സ്വപ്നം തുന്നിയ ബാല്യം; My Fit Fashions-ന്റെ വിജയകഥ

എട്ടാം വയസ്സില്‍ തുന്നിയെടുത്ത ഒരു കുടുംബത്തിന്റെ സ്വപ്നം
കളിപ്പാട്ടങ്ങളും കൊച്ചു വര്‍ത്തമാനങ്ങള്‍ കൊണ്ടും ഓര്‍മകള്‍ തുന്നിയെടുക്കേണ്ട പ്രായത്തില്‍ കല്യാണി മതി മോഹന്‍ എന്ന 22കാരി തുന്നിയെടുത്തത് ഒരു കുടുംബത്തിന്റെ തന്നെ സ്വപ്നമാണ്. അമ്മയുടെ തയ്യല്‍ മെഷീനില്‍ വെറും എട്ടാം വയസ്സില്‍ കുട്ടിക്കുപ്പായങ്ങള്‍ തുന്നിത്തുടങ്ങിയ അവള്, അതിനെ വെറുമൊരു കളിയായി കണ്ടില്ല, പകരം ഒരു കുടുംബത്തിന്റെ ഭാവി തുന്നിയെടുക്കാനുള്ള ആദ്യ ശ്രമമായി കണ്ടു. പിന്നീട് അതൊരു സംരംഭമായി വളര്‍ന്ന് My Fit Fashions എന്ന ബ്രാന്‍ഡിന് കല്യാണി രൂപം നല്കി.

ജീവിതം കല്യാണിക്ക് നല്കിയതെല്ലാം നഷ്ടങ്ങളായിരുന്നു, പിതാവിന്റെ മരണം, സാമ്പത്തിക തകര്‍ച്ച, ഓര്‍ഫണേജ് ജീവിതം, ബാല്യത്തിലേ കുടുംബത്തില്‍ നിന്ന് അടര്‍ത്തിമാറ്റപ്പെട്ട ജീവിതം. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം അവള് കരുത്താക്കി മാറ്റി. രാപ്പകലില്ലാതെ തുന്നിയ ഓരോ വസ്ത്രവും തന്റെ കുടുംബത്തിന്റെ ഭാവിക്കായുള്ള ഒരു കുട്ടിയുടെ നിശബ്ദ പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
തന്റെ 12-ാം വയസ്സിലാണ് സ്റ്റിച്ചിങ്ങില്‍ നിന്ന് കല്യാണിക്ക് ചെറിയ വരുമാനം ലഭിച്ചുതുടങ്ങിയത്. ഓര്‍ഫണേജില്‍ കുട്ടിക്കാലം ചിലവഴിക്കേണ്ടി വന്ന തന്റെ സഹോദരങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ഈ ചെറിയ പ്രായത്തില്‍ തന്നെ കല്യാണി ചുമലിലേറ്റി. സഹോദരങ്ങള്‍ക്കായി, അമ്മയ്ക്കായി അവള് രാപ്പകലില്ലാതെ പ്രയത്നിച്ച് പണം കണ്ടെത്തി. ഓര്‍ഫണേജില്‍ നിന്ന് ലഭിച്ച പഴയ തയ്യല്‍ മെഷീന് അവളുടെ ബാല്യത്തിലെ കളിപ്പാട്ടമല്ല, മറിച്ച് ജീവിതം തന്നെ മാറ്റിമറിച്ച ആദ്യ സംരംഭമായിരുന്നു. സ്കൂളിലെ കൂട്ടുകാരികള്‍ക്ക് പഴയ സാരികള്‍ ഉപയോഗിച്ച് തയ്ച്ച് കൊടുത്ത വസ്ത്രങ്ങളില്‍ നിന്നാണ് കല്യാണിയുടെ ആദ്യ വരുമാനം.

പതിനഞ്ചാം വയസ്സില്‍ അവള് സ്വന്തം ബ്രാന്‍ഡായ My Fit Fashions ന് അടിത്തറ പാകി. ഇന്‍സ്റ്റഗ്രാമില്‍ My Fit Fashions എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആ യാത്ര ഇന്ന് അനവധി ഉപഭോക്താക്കളുടെ വിശ്വാസമായി മാറി. വെഡ്ഡിംഗ് വര്‍ക്കുകളും, എന്‍ഗേജ്മെന്റ് വര്‍ക്കുകളും യൂണിഫോം ഓര്‍ഡറുകളും അവളുടെ ചെറിയ മുറിയെ ഒരു ഫാഷന്‍ സ്റ്റുഡിയോയാക്കി മാറ്റി. പണം ഇല്ലാത്തത് പല ഘട്ടത്തിലും പഠനത്തെ ഉള്‍പ്പടെ ബാധിച്ചെങ്കിലും അതിലൊന്നും തളരാതെ ഉറച്ച ധൈര്യത്തോടെ പ്രതിസന്ധികള്‍ക്കെതിരെ പോരാടിയാണ് My Fit Fashions എന്ന തന്റെ ക്ലോത്തിങ് ബ്രാന്‍ഡിനെ കല്യാണി വളര്‍ത്തിയെടുത്തത്.
കുട്ടിക്കാലം തന്നെ ഓര്‍ഫണേജിലെ ജോലികള്‍ ചെയ്തും അവിടുത്തെ പശുക്കളെയും മറ്റ് മൃഗങ്ങളെയും പരിപാലിച്ച് പോകുന്നതിനിടെ ഒരു കുട്ടിയുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെല്ലാം കല്യാണിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പക്ഷേ, ഡോക്ടറാകണമെന്ന സഹോദരന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ കല്യാണിയാണ് അവനെ നഴ്സിങ് കോളേജില്‍ പ്രവേശിപ്പിച്ചത്. സ്വന്തം വരുമാനത്തില്‍ നിന്നാണ് ഇന്നവള്‍ മൂന്ന് സഹോദരങ്ങള്‍ക്കും ഒരു ഭാവി കെട്ടിവച്ചത്. ഒരിക്കല്‍ പത്ത് രൂപ പോലും കയ്യിലില്ലാതിരുന്ന കാലത്ത് നിന്ന്, ഇന്ന് സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായി മാറാന്‍ ഈ 22-ാം വയസില്‍ കല്യാണിക്ക് സാധിച്ചു.

കല്യാണിയുടെ വിജയം ഒരു വസ്ത്ര ബ്രാന്‍ഡിന്റെ വളര്‍ച്ച മാത്രമല്ല, അത് ജീവിതത്തെ ചെറുക്കാന്‍ പഠിച്ച ഒരു കൊച്ചുകുട്ടിയുടെ ധൈര്യവും പ്രതീക്ഷകളും നിറഞ്ഞ ഒരു ജീവിതകഥകൂടിയാണ്.

ഇന്ന് My Fit Fashions നെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് കല്യാണി. അന്താരാഷ്ട്ര ഫാഷന്‍ റാംപുകളിലെ സൂപ്പര്‍ മോഡലുകള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക എന്നതാണ് കല്യാണിയുടെ വലിയ സ്വപ്നം. ലോകം ഉറ്റു നോക്കുന്ന വേദികളില്‍ തന്റെ ‘ക്രിയേറ്റിവിറ്റി’ അടയാളപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അവള് മുന്നേറുന്നത്.
ജീവിതം കഠിനമാണെന്ന് കരുതുന്നവര്‍ കല്യാണിയുടെ കഥ അറിയണം. ഒരു തയ്യല്‍ മെഷീനില്‍ നിന്ന് തുടങ്ങിയ അവളുടെ ബ്രാന്‍ഡിന്റെ യാത്ര, സ്വന്തം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്.




