Special Story

നാവില്‍ കൊതിയൂറുന്ന, ‘സ്‌പെഷ്യല്‍’ ബിരിയാണികളുമായി നജിയ ഇര്‍ഷാദിന്റെ ‘യമ്മിസ്‌പോട്ട്’

നല്ല ചൂട് ആവി പറക്കുന്ന ബിരിയാണി മുന്നില്‍ കിട്ടിയാല്‍ ആരുടെ നാവിലും കൊതിയൂറും. എങ്കില്‍ അതു രുചിയുടെ കാര്യത്തില്‍ അല്‍പം സ്‌പെഷ്യലാണെങ്കിലോ…? തിരുവനന്തപുരത്തിന്റെ മണ്ണില്‍ ഇന്ന് ആളുകള്‍ തേടിയെത്തുന്ന, നാവിനും മനസിനും ആസ്വാദ്യകരമായ ഒരു പുത്തന്‍ രുചി സമ്മാനിക്കുന്ന ഹരിയാലി, മഹാരാജ ബിരിയാണികളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏവര്‍ക്കും ആസ്വാദ്യകരമായ രുചിക്കൂട്ടിന്റെ പര്യായപദങ്ങളായി മാറിയ ഹരിയാലി ബിരിയാണിയും മഹാരാജ ബിരിയാണിയുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയിലെ ചര്‍ച്ചാവിഷയം.

ഓരോ ഭക്ഷണവും ഓരോ നാടിന്റെയും അഭിമാനമാണ്. അതുപോലെ, നാവില്‍ കൊതി ജനിപ്പിക്കുന്ന ഹരിയാലി ബിരിയാണിയും മഹാരാജ ബിരിയാണിയും കഴിക്കണമെങ്കില്‍ തിരുവനന്തപുരത്ത് ‘യമ്മിസ്‌പോട്ടി’ല്‍ തന്നെയെത്തണം.

തലസ്ഥാന നഗരിയുടെ അഭിമാനമായി, തിരുവനന്തപുരത്തിന്റെ മണ്ണിലേക്ക് ഏവരും തേടിയെത്തുന്ന വിഭവങ്ങളായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് യമ്മിസ്‌പോട്ടില്‍ രഹസ്യക്കൂട്ടിലൊരുങ്ങുന്ന ഈ ബിരിയാണികള്‍.

നജിയ ഇര്‍ഷാദ് എന്ന സംരംഭകയുടെ ക്ലൗഡ് കിച്ചണ്‍ സംരംഭമാണ് ”യമ്മിസ്‌പോട്ട്”. ഇവിടെയാണ് ഹരിയാലി, മഹാരാജ ബിരിയാണികളുടെ ഉത്ഭവം. വീട്ടില്‍ സ്വയം തയ്യാറാക്കിയെടുക്കുന്ന ഒരു മസാലക്കൂട്ടില്‍ നിന്നാണ് ഹരിയാലി, മഹാരാജ ബിരിയാണികളുടെ പുത്തന്‍ സ്വാദ് ഉണരുന്നത്.

ഗ്രീന്‍ മസാലയുടെ പ്രത്യേക കൂട്ടുകളാണ് ഹരിയാലി ബിരിയാണിയുടെ ‘സ്‌പെഷ്യാലിറ്റി’. കല്യാണ്‍ സ്‌റ്റൈല്‍ ബിരിയാണിയാണ് മഹാരാജ. നല്ല ചൂട് ആവി പറക്കുന്ന ബിരിയാണി വാഴയിലയില്‍ പകര്‍ത്തി പൊതികെട്ടി, നാവിന് രുചി പകരാന്‍ യമ്മീസ്‌പോട്ടില്‍ തന്നെ തയ്യാറാക്കുന്ന നല്ല ഈന്തപ്പഴത്തിന്റെയും, നാരങ്ങ അച്ചാറുകളുടേയും ഒപ്പം പിങ്ഗ് സാലഡും ഈ ബിരിയാണിയ്ക്ക് കൂട്ടായ് തയ്യാറാക്കുന്നു.

