EntreprenuershipSuccess Story

‘സന്തോഷം’ പാകം ചെയ്ത് Bake @ Home ഉം അഞ്ജുവും

പാചകം ഇഷ്ടമല്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ പാചക കല പലപ്പോഴും കുടുംബത്തിനും ചുരുക്കം ബന്ധുക്കള്‍ക്കിടയിലും മാത്രം ഒതുങ്ങിപോയവരാവും ഇവരില്‍ ഭൂരിഭാഗവും. പ്രിയപ്പെട്ടവരില്‍ നിന്ന് നല്ല വാക്കുകളും മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ടെങ്കിലും, തന്റെ പാചകത്തെ വിപണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിലാണ് പല സ്ത്രീകളും തോറ്റുപോവാറുള്ളത്. എന്നാല്‍ കൊവിഡ് ഭീതിയെല്ലാം ഒഴിഞ്ഞശേഷം ഇത്തരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബേക്കിങ്ങിലേക്ക് കടന്നുവന്ന് ഒത്തിരി ആരാധകരെ സൃഷ്ടിച്ചവരാണ് Bake @ Home ഉം അണിയറ ശില്‍പിയായ അഞ്ജു ടിജോയും. കൊവിഡാനന്തരം വിപുലമാക്കിയ സംരംഭമാവട്ടെ നിലവില്‍ വലിയ വിജയവും.

ചെറുപ്പം മുതല്‍ തന്നെ പാചകത്തില്‍ പുത്തന്‍ കണ്ടെത്തലുകള്‍ നടത്തുന്നതില്‍ അഞ്ജുവിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. വിവാഹശേഷം പാചകത്തിനൊപ്പം ആര്‍ട്ടുകള്‍, എംബ്രോയിഡറി എന്നിവയിലും ഒരു കൈ പയറ്റി നോക്കി. പ്ലസ് വണ്ണിലും നാലാം ക്ലാസിലും പഠിക്കുന്ന മക്കള്‍ സ്‌കൂളിലേക്ക് തിരിച്ചാല്‍ സാധാരണമായി ഒരു വീട്ടമ്മയ്ക്ക് ലഭിക്കുന്ന സമയത്ത് തന്നെയായിരുന്നു അഞ്ജുവിന്റെ പാചക പരീക്ഷണങ്ങളത്രയും. ഇതിന് സഹായമായി ഭര്‍തൃമാതാവും ഒപ്പം കൂടും.

അങ്ങനെയിരിക്കെയാണ് രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതും ലോക്ക് ഡൗണിലേക്ക് നീങ്ങുന്നതും. ഈ സമയത്താണ് ഓണ്‍ലൈന്‍ സഹായത്തോടെ അഞ്ജു കേക്ക് നിര്‍മാണത്തെക്കുറിച്ച് ശ്രദ്ധിച്ചും പഠിച്ചും തുടങ്ങുന്നത്. പ്രാരംഭഘട്ടമായി മക്കളുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയുമെല്ലാം ജന്മദിനങ്ങളില്‍ കേക്ക് ഉണ്ടാക്കി നല്‍കിയത് വഴി നല്ല അഭിപ്രായങ്ങള്‍ ലഭിച്ചതോടെയാണ്, കേക്ക് നിര്‍മാണം വിപുലമായ രീതിയില്‍ ആരംഭിക്കുന്നതിനെ കുറിച്ച് അഞ്ജു ആലോചിച്ച് തുടങ്ങുന്നത്. മെര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായ ഭര്‍ത്താവ് ടിജോ പൂര്‍ണ പിന്തുണയും ആത്മവിശ്വാസവും നല്‍കി ഒപ്പം കൂടിയതോടെ വീട്ടില്‍ ഒരു പ്രത്യേക ബേക്കിങ് ഏരിയ തന്നെ ഒരുങ്ങി.

ഏതാണ്ട് ആദ്യ ആറുമാസം പലതരം കേക്കുകള്‍ നിര്‍മിച്ച് പണി പഠിച്ചശേഷം കൊവിഡിന്റെ ഭീതിയെല്ലാം പൂര്‍ണമായും കെട്ടടങ്ങിയതിന് പിന്നാലെയാണ് അഞ്ജു കേക്കുകളുടെ വില്‍പനയിലേക്ക് കടക്കുന്നത്. ഇതിനിടെ വിവിധതരം കേക്കുകള്‍, ബ്രൗണികള്‍, ഡെസ്സേര്‍ട്ടുകള്‍ എല്ലാം പരീക്ഷിച്ചു നോക്കി. തുടര്‍ന്ന് നേരെ ആവശ്യക്കാര്‍ക്കുള്ള വിതരണത്തിലേക്കും കടന്നു. ഒരിക്കല്‍ കഴിച്ചവര്‍ മറ്റുള്ളവരോട് അനുഭവം പങ്കുവച്ചും അതുവഴി വാട്‌സാപ്പില്‍ ഓര്‍ഡര്‍ വന്നും തന്നെയായിരുന്നു വില്പനകള്‍ കൂടുതലായും നടന്നത്. ഇതിനൊപ്പം കേക്കുകളെ കുറിച്ച് പരിചയപ്പെടുത്താന്‍ ആരംഭിച്ച ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയും ഓര്‍ഡറുകളെത്തി.

