EntreprenuershipSpecial Story

ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായി അജിത പിള്ള

”പൂക്കളോട് എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു”, ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ കരുത്ത് തെളിയിച്ച സ്ത്രീ സംരംഭക അജിത പിള്ള മനസുതുറക്കുന്നു…
സ്ത്രീകള്‍ പൊതുവേ കടന്നു വരാന്‍ മടിക്കുന്ന ഒരു മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ്. ഏത് പ്രശ്‌നത്തെയും വളരെ ഉചിതമായ തീരുമാനങ്ങളോടെ നേരിടാന്‍ കഴിയുക എന്നതാണ് ഈ മേഖലയില്‍ വിജയിക്കാന്‍ വേണ്ടത്. അര്‍പ്പണബോധവും പരിശ്രമവും ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു ബിസിനസിലും ശോഭിക്കാന്‍ സാധിക്കൂ. അത്തരത്തില്‍ തന്റെ അഭിരുചി കൊണ്ടും കഴിവുകൊണ്ടും ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ തിളങ്ങിയ വ്യക്തിയാണ് അജിത പിള്ള. ദേവി പിള്ളയാണ് മകള്‍.

കഴിഞ്ഞ 20 വര്‍ഷമായി ഈ മേഖലയില്‍ വിജയകരമായി തുടരുകയാണ് അജിത. കൂടാതെ, എല്‍ എല്‍ ബി ബിരുദധാരി കൂടിയാണ് അവര്‍. നിയമ മേഖലയില്‍ നിന്നുമാണ് പിന്നീട് ഇവന്റ് മാനേജ്‌മെന്റ് മേഖലയിലേക്ക് മാറിയത്. പൂക്കളോടുള്ള തന്റെ ഇഷ്ടം തന്നെയാണ് ഈ മേഖലയിലേക്ക് മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അജിത പറയുന്നു.
ഇതൊരു ബിസിനസ് അല്ല, മറിച്ച് തന്റെ പാഷനാണെന്ന് അജിത സമ്മതിക്കുന്നു. ഒരിക്കല്‍ ഒരു ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് അവര്‍ കാണാനിടയായി. അതിനോട് ഒരു ഇഷ്ടം തോന്നിയാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. ഇന്ന് കേരളത്തിലുടനീളം വലിയ ഇവന്റുകളും ചെറിയ ഇവന്റുകളും ചെയ്യുന്നു.

DEVI FLOWER WORLD, ACE OASIS, DEVI EVENTS, INNARA EVENTS തുടങ്ങിയവയുടെ നെടുംതൂണായി അജിത ഇന്ന് മാറിയിരിക്കുന്നു. ഇതില്‍ ACE OASIS ഒരു മെറ്റീരിയല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കമ്പനിയുടെ കീഴില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അജിതയുടെ ബിസിനസ് ലോകമാണ് ഇവയെല്ലാം.
അജിത തനിച്ചാണ് ഇപ്പോള്‍ ഈ ബിസിനസ് സാമ്രാജ്യത്തിന് നേതൃത്വം നല്‍കുന്നത്. മകള്‍ ദേവിയും ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ സജീവമാണ്. INNARA EVENTS എന്ന സംരംഭം മകള്‍ ദേവിയുടെതാണ്. എല്ലാ കമ്പനികളും പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്.

തിരുവനന്തപുരം പാളയത്ത് പൂക്കള്‍ക്കു വേണ്ടിയുള്ള ഒരു ഹോള്‍സെയില്‍ കടയും അജിതയ്ക്ക് സ്വന്തമായി ഉണ്ട്. തിരുവനന്തപുരത്തുള്ള പല പ്രമുഖ ഹോട്ടലുകളിലും ഓഫീസുകളിലും ഇന്ന് അജിതയുടെ സ്ഥാപനത്തില്‍ നിന്നുള്ള ബൊക്കെകളും ഫ്‌ളവര്‍ അറേഞ്ച്‌മെന്റുകളുമാണ് താരമാകുന്നത്. താജ്, ഹില്‍ട്ടണ്‍ മുതലായ വമ്പന്‍ ഹോട്ടലുകള്‍ വരെ അതില്‍പെടുന്നു.

ഏതൊരു മേഖലയും കൂടെ പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍ണ പിന്തുണയുമായാണ് മുന്നോട്ടു കുതിക്കുന്നത്. അത്തരത്തില്‍ നിരവധിയാളുകള്‍ അജിതയെ പിന്തുണ നല്കുന്നു. സ്ഥിരം സ്റ്റാഫായി ആറു പേരാണ് കൂടെയുള്ളത്. ഇവന്റുകള്‍ സംഘടിപ്പിക്കുമ്പോള്‍, നിരവധി പേര്‍ കൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കും. തന്റെ ഇവന്റ് മാനേജ്‌മെന്റ് മേഖലകള്‍ ഭാവിയില്‍ കുറച്ചുകൂടി വിപുലമായ രീതിയിലേക്ക് മാറ്റണമെന്നും കൂടുതല്‍ ആളുകള്‍ക്ക് ജോലി കൊടുക്കണമെന്നുമാണ് അജിത പിള്ള ആഗ്രഹിക്കുന്നത്.

