Special StorySuccess Story

അനുഭവങ്ങള്‍ പാഠങ്ങളാക്കി സംരംഭക മേഖലയില്‍ മാതൃകയായി ഫാത്തിമ

ഒരുപാട് പ്രതീക്ഷകളോടെ സ്വപ്‌നങ്ങള്‍ കണ്ട് ജീവിതം അതിന്റെ ലക്ഷ്യബോധത്തില്‍ സന്തോഷത്തോടെ സഞ്ചരിക്കുമ്പോള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ വിധി വില്ലന്റെ വേഷം കെട്ടിയാടാറുണ്ട്. അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്. എന്നാല്‍ തോറ്റു കൊടുക്കുവാന്‍ തയ്യാറാകാത്ത ചില സംരംഭകരും നമുക്കിടയിലുണ്ട്.

ഒരു വീട്ടമ്മയില്‍ നിന്ന് ഫാത്തിമ എന്ന ആലുവ സ്വദേശിനിയെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു സംരംഭകയായി വളര്‍ന്നതിന് സഹായിച്ചത് കോവിഡ് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ആയിരുന്നു. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യോത്പന്നങ്ങള്‍ നല്‍കുന്നതോടനുബന്ധിച്ച് പത്രത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു പരസ്യമാണ് ഫാത്തിമ എന്ന വീട്ടമ്മയുടെ ജീവിതം മാറ്റിമറിച്ചത്.

കിറ്റിനാവശ്യമായ തുണിസഞ്ചി നിര്‍മിക്കാനുള്ള പരസ്യത്തിലെ സാധ്യത ഏറ്റെടുത്താണ് ഫാത്തിമ തന്റേതായ ഒരു സംരംഭം ആരംഭിക്കാന്‍ ശ്രമിച്ചത്. ഒരു ബിസിനസുകാരി എന്ന നിലയിലുള്ള ആദ്യ ചുവടുകളുമായി ഈ സംരംഭക മുന്നോട്ടുള്ള യാത്ര ആരംഭിച്ചപ്പോഴാണ് സര്‍ക്കാര്‍ തുണിസഞ്ചി നിര്‍മിക്കുന്ന ജോലി പൂര്‍ണമായും കുടുംബശ്രീക്ക് കീഴിലേക്ക് മാറ്റിയത്. അതോടെ ഖാദി ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് കോവിഡ് മാസ്‌ക്കുകള്‍ നിര്‍മിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകാന്‍ ഫാത്തിമ തീരുമാനിച്ചു. പതിയെ പി പി കിറ്റ് നിര്‍മാണത്തിലേക്കും കടന്ന ഈ സംരംഭക പ്രകൃതിയെ സംരക്ഷിക്കുക എന്ന ചിന്തയില്‍ ജൂട്ട് ബാഗുകള്‍ നിര്‍മിച്ച് ബിസിനസിന്റെ മറ്റൊരു തലത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയായിരുന്നു. അതിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് ഫാത്തിമയും ഭര്‍ത്താവും നടത്തിയ യാത്ര ഈ സംരംഭകയുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ അപകടത്തില്‍ കാര്യമായി പരിക്കേറ്റ ഫാത്തിമയ്ക്കും ഭര്‍ത്താവിനും പിന്നീടുള്ള ഒരു വര്‍ഷക്കാലം ചികിത്സയുടേതായിരുന്നു. നടക്കാന്‍ പോലും സാധിക്കാതെ കിടപ്പിലായപ്പോഴും ബിസിനസിനോടുള്ള ഇഷ്ടത്തിന് പൊടിപിടിക്കാന്‍ ഫാത്തിമ അനുവദിച്ചില്ല.

ചുവടുകള്‍ വയ്ക്കാന്‍ കാലുകള്‍ പ്രാപ്തമായപ്പോള്‍ തന്നെ വീണ്ടും സംരംഭക മേഖലയിലേക്ക് ഇറങ്ങിയ ഫാത്തിമ ‘നബ്‌നൂസ് ക്രിയേഷന്‍സ്’ എന്ന പേരില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോക്ക് വ്യവസായ വകുപ്പിന് കീഴില്‍ ജൂട്ട് ബാഗുകള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. പ്രിന്റഡ് ബാഗുകള്‍ ഇന്നൊരു തരംഗമായി തന്നെ സമൂഹത്തില്‍ മാറിയിരിക്കുന്നുവെന്നാണ് ഫാത്തിമ പറയുന്നത്. അതുകൊണ്ടുതന്നെ പല സംഘടനകള്‍ക്കും അസോസിയേഷനുകള്‍ക്കും എന്തിനേറെ പറയുന്നു എന്ത് പരിപാടികള്‍ക്കും ആവശ്യമായ ജൂട്ടില്‍ തീര്‍ത്ത ഗിഫ്റ്റ് ബാഗുകള്‍ നിര്‍മിക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ലാഭമുള്ള ഒരു ബിസിനസ് എന്ന നിലയില്‍ ജൂട്ട് ബാഗുകളുടെ നിര്‍മാണം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂട്ട് ബാഗ് നിര്‍മാണത്തെ കുറിച്ചുള്ള ക്ലാസുകള്‍ക്കും നബ്‌നൂസ് ക്രിയേഷന്‍സിന്റെ കീഴില്‍ ഫാത്തിമ മേല്‍നോട്ടം നല്‍കിവരുന്നു. തന്നിലെ സംരംഭകയ്ക്ക് കരുത്ത് പകരുവാനും മുന്നോട്ടുള്ള യാത്രയില്‍ ഊര്‍ജം നേടാനും ഫാത്തിമയ്ക്ക് കഴിയുന്നത് ഭര്‍ത്താവ് ഹാഷിമും മക്കള്‍ നൂര്‍ജഹാനും നബ്ഹാനും ഫാത്തിമയുടെ സഹോദരന്‍ ഫഹദും നല്‍കുന്ന പിന്തുണയും ഉള്ളതിനാലാണ്. പീപ്പിള്‍ ഫൗണ്ടേഷന് കീഴില്‍ ബിസിനിനെപ്പറ്റിയുള്ള ആദ്യ പാഠങ്ങള്‍ പഠിച്ച ഫാത്തിമ അവരുടെ തന്നെ പല പരിപാടികളിലും ഇന്ന് റോള്‍ മോഡലായി പങ്കെടുക്കാറുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Nabnnoose Creations
Soorya Nagar, Kuttamasserry, Aluva
Mob: 8281828288, 9544081276

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button