ഡാന്‍സിനോടുള്ള പാഷന്‍, ഫോട്ടോഗ്രഫിയില്‍ വേറിട്ടൊരു വഴി തീര്‍ത്ത് ശ്രീനാഥ് നാരായണന്‍

സ്‌റ്റേജിലെ ഓരോ ചലനത്തിലെയും ഭാവങ്ങളെ ക്യാമറയില്‍ പകര്‍ത്തുകയും അതിലുപരി പാഷനോടൊപ്പം തന്റെ സ്വപ്‌നത്തെ സ്വന്തമാക്കുകയും ചെയ്ത ഒരു കലാകാരനുണ്ട് നമ്മുടെ കേരളത്തില്‍. അതാണ് കോട്ടയം പാല സ്വദേശിയായ ശ്രീനാഥ് നാരായണന്‍…!

കുട്ടിക്കാലം മുതല്‍ കഥകളിയോടും വിവിധ നൃത്തരൂപങ്ങളോടും പ്രത്യേക അഭിനിവേശം പുലര്‍ത്തിയിരുന്ന ശ്രീനാഥ് ഇന്ന് ഡാന്‍സിനും കലാരൂപങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഫോട്ടോഗ്രഫി ചെയ്യുന്ന പ്രൊഫഷണലാണ്. അതിലേറെ കുട്ടിക്കാലം മുതല്‍ മനസില്‍ സൂക്ഷിച്ചിരുന്ന കഥകളി എന്ന കേരളീയ കലാരൂപത്തെ ഇന്ന് മനോഹരമായി വേദിയില്‍ എത്തിക്കുന്ന കലാകാരന്മാരില്‍ ഒരാള്‍ കൂടിയാണ് ഈ ചെറുപ്പക്കാരന്‍.

കലാകാരന്മാരുടെ മുഖത്ത് മാറിമാറിയെത്തുന്ന സന്തോഷവും സങ്കടവും ആവേശവും ഉള്‍പ്പെടെയുള്ള ഭാവങ്ങളെ അതേ വൈകാരികതയോടെ ചിത്രങ്ങളിലേക്ക് പകര്‍ത്തിയായിരുന്നു ശ്രീനാഥിന്റെ ഫോട്ടോഗ്രഫി ജീവിതം ആരംഭിക്കുന്നത്. ഐടി ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുമ്പോള്‍ നൃത്തവും കലാരൂപങ്ങളും വീക്ഷിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടവിനോദം. എന്നാല്‍ അതിനിടയില്‍ നേരം പോക്കിന് പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. കലാകാരന്റെ ചലനങ്ങള്‍ മാത്രമല്ല, അതിന് പിന്നിലെ വികാരവും പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നതാണ് ശ്രീനാഥിനെ ഈ മേഖലയില്‍ വിജയത്തിലേക്കെത്തിച്ചത്.

കഥകളി കലാകാരനായ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണ് ശ്രീനാഥില്‍ കലകളോടുള്ള താല്‍പര്യം വളര്‍ത്തിയത്. ഏത് വേദിയില്‍ കഥകളിയുണ്ടെന്ന് കേട്ടാലും അവിടേക്ക് പോകുന്ന ശീലം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നതിനിടയിലെ ഒഴിവുസമയത്താണ് ഫോട്ടോഗ്രഫി ഗൗരവമായി പിന്തുടരാന്‍ തുടങ്ങിയത്. തുടക്കത്തില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് പ്രൊഫഷണല്‍ മേഖലയിലേക്ക് കടക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. ഒപ്പം കഥകളി പഠിക്കണമെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹവും അദ്ദേഹം സാക്ഷാത്കരിച്ചു. തനിക്ക് ലഭിച്ച സമയത്തിനുള്ളില്‍ ആറുമാസത്തോളം പരിശീലനം നേടുകയും പാലായിലുള്ള പുലിയന്നൂര്‍ ക്ഷേത്ര ഉത്സവത്തിന് കഥകളി അരങ്ങേറ്റം നടത്തുകയും ചെയ്തു.

ഇന്ന് ഡാന്‍സ്, കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ സ്‌റ്റേജ് പെര്‍ഫോമന്‍സുകള്‍, പ്രീ -ഷൂട്ടുകള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍, ഫോട്ടോ – വീഡിയോ കവറേജ് എന്നിവയില്‍ ശ്രീനാഥ് സജീവമാണ്. കേരളത്തിന് പുറമെ ബംഗളൂരു, ചെന്നൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. നവ്യ നായര്‍, ദിവ്യ ഉണ്ണി, കൃഷ്ണപ്രഭ തുടങ്ങി സിനിമാ കലാരംഗത്തെ നിരവധി പ്രമുഖരുടെ ഡാന്‍സ് വര്‍ക്കുകള്‍ പകര്‍ത്താനും അവസരം ലഭിച്ചിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഫോട്ടോഗ്രഫിയെ വെറുമൊരു തൊഴിലായി കാണാതെ ജീവിതത്തിന്റെ ഭാഗമായാണ് ശ്രീനാഥ് എന്ന കലാകാരന്‍ കൊണ്ടുനടക്കുന്നത്. ഒരു പരിപാടിയുടെ വേദിയില്‍ എത്തുമ്പോള്‍ മികച്ച ചിത്രം കണ്ടെത്തുന്നതിനൊപ്പം കലാകാരന്റെ പരിശ്രമവും ഭാവങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഡാന്‍സിനോടുള്ള അറിവും ഇഷ്ടവും ഫോട്ടോഗ്രഫിക്ക് കൂടുതല്‍ ആഴവും നല്‍കുന്നു. ഒരു ഡാന്‍സര്‍ക്ക് തുടക്കം മുതല്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കി നല്‍കി സ്‌റ്റേജ്, ലൈറ്റ്, മേക്കപ്പ്, വീഡിയോഫോട്ടോഗ്രഫി എന്നിവ സജ്ജീകരിക്കുന്ന ഒരു ഡാന്‍സ് സ്റ്റുഡിയോ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നിലവില്‍ ഈ ചെറുപ്പക്കാരന്‍.




