EntreprenuershipSuccess Story

കുഞ്ഞുടുപ്പുകളുടെ വര്‍ണലോകവുമായി വിജയവഴിയില്‍ ഒരമ്മ

  • ലയ രാജന്‍

കാരണം പറയാനില്ലാത്ത സന്തോഷത്തിന്റെ സൂചകങ്ങളാണ് കുഞ്ഞുടുപ്പുകള്‍. പല നിറങ്ങളിലും വലുപ്പത്തിലും പഞ്ഞി പോലെ മൃദുവായ കുഞ്ഞുടുപ്പുകള്‍ അത് ധരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, കണ്ടുനില്‍ക്കുന്നവര്‍ക്ക് പോലും സുഖകരമായ ഒരു സന്തോഷം നല്‍കാറുണ്ട്. കൈക്കുഞ്ഞില്‍ നിന്ന് മുട്ടില്‍ ഇഴയുന്ന വലുപ്പത്തിലേക്ക്, പിന്നെ ‘പിച്ച നടക്കുന്ന’ കുറുമ്പിലേക്ക് കുഞ്ഞുങ്ങള്‍ക്ക് ഒപ്പം അവരുടെ കുട്ടിയുടുപ്പുകളും വളരും. ഒരര്‍ത്ഥത്തില്‍ കുഞ്ഞുടുപ്പുകള്‍ വലിയൊരു വളര്‍ച്ചയുടെ ആദ്യ സാക്ഷികളാണ്… അതിമനോഹരമായ ഒരു വളര്‍ച്ചാ യാത്രയുടെ തുടക്കത്തിലെ ആ കൂട്ടുകാരെ അതിലേറെ മനോഹരമായി വിപണിയിലേക്ക് എത്തിക്കുകയാണ് വയനാട് പുല്‍പ്പള്ളിയിലുള്ള ‘കിഡ്‌സ് കോര്‍ണര്‍ ആന്‍ഡ് മോമി വെയര്‍’.

അവിചാരിതമായി സംരംഭക ജീവിതത്തിലേക്ക് കടന്നുവന്ന വയനാട് സ്വദേശി ടിന്റു ചെറിയാനാണ് കിഡ്‌സ് കോര്‍ണറിന്റെ സ്ഥാപക. വര്‍ഷങ്ങളായി ബിസിനസ് രംഗത്തുള്ള സഹോദരന്റെ പ്രേരണയോടെ രണ്ടുവര്‍ഷം മുന്‍പാണ്, പത്തുവര്‍ഷത്തോളം നീണ്ട വീട്ടമ്മ എന്ന റോളിന് വിരാമം കുറിച്ചുകൊണ്ട് ടിന്റുവും സംരംഭകയാകാന്‍ ഒരുങ്ങിയത്. ഭര്‍ത്താവ് ജിജി തോമസ് കൂടി പൂര്‍ണ പിന്തുണയോടെ ഒപ്പം നിന്നതോടെ കുഞ്ഞുടുപ്പുകളുടെ വര്‍ണലോകം പുല്‍പ്പള്ളിയില്‍ ഒരുങ്ങി.

ഉള്‍നാടന്‍ ഗ്രാമപ്രദേശം ആയതുകൊണ്ട് തന്നെ കിഡ്‌സ് വെയര്‍ എന്ന ആശയത്തിന്റെ പ്രായോഗികത ആദ്യഘട്ടങ്ങളില്‍ സംശയത്തിലായിരുന്നു എന്നും എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിജയത്തിന്റെ ട്രാക്കിലാക്കാന്‍ കഴിഞ്ഞുവെന്നും ടിന്റു പറയുന്നു. നവജാതശിശുക്കള്‍ക്ക് മുതല്‍ മൂന്നു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫീഡിങ് ബോട്ടില്‍ ഉള്‍പ്പെടെയുള്ള മറ്റ് ആക്‌സസറികള്‍, പുതിയ അമ്മമാര്‍ക്കുള്ള മറ്റേണിറ്റി വെയറുകള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്പന്നങ്ങള്‍.

വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളുടെ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുത്തു വിപണനം നടത്തുന്നതിനാല്‍, കിഡ്‌സ് കോര്‍ണര്‍ തേടിയെത്തുന്ന വിശ്വസ്തരായ ഉപഭോക്താക്കള്‍ നിരവധിയാണ്. ഉപഭോക്താക്കള്‍ തന്നെയാണ് ഈ സ്ഥാപനത്തിന്റെ ശബ്ദം. കാര്യമായ പരസ്യപ്രചരണങ്ങള്‍ ഒന്നുമില്ലാതെയാണ് കിഡ്‌സ് കോര്‍ണറിലേക്ക് പുതിയ ഉപഭോക്താക്കള്‍ എത്തുന്നത്.

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് പലപ്പോഴും വില അല്പം കൂടുതലാണ് എന്നതൊഴികെ മറ്റൊന്നും തന്നെ ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കാറില്ല. എന്നിരുന്നാലും ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ അതേ നിലവാരം നിലനിര്‍ത്തിക്കൊണ്ട് ബജറ്റഡ് ഉത്പന്നങ്ങളും ടിന്റു അവതരിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ബജറ്റഡ് ഉത്പന്നങ്ങളുടെ ഒരു പ്രത്യേക നിര ആരംഭിക്കാനുള്ള ശ്രമങ്ങളില്‍ കൂടിയാണ് ടിന്റു.

കിഡ്‌സ് കോര്‍ണറിന്റെ പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കണമെന്നും താങ്ങാനാവുന്ന വിലയില്‍ ഗുണനിലവാരം അല്‍പം പോലും കുറയാത്ത കൂടുതല്‍ വസ്ത്രങ്ങള്‍ വിപണിയിലേക്ക് എത്തിക്കണമെന്നുമാണ് ചിഞ്ചുവിന്റെ സ്വപ്‌നം. നിലവില്‍ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം ആരംഭിച്ചിട്ടില്ലെങ്കിലും ഓഫ് സീസണില്‍ അല്ലാതെ വിപണനത്തിന് ചെറിയ തോതില്‍ പോലും മങ്ങലേറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സഹോദരന്റെ പിന്തുണയോടെയും ധനസഹായത്തോടെയും ആരംഭിച്ച സ്ഥാപനം രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ബാധ്യതകളില്ലാതെ വിജയത്തിന്റെ പാതയില്‍ എത്തിക്കാനും ടിന്റുവിന് കഴിഞ്ഞു. താന്‍ വിപണനം ചെയ്യുന്ന കുഞ്ഞടുപ്പുകളുടെ സൗമ്യത പോലെ സാവധാനം വിജയപാതയില്‍ തന്റെ പേരും ചേര്‍ക്കുകയാണ് കിഡ്‌സ് കോര്‍ണറിലൂടെ ടിന്റു. പത്തും ഏഴും വയസ്സുള്ള സാമിന്റെയും ഡാനിന്റെയും അമ്മ കൂടിയാണ് ടിന്റു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button