത്തിക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞു. 12 വൃദ്ധമാതാപിതാക്കളുമായി 2016 ല്‍ ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച ഈ ഓര്‍ഫനേജില്‍ ഇന്ന് 72ഓളം അന്തേവാസികളാണ് കഴിയുന്നത്. ഇതില്‍ വൃദ്ധ മാതാപിതാക്കള്‍ മാത്രമല്ല, അശരണരായ നിരവധി മനുഷ്യരുണ്ട്.

നിയമസംരക്ഷണ കൗണ്‍സില്‍ വഴി രൂപീകൃതമായ സ്വപ്നക്കൂട് പ്രവര്‍ത്തിക്കുന്നത് വെറും അഗതി മന്ദിരമായി മാത്രമല്ല. ആദിവാസി മേഖലകളിലുള്ള ഭക്ഷണവിതരണവും വസ്ത്ര വിതരണവും, മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണ വിതരണം, നിരവധി ആളുകള്‍ക്കു ചികിത്സാ സൗകര്യങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനം കൂടിയാണ് ഇത്.
സ്വപ്നക്കൂടിന്റെ മറ്റൊരു പ്രത്യേകത ഇതിനു പ്രത്യേക സ്പോണ്സറോ മറ്റു സഹായങ്ങളോ ഇല്ല എന്നതാണ്. ജനങ്ങളാണ് സ്വപ്നക്കൂടിന്റെ സ്പോണ്‍സേഴ്സ്. ഒരുപാട് സന്മനസ്സുകള് നല്കുന്ന സംഭാവനയിലൂടെയാണ് സ്വപ്നക്കൂട് നിലനില്‍ക്കുന്നത്. സ്വപ്നക്കൂടിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോള്‍ വലിയൊരു പ്രയത്നത്തിലാണ്…
2011 ല്‍ വാടകകെട്ടിടത്തില് തുടങ്ങിയ ഈ സ്ഥാപനത്തിന് സ്വന്തമായി കുറച്ചു മണ്ണും അതിലെ അന്തേവാസികള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഒരു കെട്ടിടവുമാണ് അവരുടെ ലക്ഷ്യം. ഇതിനായി തിരുമല വിളവൂര്‍ക്കല്‍ പെരുകാവ് വാര്‍ഡില്‍ കുറച്ചു ഭൂമി വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. അതിലേക്ക് കരുതലിന്റെ കൈ നീട്ടാന്‍ നമുക്കും കഴിയണം. ചെറുതോ, വലുതോ എന്നതിലല്ല കാര്യം… ഹൃദയം നിറഞ്ഞു നാം കൊടുക്കുന്ന ഏതൊരു തുകയും സ്വപ്നക്കൂടിന് ഏറെ വിലപ്പെട്ടതും പ്രിയപ്പെട്ടതുമായിരിക്കും. കാരണം ഈ സ്വപ്നക്കൂട് നമ്മുടെ ഓരോരുത്തരുടെയും സ്നേഹം അളവില്ലാതെ അര്‍ഹിക്കുന്നുണ്ട്.