അഞ്ജുവിന്റെ ഹോം മേഡ് കേക്കുകള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചത് 2021 ലെ ക്രിസ്തുമസ് കാലമാണ്. അഞ്ജുവിന്റെ പ്ലം കേക്കുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരെത്തിയതും ഈ സമയത്താണ്. ഇതോടെ ചെറിയൊരു സൗഹൃദ വലയത്തിനുള്ളില്‍ മാത്രം ഒതുങ്ങിയ വില്പന വലിയ രീതിയില്‍ മാറി. മാത്രമല്ല, തൃപ്പൂണിത്തുറ വരെ എറണാകുളം നഗരത്തിന്റെ ഏത് കോണിലേക്കും ആവശ്യക്കാരന് ഇഷ്ടമുള്ള കേക്ക് നിര്‍മിച്ച് എത്തിച്ചുകൊടുക്കുന്ന ഡെലിവറി സര്‍വീസുകളും ഇവര്‍ ആരംഭിച്ചു. എത്ര ദൂരത്തേക്ക് വേണമെങ്കിലും എത്തിച്ചുനല്‍കാന്‍ സൗകര്യം ഉണ്ടായിരുന്നുവെങ്കിലും ദൂരം കൂടുംതോറും ഡിസൈനര്‍ കേക്കുകള്‍ എത്തിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് അഞ്ജു വിതരണത്തിന് ഈ പരിധി നിര്‍ണയിക്കുന്നതും.

കേക്ക് നിര്‍മാണം സന്തോഷം നല്‍കുന്നതും മറ്റൊരാളുടെ സന്തോഷത്തില്‍ നേരിട്ടല്ലെങ്കില്‍ പോലും താനും പങ്കുചേരുന്നതിന് തുല്യമാണെന്നുമെല്ലാം അഞ്ജുവിന് നല്ല ബോധ്യമുണ്ട്. എന്നാല്‍ ഒരു ഭക്ഷണ പദാര്‍ത്ഥമായതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയും കരുതലോടെയും ചെയ്യേണ്ട ഒന്നാണെന്നും ഇവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ‘ക്വാളിറ്റി’യില്‍ വിട്ടുവീഴ്ചയ്ക്ക് അഞ്ജു ശ്രമിക്കാറില്ല. ഈ ഗുണനിലവാരം കൊണ്ടുതന്നെ മോശം അഭിപ്രായം പങ്കുവച്ച ഒരു കസ്റ്റമര്‍ പോലും ഇതുവരെ ഇവര്‍ക്കുണ്ടായിട്ടുമില്ല.

ഡെലിവറി കാര്യത്തില്‍ കൃത്യനിഷ്ഠയും അപാകതകളില്ലാതെ ഓര്‍ഡറുകള്‍ എത്തിച്ചുനല്‍കുന്നതും ഇവരെ കൂടുതല്‍ ആളുകളിലേക്ക് പരിചയപ്പെടുത്തി. ബര്‍ത്ത്‌ഡേ കേക്കുകള്‍ കൂടാതെ ആദ്യ ജന്മദിനം, വിവാഹം, റെസെപ്ഷനുകള്‍, മാമോദിസ, തിരുവത്താഴം തുടങ്ങി എല്ലാ പരിപാടികള്‍ക്കും അഞ്ജുവിന്റെ Bake @ Home സജീവമാണ്. ഇത്തരം ചടങ്ങുകള്‍ക്ക് ഇവര്‍ നേരിട്ടത്തി ടേബിള്‍ സെറ്റ് ചെയ്ത് നല്‍കാറുമുണ്ട്. ഇതില്‍ തന്നെ പലരും അവര്‍ക്ക് അനുയോജ്യമായ രീതിയിലാവും കേക്ക് നിര്‍മിച്ച് നല്‍കാന്‍ ആവശ്യപ്പെടാറുള്ളത്. ഇതെല്ലാം പരിഗണിച്ചു തന്നെയാണ് അഞ്ജുവിന്റെ കേക്ക് നിര്‍മാണം.

