EntreprenuershipSuccess Story

തൃപ്തി നാടന്‍ സംഭാരം; ഒരു ഗ്ലാസ് സംഭാരത്തില്‍ തുടങ്ങിയ യാത്ര, ഒരു കുടുംബത്തിന്റെ ശക്തിയായി വളര്‍ന്ന കഥ

ജീവിതം ചിലപ്പോള്‍ ഒരൊറ്റ നിമിഷത്തില്‍ മാറിമറിയും. പക്ഷേ ആ മാറ്റം നമ്മെ തകര്‍ക്കാനാണോ, അതോ ശക്തമാക്കാനാണോ എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. എറണാകുളം എളമക്കര സ്വദേശിനി സുശീല എ.ജി തന്റെ ജീവിതത്തിലെ കഠിനമായൊരു പരീക്ഷണഘട്ടത്തെ തന്നെ ഒരു സംരംഭത്തിന്റെ വിജയകഥയാക്കി മാറ്റിയ സ്ത്രീയാണ്. ‘തൃപ്തി നാടന്‍ സംഭാരം’ എന്ന ബ്രാന്‍ഡിന് പിന്നില്‍ നില്‍ക്കുന്ന ഈ വനിത, പ്രതിസന്ധികളെ തളരാതെ നേരിട്ട് വിജയത്തിലേക്ക് നടന്നെത്തിയ ഒരു പ്രചോദനമാണ്.

45 വര്‍ഷമായി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ അഡ്മിന്‍ വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ച് വരുന്നതിനിടെയാണ് കുടുംബത്തെ വല്ലാതെ നടുക്കിയ അസുഖവാര്‍ത്ത എത്തിയത്. ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നിത്യാനന്ദ ഷേണായി നാല് വര്‍ഷമായി ബ്ലഡ് കാന്‍സറിനെതിരെ പോരാടുകയാണ്. ചികിത്സാ ചിലവ് കുടുംബത്തിന് വലിയ ഭാരമായി. എന്നാല്‍ ആ ഭാരത്തില്‍ തളരാതെ, ഇനിയെന്ത് ചെയ്യാനാകുമെന്ന ചോദ്യത്തിന് മറുപടി തേടിയാണ് സുശീലയുടെ സംരംഭക യാത്ര തുടങ്ങിയത്.

കുറഞ്ഞ ചെലവില്‍ തുടങ്ങാനാകുന്നൊരു ആശയം, അതായിരുന്നു നാടന്‍ സംഭാരം. പക്ഷേ അതൊരു സാധാരണ ഉത്പന്നതിനുപരി, ആത്മവിശ്വാസത്തിന്റെ തുടക്കമായിരുന്നു. പ്രധാന ലക്ഷ്യം ഭര്‍ത്താവിനെ മാനസികമായി സജീവമാക്കുക എന്നതായിരുന്നു. അതില്‍ നിന്നാണ് ‘തൃപ്തി നാടന്‍ സംഭാരം’ എന്ന ബ്രാന്‍ഡ് രൂപം കൊണ്ടത്.

കാന്താരി, ഇഞ്ചി, കറിവേപ്പില തുടങ്ങിയ നാടന്‍ ചേരുവകള്‍ ചേര്‍ത്ത്, യാതൊരു പ്രിസര്‍വേറ്റീവ്‌സും ഉപയോഗിക്കാതെ, ശുദ്ധവും രുചിയും നിറഞ്ഞ സംഭാരം നിര്‍മിക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരിക്കല്‍ രുചിച്ചവര്‍ വീണ്ടും തേടിയെത്തുന്ന രുചി, അതാണ് ഈ ബ്രാന്‍ഡിന്റെ ശക്തി. ‘വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന അതേ രുചി’ എന്ന തരത്തില്‍ നിരവധി ആളുകള്‍ നല്‍കിയ അഭിപ്രായങ്ങളാണ് തന്റെ പരിശ്രമത്തിന് ലഭിക്കുന്ന യഥാര്‍ത്ഥ അംഗീകാരമെന്ന് സുശീല പറയുന്നു.