അജിതയ്ക്ക് ഈ മേഖലയില്‍ നിരവധി കോമ്പറ്റീറ്റേഴ്‌സ് ഉണ്ട്. മത്സരങ്ങള്‍ അതിജീവിക്കാന്‍ നിരന്തരമായ അന്വേഷണങ്ങളും അപ്‌ഡേഷനുകളും ആവശ്യമാണ്. ഓരോ വര്‍ക്കിന്റെയും ഗുണനിലവാരമാണ് പ്രധാനമെന്ന് അജിത പറയുന്നു. നാം ചെയ്യുന്ന ഓരോ വര്‍ക്കും വളരെ മനോഹരമായി, കസ്റ്റമേഴ്‌സിന്റെ ആവശ്യത്തിനനുസരിച്ചാണെങ്കില്‍, കൂടുതല്‍ വര്‍ക്കുകള്‍ വീണ്ടും നമ്മളെ തേടി വരും. അത്തരത്തില്‍, ആളുകള്‍ പറഞ്ഞറിഞ്ഞു മാത്രമാണ് താന്‍ ഇന്ന് ഇത്രയധികം വളര്‍ന്നതെന്ന് അജിത പറയുന്നു.

ഒരു സ്ഥലത്ത് വെഡിങ് അറേഞ്ച്‌മെന്റുകള്‍ ചെയ്താല്‍ അവരോട് ചോദിച്ചറിഞ്ഞാണ് പലരും തന്നെ തേടി എത്താറുള്ളത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ മാധ്യമങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും അതില്‍ ഒന്നിലും തന്നെ, തന്റെ ബിസിനസ് മേഖലകളെ കുറിച്ച് ‘പ്രമോഷന്‍’ നടത്തേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. ഇത് തന്നെയാണ് ഒരു ബിസിനസുകാരി എന്ന നിലയില്‍ തന്റെ വിജയമായി അജിത കണക്കാക്കുന്നത്. തനിക്ക് ഏറ്റവും വലിയ പിന്തുണയുമായി തന്റെ കൂടെയുള്ളത് തന്റെ കുടുംബമാണെന്നും അജിത പറയുന്നു.

തന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയാണ് അന്തരിച്ച മുന്‍ മന്ത്രി ടി എം ജേക്കബിന്റെ ഭാര്യ ആനി ജേക്കബെന്ന് അജിത വെളിപ്പെടുത്തുന്നു. ബിസിനസ് തുടങ്ങുന്ന കാലത്ത് ഫെഡറല്‍ ബാങ്ക് ജീവനക്കാരി ആയിരുന്നു ആനി ജേക്കബ്. അവരുടെ ബാങ്കില്‍, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് വയ്ക്കുന്നതിന് അനുവാദം ചോദിച്ചപ്പോള്‍, തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും ഫ്‌ളവര്‍ അറേഞ്ച്‌മെന്റുകള്‍ വയ്ക്കാനുള്ള സൗകര്യം നല്‍കി. അങ്ങനെ തിരുവനന്തപുരം ജില്ലയിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ഫ്‌ളവര്‍ അറേഞ്ച് മെന്റ് വച്ചാണ് അജിത തന്റെ ബിസിനസ് ജീവിതം തുടങ്ങുന്നത്.

ഇത്രയധികം കസ്റ്റമേഴ്‌സ് അജിതയുടെ വെഡിങ് കമ്പനിയെ തെരഞ്ഞെടുക്കാനുള്ള കാരണം ഓരോ ഇവന്റുകള്‍ നടക്കുന്ന സ്ഥലത്തും നേരിട്ട് എത്തി, അവിടെയുള്ള എല്ലാ കാര്യങ്ങളും, പ്രോഗ്രാമുകളും വിലയിരുത്തി, വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന അജിതയുടെ ആത്മാര്‍ത്ഥമായ സമീപനമാണ്. അമ്മയാണ് എക്കാലത്തെയും റോള്‍ മോഡല്‍.
ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ സ്ത്രീകള്‍ പൊതുവേ കുറവാണ്. അതുകൊണ്ടുതന്നെ സ്ത്രീകളോട് അജിതയ്ക്ക് ചിലത് പറയാനുണ്ട്.

”സ്ത്രീകള്‍ക്ക് കടന്നുവരാന്‍ പറ്റിയ മേഖലയാണ് ഇവന്റെ മാനേജ്‌മെന്റ്. കാരണം പുരുഷന്മാരെ അപേക്ഷിച്ച് മള്‍ട്ടി ടാസ്‌കിങ് എബിലിറ്റി കൂടുതല്‍ സ്ത്രീകള്‍ക്കാണ്. ഈ മേഖലയില്‍ നിലനില്‍ക്കണമെങ്കില്‍ കൃത്യമായ അപ്‌ഡേഷനുകളും അന്വേഷണത്വരയും ആവശ്യമാണ്. ആത്മാര്‍ത്ഥയും പുതിയ കോണ്‍ട്രിബ്യുഷനുകളും കൊണ്ടുവരണം എന്ന് മാത്രം..!”

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button