EntreprenuershipSuccess Story

ഡബ്ബിംഗ് ലോകത്ത് 23 വര്‍ഷം; അന്ന മരിയയുടെ ‘അഭിമാന യാത്ര’

മൂന്നര വയസ്സില്‍ തന്നെ ശബ്ദലോകത്തേക്ക് കാലെടുത്ത് വെച്ച ഒരു പെണ്‍കുട്ടി… ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ, പ്രശസ്തയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാള്‍… 26കാരിയായ അന്ന മരിയ, തന്റെ 23 വര്‍ഷത്തെ ഡബ്ബിങ് യാത്രയില്‍ 200ലധികം സീരിയലുകള്‍ക്കും നിരവധി സിനിമകള്‍ക്കും ശബ്ദം നല്‍കി, മലയാള ടെലിവിഷന്‍ ലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

അന്നയുടെ അമ്മ ജീമോള്‍ പയ്യപ്പിള്ളി, കഴിവും സമര്‍പ്പണവും കൊണ്ട് ശ്രദ്ധേയയായ സൗണ്ട് എഞ്ചിനീയറാണ്. അമ്മയുടെ പ്രചോദനത്തിലാണ് അന്ന തന്റെ ശബ്ദയാത്ര ആരംഭിച്ചത്. സ്റ്റുഡിയോ മാനേജറായി കരിയര്‍ ആരംഭിച്ച ജീമോള്‍, പിന്നീട് സൗണ്ട് എഞ്ചിനീയറിങ് പഠിച്ച് ടെലിവിഷന്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു.

ശബ്ദലോകത്തേക്ക് ജീമോളെ കൈപിടിച്ചുയര്‍ത്തിയത് മുന്‍ മുഖ്യമന്ത്രി കെ. കരുണാകാരന്റെ മകള്‍ പത്മജ വേണുഗോപാലും മല്ലിക ശ്രീകുമാറുമാണ്. പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കി. 2001ല്‍ അലി അക്ബറിന്റെ ശിക്ഷണത്തില്‍ എഡിറ്റിങ് പഠിക്കാന്‍ എത്തിയതായിരുന്നു ജീമോളുടെ ജീവിതത്തിലെ വലിയ വഴിത്തിരിവ്. സ്റ്റുഡിയോയിലെ ഓഡിയോ ജോലികള്‍ കണ്ടപ്പോള്‍ സൗണ്ട് പഠിക്കണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് സ്വന്തം കഴിവുകൊണ്ട് ടെലിവിഷന്‍ രംഗത്ത് ശക്തമായ സ്ത്രീസാന്നിധ്യമായി മാറി.

അന്ന മരിയക്ക് വെറും ഒന്നര വയസുള്ളപ്പോള്‍ തന്നെ ജീമോള്‍ ശബ്ദലോകത്തേക്ക് പ്രവേശിച്ചു. അന്ന് പലര്‍ക്കും പരിചിതമല്ലാത്ത ഈ മേഖലയില്‍, ആത്മസമര്‍പ്പണവും കഠിനാധ്വാനവും കൊണ്ടാണ് അവര്‍ അപൂര്‍വമായൊരു സാന്നിധ്യമായി മാറിയത്. നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ച ജീമോള്‍ക്ക് 2018ല്‍ ഏഷ്യാനെറ്റിന്റെ മികച്ച ഓഡിയോഗ്രാഫര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

എല്‍കെജിയില്‍ പഠിക്കവേ നടി ലളിതശ്രീ വഴി ഒരു പരസ്യത്തിന് ശബ്ദം നല്‍കിയാണ് അന്ന മരിയ അരങ്ങേറ്റം കുറിച്ചത്. ലളിതശ്രീ നല്‍കിയ 101 രൂപയും ആശീര്‍വാദവും അന്നയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. കഥാകൃത്ത് ജോയ്‌സിയുടെ ഭ്രമണം സീരിയലിലെ ‘നീത’ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അന്നയുടെ കരിയറിലെ വലിയൊരു ബ്രേക്ക് ആയിരുന്നു. കണ്ണന്റെ രാധയിലെ ‘രുക്മിണി’, ഗൗരിശങ്കരത്തിലെ ‘കൃഷ്ണവേണി’, മഴ തോരും മുമ്പേയിലെ ‘അലീന’ തുടങ്ങി അനവധി കഥാപാത്രങ്ങള്‍ അന്നയുടെ ശബ്ദത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ജീവിച്ചു.

സിനിമയിലും അന്നയ്ക്ക് സ്വപ്‌ന തുല്യമായ വലിയൊരു അവസരം ലഭിച്ചു. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തില്‍ ‘ഇസ’ എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കിയത് അന്ന ആയിരുന്നു. ശബ്ദം ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ തനിക്ക് ‘ഷേക്ക് ഹാന്‍ഡ്’ നല്‍കി നന്ദി പറഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡിന് തുല്യമാണെന്ന് അന്ന പറയുന്നു.

ഇന്ന്, മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ അന്ന മരിയയുടെ ശബ്ദം നിറഞ്ഞുനില്‍ക്കുകയാണ്:

  • ഏഷ്യാനെറ്റ് : മഴ തോരും മുമ്പേ (അലീന – നായിക),
  • സ്‌നേഹകൂട്ട് (റിതിക)
  • മഴവില്‍ മനോരമ : അർച്ചനച്ചേച്ചി എൽ എൽ ബി (രുക്മിണി)
  • സൂര്യ ടിവി : ഹൃദയം (അക്ഷര -നായിക)
  • ചട്ടമ്പിപാറു (മുക്ത)
  • കോണ്‍സ്റ്റബിള്‍ മഞ്ജു (ശാലിനി)
  • സ്വയംവരപന്തല്‍ (മിത്ര)
  • സീ കേരളം : സ്‌നേഹപൂര്‍വ്വം ശ്യാമ (കല്പന)
  • മാംഗല്യം (അനഘ)

BA ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ അന്ന ജേണലിസത്തില്‍ പിജി സ്വന്തമാക്കി. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്നും MBA പൂര്‍ത്തിയാക്കിയ അന്ന ദേശീയ റാങ്ക് ഹോള്‍ഡറാണ്. പഠനത്തിലും കരിയറിലും തിളങ്ങിയ അന്ന സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബ്രാന്‍ഡ് പ്രൊമോഷനുകളും അന്ന ചെയ്യാറുണ്ട്.

ഒരു കുഞ്ഞിന്റെ ചെറുശബ്ദമായി തുടങ്ങിയ യാത്ര, ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ശബ്ദമായി വളര്‍ന്നു. അമ്മയുടെ പ്രചോദനവും സ്വന്തം കഴിവും ചേര്‍ന്ന് അന്ന തന്നെ ഡബ്ബിങ് ലോകത്ത് അടയാളപ്പെടുത്തി കഴിഞ്ഞു.

Instagram: @iam.anna.mariya

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button