EntreprenuershipSuccess Story

മോഡലിംഗില്‍ നിന്നും സംരംഭകത്വത്തിലേക്ക്; സ്‌നേഹത്താല്‍ നെയ്‌തെടുത്ത അനൂപയുടെ പെണ്‍പട്ട്

പ്രതിസന്ധികളുണ്ടാകുമ്പോള്‍ ജീവിതം എത്ര സങ്കീര്‍ണമാണെന്ന് തോന്നാത്തവരുണ്ടാകില്ല. പലപ്പോഴും സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടിയോ, പാതി വഴിയില്‍ ദിശ തെറ്റി നില്‍ക്കേണ്ടിയോ വന്നേക്കാം. എന്നാല്‍ പ്രതിസന്ധികളെ പഴിക്കാതെ പുതിയ വഴികള്‍ തേടുന്നവനാണ് വിജയിക്കുകയെന്ന് കേട്ടിട്ടില്ലേ. പ്രയാസങ്ങളില്‍ തളരാതെ തിരഞ്ഞെടുത്ത വഴികളില്‍ വിജയം കൊയ്ത് മുന്നോട്ടുകുതിക്കുന്ന സംരംഭകയുണ്ട് എറണാകുളത്ത്; അനൂപ കൃഷ്ണന്‍…!

സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ അനൂപയ്ക്ക് മോഡലിംഗിലും കമ്പമുണ്ടായിരുന്നു. വിവാഹവും തുടര്‍ന്ന് ഗര്‍ഭധാരണവുമെല്ലാം മനസിനെന്ന പോലെ ശരീരത്തിനും മാറ്റങ്ങളുണ്ടാക്കിയതോടെ മോഡലിംഗ് രംഗത്തുനിന്നും താത്ക്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിനിടയിലും സാമ്പത്തികമായി സ്വതന്ത്രയാവുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു അനൂപയ്ക്ക്. ചിന്തകള്‍ക്കും പുതിയ മാറ്റങ്ങള്‍ക്കും മകള്‍ ആത്മീയയുടെ കുഞ്ഞുചിരികള്‍ക്കുമൊപ്പം വിടര്‍ന്നതാണ് വസ്ത്രങ്ങളോടുള്ള അനൂപയുടെ താത്പര്യവും ‘പെണ്‍പട്ട്’ എന്ന സംരംഭവും.

പ്രായഭേദമെന്യേ എല്ലാ തലമുറയിലുള്ളവര്‍ക്കും ഒരുപോലെ ആകര്‍ഷകമായ വസ്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് പെണ്‍പട്ട് എന്ന സംരംഭത്തിലൂടെ അനൂപയുടെ ലക്ഷ്യം. ക്രേപ്പ് സില്‍ക്ക്, കോട്ടണ്‍, ടിഷ്യൂ സില്‍ക്ക്, ബനാറസി എന്നിവയ്ക്ക് പുറമെ കൈത്തറി സാരികളും പെണ്‍പട്ടിലുണ്ട്. തനിമയുള്ള സാരികള്‍ക്കൊപ്പം ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്തതുമാണ് ആരംഭിച്ച് മൂന്നാഴ്ചക്കകം തന്നെ അഞ്ഞൂറിലേറെ ഉപഭോക്താക്കളുള്ള സംരംഭമാക്കി പെണ്‍പട്ടിനെ മാറ്റിയത്. മുള്‍ കോട്ടണ്‍ സാരികളാണ് സംരംഭത്തിലെ പ്രധാന ആകര്‍ഷണം. ഒപ്പം ഓരോ ഉത്പന്നവും പൂര്‍ണമായ പരിശോധനക്ക് ശേഷം മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുള്ളൂവെന്നതിനാല്‍ ഉപഭോക്താക്കളുടെ വിശ്വാസ്യതയുറപ്പാക്കാനും സംരംഭത്തിന് ചുരുങ്ങിയ കാലയളവില്‍ തന്നെ സാധിച്ചിട്ടുണ്ട്.

വീടിന്റെ കംഫര്‍ട്ടില്‍ നിന്നുകൊണ്ട് തന്നെയാണ് അനൂപയുടെ പ്രവര്‍ത്തനങ്ങള്‍. ആഭരണങ്ങള്‍ പോലുള്ള മറ്റ് ഇനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു വാണിജ്യ സൈറ്റായ ടുഡേ കാര്‍ട്ടാണ് സംരംഭത്തിന്റെ പ്രദാന മാര്‍ക്കറ്റിങ് മാര്‍ഗം. വെബ്‌സൈറ്റിലൂടേയും ഉപഭോക്താക്കള്‍ക്ക് സാരികള്‍ വാങ്ങാനുള്ള സംവിധാനവുമുണ്ട്.

ചുരുങ്ങിയ കാലയളവില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായി മാറിയ പെണ്‍പട്ടിന്റെ വിജയത്തിന്റെ മധുരം അനൂപയുടേത് മാത്രമല്ല, ഭര്‍ത്താവ് അനീഷ് മോഹനന്റെയും മകള്‍ ആത്മീയയുടെയും കൂടിയാണ്. ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന അനൂപയുടെ കുടുംബമാണ് പെണ്‍പട്ട് എന്ന സംരംഭത്തിന്റെ നട്ടെല്ല്.

സംരംഭകയെന്ന പട്ടം ചൂടുമ്പോഴും മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളുമുണ്ട് അനൂപയ്ക്ക്. അമ്മയുടെ തിരക്കുകളുമായി ചേര്‍ന്ന് പിന്തുണയുമായി മകളുമെത്തുന്നുണ്ട് എന്നതാണ് അനൂപ എന്ന സംരംഭകയ്ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്താകുന്നത്. പെണ്‍പട്ട് ഒരു സംരംഭത്തേക്കാളുപരി അനൂപ എന്ന സ്ത്രീയുടെ സ്വപ്‌നങ്ങളുടെ പ്രതിഫലനം കൂടിയായി മാറുകയാണ്.

https://www.instagram.com/penn_patt?igsh=Y2ZlcWN0MWZpemg0

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button