ഓണ്‍ലൈന്‍ സര്‍വീസായാണ് ഇപ്പോള്‍ വിപണനം. ദിവസേന കുറഞ്ഞത് 250 ബിരിയാണി പൊതികള്‍ വരെ ചെലവാകുന്നുണ്ട്. ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടിയുള്ള ഓര്‍ഡറുകള്‍ അനുസരിച്ച് പാര്‍ട്ടി സര്‍വീസുകള്‍ എത്തിച്ചു നല്‍കുന്ന രീതിയും യമ്മിസ്‌പോട്ടിലുണ്ട്. തിരുവനന്തപുരത്തിന്റെ എല്ലാ ഭാഗങ്ങളിലും ദിവസേന തങ്ങളുടെ സേവനങ്ങള്‍ എത്തിക്കുന്നതില്‍ യമ്മിസ്‌പോട്ട് കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്.

നിയമസഭ, പ്രധാന ബാങ്കുകളുടെ ബ്രാഞ്ചുകള്‍, ആര്‍സിസി, എസ് യു ടി, മെഡിക്കല്‍ കോളേജ് തുടങ്ങി പലയിടങ്ങളിലും യമ്മിസ്‌പോട്ട് ഇന്ന് ‘ഫെയ്മസാ’ണ്. ആവശ്യക്കാര്‍ക്ക് ചൂടാറും മുന്‍പ് ബിരിയാണി എത്തിച്ചു നല്‍കാന്‍ പതിനഞ്ചിലധികം ഡെലിവറി സ്റ്റാഫുകളും സജീവമായി യമ്മിസ്‌പോട്ടിനൊപ്പമുണ്ട്.

ബിരിയാണിയ്ക്ക് പുറമെ, രുചിയുടെ കാര്യത്തില്‍ പകരം വെയ്ക്കാനില്ലാത്ത പലവിധം അച്ചാറുകളും യമ്മീസ്‌പോട്ട് വിപണിയില്‍ പരിചയപ്പെടുത്തുന്നു. ഇന്ത്യ മുഴുവനായും തന്റെ അച്ചാറുകളുടെ രുചിയെത്തിക്കുന്നതില്‍ യമ്മിസ്‌പോട്ട് വിജയം കൈവരിച്ചു കഴിഞ്ഞു. അച്ചാറുകളുടെ കാര്യത്തില്‍ ഡ്രൈ ഫ്രൂട്ട് പിക്കിള്‍സിനും, ജിന്‍ജര്‍ പിക്കിള്‍സിനും സ്വാദറിഞ്ഞ ആവശ്യക്കാര്‍ ഏറെയാണ്.

ഇന്ന് ടോപ്പ് 5 ഫുഡ് പ്രോഡകറ്റ്‌സുകളില്‍ യമ്മീസ്‌പോട്ട് പിക്കിള്‍സും മുന്‍നിര സ്ഥാനക്കാരാണ്. ഒരു മാസം 200 ബോട്ടില്‍ അച്ചാറുകള്‍ മാത്രമാണ് യമ്മീസ്‌പോട്ട് തയ്യാറാക്കുന്നത്. എന്നാല്‍ വില്‍പ്പനയ്‌ക്കൊരുങ്ങി രണ്ട് അല്ലെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഈ ബോട്ടിലുകള്‍ പൂര്‍ണമായും വിറ്റഴിക്കുന്നു എന്നത് നജിയയുടെ കൈപുണ്യത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ്.