ലഭ്യമാക്കുന്ന കേക്കുകള്‍ക്ക് ഇവരുടേതായി ഒരു വിലവിവര പട്ടികയുമുണ്ട്. എന്നാല്‍ കൂടുതല്‍പേരെ ആകര്‍ഷിക്കുന്നതിനായി വളരെ കുറഞ്ഞ വിലയില്‍ കേക്കുകള്‍ ലഭ്യമാക്കി ‘ക്വാളിറ്റി’യില്‍ വിട്ടുവീഴ്ചയ്ക്ക് ഇവര്‍ ശ്രമിക്കാറുമില്ല. കാരണം ഭക്ഷണപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ ജനങ്ങള്‍ അത്രയേറെ ശ്രദ്ധാലുക്കളാണെന്നും മികച്ചത് ലഭിക്കാനാണ് അവര്‍ തങ്ങളുടെ ഹോം മേഡ് കേക്കുകളെ സമീപിക്കുന്നതെന്നും ഇവര്‍ക്ക് ഉത്തമബോധ്യവുമുണ്ട്. അതുകൊണ്ടുതന്നെ മികച്ച ക്വാളിറ്റിയില്‍ അമിതലാഭം ഈടാക്കാതെ സുന്ദരമായ കേക്കുകള്‍ ലഭ്യമാക്കിയാല്‍ ആവശ്യക്കാര്‍ തങ്ങളെ തേടിയെത്തും എന്ന ഉറപ്പും ഇവര്‍ക്കുണ്ട്.

യുട്യൂബ് പോലുള്ള ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് അഞ്ജു കേക്ക് നിര്‍മാണത്തിലേക്ക് കടക്കുന്നതെങ്കിലും, ഒരിക്കല്‍പോലും ഇവര്‍ പൂര്‍ണമായുള്ള അനുകരണത്തിലേക്ക് നീങ്ങിയിട്ടില്ല. പലതും കണ്ടും പഠിച്ചും പൂര്‍ണമായും തന്റെ രീതിയിലുള്ള ബേക്കിങ്ങിലൂടെ തന്നെയാണ് ഇവര്‍ മുന്നോട്ടുപോവുന്നത്. അതിനാല്‍ തന്നെ സ്വന്തമായി അനേകം റെസിപ്പികളും ഇവരുടേതായുണ്ട്. ഒപ്പം ഇതിന്റേതായുള്ള കോഴ്‌സുകളും അഞ്ജു പരിശീലിക്കുന്നുണ്ട്. എന്നാല്‍ അഞ്ജു സ്വയം കേക്ക് നിര്‍മാണത്തില്‍ തളച്ചിടപ്പെട്ടിട്ടുമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്‌നാക്‌സുകള്‍ ഉണ്ടാക്കുന്നതിലും അഞ്ജു സമയം കണ്ടെത്താറുണ്ട്.

അതേസമയം, അഞ്ജുവിനും Bake @ Home നും മുന്നില്‍ സ്വപ്‌നങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. എല്ലാത്തരം കേക്കുകളും ലഘുഭക്ഷണങ്ങളും വിപുലമായ രീതിയില്‍ നിര്‍മിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഒരു ബേക്കര്‍ ആവണം എന്നത് തന്നെയാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളത്. ഒപ്പം കുട്ടികളുടെതായുള്ള പരിപാടികളില്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്നതും ആരോഗ്യപരമായതുമായ സ്‌നാക്‌സ് കോര്‍ണറുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചും ഇവരുടെ ആലോചനയിലുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ട് കൊണ്ടുതന്നെ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വിശാലമായൊരു ബേക്കിങ് ഏരിയയും ഒരുങ്ങുകയാണ്. പിന്തുണയുമായി ഭര്‍ത്താവും കുടുംബവും ഒപ്പമുള്ളത് കൊണ്ടുതന്നെ ഇതെല്ലാം സാധ്യമാക്കാനാവും എന്ന വിശ്വാസവും അഞ്ജുവിനുണ്ട്.

അതിയായ ആഗ്രഹമുണ്ടെങ്കില്‍ അമിതമായ മുതല്‍മുടക്കില്ലാത്ത ആരംഭിക്കാവുന്ന സംരംഭമാണ് കേക്ക് നിര്‍മാണവും ബേക്കിങ്ങും എന്നതാണ് അഞ്ജുവിന്റെ പക്ഷം. എന്നാല്‍ ആ ആഗ്രഹവും ആവേശവും എപ്പോഴും കൂടെയുണ്ടാവുകയും വേണം. കാരണം ഡിസൈനര്‍ കേക്കുകളുടെ നിര്‍മാണത്തിന് മണിക്കൂറുകള്‍ ആവശ്യമായുണ്ട്. കൂടാതെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും തുടങ്ങി ആവശ്യക്കാരന്‍ അത് കഴിച്ച് നല്ല വാക്ക് പറയുന്നത് വരെ നീളുന്ന മാനസിക സംഘര്‍ഷങ്ങളെയും ഒപ്പം കൂട്ടേണ്ടതുണ്ട്. എല്ലാത്തിലുമുപരി മുന്നിലുള്ളത് ഒരു ഭക്ഷണപദാര്‍ത്ഥം മാത്രമല്ലെന്നും, മറ്റൊരാള്‍ക്ക് സന്തോഷം നല്‍കുന്നതാവണമെന്നുള്ള ബോധ്യത്തോടെ ഓരോന്നിനെയും മികച്ചതാക്കണമെന്നുമാണ് ഈ സംരംഭത്തിലേക്ക് കടന്നുവരുന്നവരോട് അഞ്ജുവിന് പറയാനുള്ളതും.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button