ആരംഭകാലം എളുപ്പമല്ലായിരുന്നു. ചിലര്‍ സംഭാരത്തെ വിലകുറച്ച് സംസാരിക്കുകയും, ഡെലിവറി സമയത്ത് മോശം അനുഭവങ്ങള്‍ നേരിടുകയും ചെയ്തു. എന്നാല്‍ അതെല്ലാം സഹിച്ചും മറികടന്നും മുന്നോട്ട് പോകാന്‍ സഹായിച്ചത് ആത്മധൈര്യവും ലക്ഷ്യബോധവുമായിരുന്നു. ഇന്ന് തൃപ്തി നാടന്‍ സംഭാരം എറണാകുളം ജില്ലയിലാകെ ലഭ്യമാണ്. അതോടൊപ്പം ആലപ്പുഴയിലേക്കും വ്യാപിച്ചു. ഓരോ ആഴ്ചയും പുതിയ കടകള്‍ ബ്രാന്‍ഡിനെ സ്വീകരിക്കുന്നു. ഹോള്‍സെയില്‍ കടകളിലേക്കും ബള്‍ക്കായി ഡെലിവറി നടത്തുന്ന ഈ സംരംഭം, വിവിധ പരിപാടികളിലും സ്ഥിര സാന്നിധ്യമാണ്.

സംഭാരത്തിന് പുറമെ അച്ചാര്‍, മുളപ്പിച്ച പയര്‍, ഡ്രൈ ഫ്രൂട്‌സ് എന്നിവയും ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നു. വീട്ടില്‍ തന്നെയാണ് നിര്‍മാണം. ഓഫീസ് ജോലിക്ക് ശേഷം വീട്ടിലെത്തി പാക്കിങ്ങും ഡെലിവറിയും വരെ നോക്കുന്നത് സുശീല തന്നെയാണ്. ഈ യാത്രയില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും പിന്തുണയാണ് ഏറ്റവും വലിയ ശക്തി. ഓര്‍ഡറുകള്‍ വന്നാല്‍ പാക്കിങ്ങില്‍ സഹായിക്കുന്ന ഭര്‍ത്താവ്, വര്‍ഷങ്ങളായി കൂടെയുള്ള ലക്ഷ്മിയെന്ന അമ്മൂമ്മയുടെ കരുതല്‍… ഇവയെല്ലാം ചേര്‍ന്നാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്.

കോവിഡ് കാലത്ത് എഴുത്തിന്റെ ലോകത്തേക്കും ചുവടുവെച്ച സുശീല, വിവിധ എഴുത്തു കൂട്ടായ്മകളുടെ പരിപാടികളില്‍ തന്റെ ഉത്പന്നം അവതരിപ്പിച്ച് കൂടുതല്‍ ആളുകളിലേക്കെത്തിച്ചു. അത് ബ്രാന്‍ഡിന് ലഭിച്ച വലിയൊരു പ്രചാരണ വേദിയായി മാറി.

ഇന്ന് തൃപ്തി നാടന്‍ സംഭാരം ഒരു ഉത്പന്നം മാത്രമല്ല, പ്രതിസന്ധികളില്‍ തളരാത്ത ഒരു സ്ത്രീയുടെ അടയാളം കൂടിയാണ്. ബ്രാന്‍ഡ് കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുമ്പോള്‍, കാന്‍സര്‍ ബാധിതരായ രോഗികളെ സഹായിക്കണമെന്നതാണ് സുശീലയുടെ സ്വപ്‌നം. സ്വന്തം വേദനയെ മറ്റുള്ളവര്‍ക്കുള്ള ആശ്വാസമാക്കി മാറ്റാനുള്ള ആ മനസാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.

ഒരു സ്ത്രീ തീരുമാനിച്ചാല്‍, അവള്‍ക്ക് കുടുംബത്തെയും സ്വപ്‌നങ്ങളെയും ഒരുപോലെ കരുതിക്കൊണ്ട് വിജയത്തിലേക്ക് എത്താമെന്നതാണ് സുശീലയുടെ കഥ നമ്മെ ഓര്‍മിപ്പിക്കുന്നത്. ജീവിതം എത്ര പരീക്ഷിച്ചാലും, ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍.

തന്റെ ഒരു ഗ്ലാസ് സംഭാരത്തിന് ഒരാളുടെങ്കിലും ദാഹമകറ്റി മനസ്സ് നിറയ്ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, ആ സംതൃപ്തിയും അംഗീകാരവുമാണ് അവരെ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്നത്. അത്തരത്തില്‍ പ്രതിസന്ധികളെ നേരിട്ട് നില്‍ക്കാന്‍ പഠിപ്പിക്കുന്ന ഒരു വനിതയുടെ വിജയഗാഥയായാണ് ഈ ബ്രാന്‍ഡ് യാത്ര തുടരുന്നത്.

തൃപ്തി നാടന്‍ സംഭാരം ഇന്ന് രുചിയിലൂടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. ഓരോ ഗ്ലാസ്സിലും ധൈര്യത്തിന്റെ രുചിയും, ഓരോ തുള്ളിയിലും ആത്മവിശ്വാസത്തിന്റെ മധുരവും നിറഞ്ഞ് നാളെയത് കേരളത്തിലെ മുഴുവന്‍ വീടുകളിലേക്കും എത്താനൊരുങ്ങുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button