നജിയ ഇര്‍ഷാദിന്റെ വിജയവഴികള്‍…
യമ്മിസ്‌പോട്ട് നജിയ ഇര്‍ഷാദിന്റെ ജീവിത വിജയമാണ്. സിഎ മോഹം പകുതിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ജീവിതത്തില്‍ സ്വന്തം അധ്വാനത്തില്‍ എന്തെങ്കിലും നേടണമെന്ന ആഗ്രഹവും വാശിയുമാണ് നജിയയെ യമ്മിസ്‌പോട്ടിന്റൈ വിജയത്തിന് പിന്നിലെത്തിച്ചത്. സാഹചര്യങ്ങള്‍ വെല്ലുവിളിയാകുമ്പോഴും പ്രതിസന്ധികളെ മറികടക്കാനും, മുന്നോട്ടു കുതിക്കാനുമുള്ള ഇച്ഛാശക്തി നജിയയ്ക്ക് ലഭിച്ചിരുന്നത് ജീവിതത്തില്‍ വിജയിക്കണമെന്ന ആഗ്രഹത്തില്‍ നിന്നായിരുന്നു.

പാചകത്തില്‍ നജിയയുടെ തുടക്കം തന്റെ കുഞ്ഞിനായി തയ്യാറാക്കിയ ‘ബനാന പൗഡറി’ല്‍ നിന്നായിരുന്നു. പിന്നീട് പുത്തന്‍ സ്വാദുകളോടും രുചിക്കൂട്ടുകളോടുമുള്ള അഭിനിവേശത്തില്‍ നജിയ ഒരുക്കിയെടുത്തതാണ് ഹരിയാലി, മഹാരാജ ബിരിയാണികള്‍.

സംരംഭം സ്വയം ആരംഭിക്കുമ്പോഴും കാര്യമായ നിക്ഷേപം ഒന്നും തന്നെ നജിയ കരുതിയിരുന്നില്ല. ആദ്യ പ്രതിഫലമായിരുന്നു നജിയയുടെ ആകെ മൂലധനവും നിക്ഷേപവും. ഓരോ പ്രാവശ്യവും ലഭിക്കുന്ന ലാഭത്തില്‍ നിന്നായിരുന്നു പിന്നീട് ഓരോ പടിയായി, യമ്മിസ്‌പോട്ടിന്റെ വളര്‍ച്ചയ്ക്കായി നജിയ ഉപയോഗിച്ചത്.

നജിയയുടെ വഴിയില്‍ മാതാപിതാക്കളും ഭര്‍ത്താവ് ഇര്‍ഷാദ് ജയിലാനിയും പൂര്‍ണ പിന്തുണയാണ് നല്‍കിയത്. സംരംഭത്തിന്റെ തുടക്കത്തില്‍ ഡെലിവറി പൂര്‍ത്തിയാക്കുന്നതിനും കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലുമെല്ലാം നജിയയ്ക്ക് തുണയായി കുടുംബമുണ്ടായിരുന്നു.

”ഞാന്‍ ഒരിക്കലും ഒരു നല്ല പാചകക്കാരിയല്ല, എന്റെ പുത്തന്‍ കൂട്ടുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഏതൊരു പ്രതിസന്ധിയിലും നമുക്ക് എന്തും സാധിക്കും എന്ന ആത്മവിശ്വാസം തന്നെയായിരുന്നു എന്റെ വിജയത്തിന്റെ കാരണവും.”

നജിയയുടെ വാക്കുകളില്‍ തന്നെ ആത്മവിശ്വസം ധാരാളമാണ്. ജീവിതത്തില്‍ എന്തെല്ലാം വെല്ലുവിളികള്‍ ഉണ്ടായാലും നേടിയെടുക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ എന്തും സാധ്യമാകും എന്ന് തെളിയിച്ച വ്യക്തിയാണ് നജിയ ഇര്‍ഷാദ്. നജിയയുടെ അഭിപ്രായത്തില്‍ അവസരങ്ങള്‍ എപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ടാകും അതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകണം എന്നുമാത്രം.

ചെയ്യുന്ന ഏതൊരു കാര്യവും ആസ്വദിച്ചു തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ യമ്മിസ്‌പോട്ട് എന്ന സംരംഭത്തില്‍ നജിയ നൂറു ശതമാനം സംതൃപ്തയാണ്. ഏതൊരു വ്യക്തിയുടേയും നാവിനിണങ്ങുന്ന സ്വാദിഷ്ഠ ഭക്ഷണം വിളമ്പുക എന്നത് നജിയയ്ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട കാര്യമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button