EntreprenuershipSuccess Story

തീച്ചൂളയില്‍ നിന്നു തീര്‍ത്ത സാമ്രാജ്യം; ദാലിയ ഗ്രൂപ്പിന്റെ അമരക്കാരന്‍ ഡോ. കെ. അബ്ദുള്ള ഹംസയുടെ വിജയഗാഥ

സ്വപ്‌നം കാണാന്‍ പോലും വകയില്ലാത്തൊരു ഭൂതകാലത്ത് നിന്ന്, സ്വന്തം ചോരയും നീരും നല്‍കി വന്‍കരകള്‍ കീഴടക്കിയ ഒരു പ്രവാസ കഥയുണ്ട്; തൃശൂര്‍ കൊടുങ്ങല്ലൂര്‍ കാര സ്വദേശിയായ ഡോ. കെ. അബ്ദുള്ള ഹംസയുടേത്. ഇന്ന് കുവൈറ്റ്, ഒമാന്‍, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച ‘ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ’ വിജയം, പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ അടയാളപ്പെടുത്തലാണ്.

1985ല്‍ കുവൈറ്റിലെ കത്തുന്ന ചൂടിലേക്ക് ഇറങ്ങുമ്പോള്‍ കൈമുതലായി പ്രതീക്ഷകള്‍ മാത്രമായിരുന്നു. അതിജീവനത്തിനായി വീട്ടുജോലി വരെ ചെയ്യേണ്ടി വന്ന നാളുകള്‍… എന്നാല്‍, തലവിധിക്കു മുന്നില്‍ മുട്ടുമടക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. എടപ്പാള്‍ സ്വദേശി നൗഷാദുമായി ചേര്‍ന്ന് ഹോസ്പിറ്റാലിറ്റി ലോകത്തേക്ക് ചുവടുവെച്ചതോടെയാണ് ആ ജീവിതം മാറിമറിയുന്നത്. 2014 ല്‍ റിലാക്‌സ് ഇന്‍ എന്ന ഹോസ്പിറ്റലിന് ഹംസ തുടക്കമിട്ടു. 2018 ല്‍ സുഹൃത്തുക്കളായ മുനീര്‍, നൗഷാദ് എന്നിവരുമായി ചേര്‍ന്നായിരുന്നു ദാലിയ ഗ്രൂപ്പിന്റെ പിറവി. ഇന്ന് മറ്റ് മൂന്ന് ഉപബ്രാന്‍ഡുകള്‍ കൂടി സ്വന്തമായുള്ള ഒരു വന്‍ സംരംഭമായി വളര്‍ന്നതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൂടിയുണ്ട് ചേരുവകളായി.

”കസ്റ്റമറുടെ സന്തോഷമാണ് ഞങ്ങളുടെ വിജയം”, ഇതാണ് ഹംസയുടെ തത്വശാസ്ത്രം. ഏത് ബജറ്റുകാര്‍ക്കും യോജിച്ച റൂമുകളും, പ്രാദേശിക ടൂറിസത്തെ കോര്‍ത്തിണക്കിയുള്ള മികച്ച അനുഭവങ്ങളും ദാലിയ ഉറപ്പുനല്‍കുന്നു. കൃത്യമായ സ്റ്റാഫ് ട്രെയിനിംഗ്, പല ഭാഷകള്‍ സംസാരിക്കുന്ന ഫ്രണ്ട് ഓഫീസ്, ‘നീറ്റ് ആന്‍ഡ് ക്ലീന്‍’ സര്‍വീസ് എന്നിവയാണ് ഇവരുടെ കാതല്‍. വന്‍കരകള്‍ കടന്ന് വളരുമ്പോഴും പുത്തന്‍ ഡിജിറ്റല്‍ സംവിധാനങ്ങളും സാങ്കേതികവിദ്യകളും സ്ഥാപനത്തില്‍ നടപ്പിലാക്കാന്‍ അദ്ദേഹം മറന്നില്ല.

ജി.സി.സി മേഖലയിലെ നിലവിലെ രാഷ്ട്രീയയുദ്ധ അന്തരീക്ഷത്തിലും, തന്റെ പ്ലാനിംഗ് മികവ് കൊണ്ട് ബിസിനസിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും നെഞ്ചിലേറ്റിയ അദ്ദേഹത്തെ തേടി ‘ചാരിറ്റി ഡോക്ടറേറ്റ്’ എത്തി. കൂടാതെ, ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ 95ലധികം പുരസ്‌കാരങ്ങളാണ് ഈ വഴികളില്‍ അദ്ദേഹത്തെ വരിച്ചത്.

”തൊഴിലാളികളെ സ്വന്തം കുടുംബമായി കാണുക, കഠിനാധ്വാനം ചെയ്യുക, നാടിനെ ചേര്‍ത്തുപിടിക്കുക”, ലളിതമായ ഈ വിജയമന്ത്രമാണ് അദ്ദേഹത്തിന്റെ ഇന്ധനം. ഒപ്പം കരുത്തായി ഭാര്യ താഹിറ, മക്കളായ ഫര്‍ഹാന (Mds), ഫര്‍സാന (+2), മരുമകന്‍ യാസീന്‍, ഐറ യാസീന്‍ എന്നിവരും ഹംസയ്‌ക്കൊപ്പമുണ്ട്. മണ്മറഞ്ഞു പോയ മാതാപിതാക്കളുടെ ഗുരുത്വവും പൊരുത്തവും, സഹോദരങ്ങളുടെയും പ്രിയ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയും കൂടിയുണ്ട് ഈ വിജയത്തിന് പിന്നില്‍.

തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയെയും ചേര്‍ത്തുപിടിച്ചും, നാടിന്റെ നന്മയ്ക്കായി കൈകോര്‍ത്തും മുന്നേറുന്ന ഈ സംരംഭകന്‍ ഇനി പുതിയ അന്താരാഷ്ട്ര വിപണികളിലേക്ക് ദാലിയ ഗ്രൂപ്പിന്റെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പ്രതിസന്ധികളില്‍ തളരാതെ കഠിനാധ്വാനം ചെയ്താല്‍ ഏതൊരു ലക്ഷ്യവും എത്തിപ്പിടിക്കാനാകുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഡോ. കെ. അബ്ദുള്ള ഹംസയുടെ ഈ ബിസിനസ് ജീവിതം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button