CareerSuccess Story

ആര്‍ട്ടിസ്റ്റ് സച്ചിന്‍; വരയില്‍ വിരിഞ്ഞ വിജയം

ലോകമെമ്പാടും പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍, രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനല്‍, ചിത്രകല ആഴത്തില്‍ പഠിപ്പിക്കുന്ന പുസ്തകം; ഏഴുവര്‍ഷം കൊണ്ട് ആര്‍ട്ടിസ്റ്റ് സച്ചിന്‍ കൈവരിച്ച നേട്ടങ്ങളുടെ തുടക്കം മാത്രമാണിത്. ചായക്കൂട്ടുകൊണ്ട് സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന മാസ്മരവിദ്യ അനേകമനേകം പ്രതിഭകള്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് വിഷ്വല്‍ ആര്‍ട്ട് കോഴ്‌സുകളിലൂടെ ഈ ചിത്രകാരന്‍.

അഭിരുചിയ്ക്കിണങ്ങുന്ന അധ്യാപനം ലഭിക്കാത്തതു കൊണ്ടാണ് പലരുടെയും ചിത്രകലാവാസന മുരടിച്ചു പോകുന്നത്. ചിത്രകലയ്ക്ക് താല്‍ക്കാലിക വിരാമമിട്ട് ബിടെക്കിന് ചേര്‍ന്ന സച്ചിനും ഇതേ അനുഭവമുണ്ടായി. അധ്യാപകര്‍ വരയ്ക്കുന്ന ചിത്രം അതേപടി ‘കോപ്പി’ ചെയ്യുന്ന ശിക്ഷണത്തോട് സച്ചിന് യോജിപ്പുണ്ടായിരുന്നില്ല. ഇതിന് പകരമെന്നോണമാണ് പ്രത്യേക മെത്തേഡുകളിലൂടെ സ്വന്തം ശൈലി വേഗത്തില്‍ വികസിപ്പിച്ചെടുക്കുവാനുള്ള പരിശീലന രീതിയ്ക്ക് സച്ചിന്‍ രൂപം നല്‍കുന്നത്.

തെരുവുകളിലെ കാഴ്ചകള്‍ ക്യാന്‍വാസിലേക്ക് ആവാഹിച്ചും അനാഥാലയത്തിലെ കുട്ടികള്‍ക്ക് സൗജന്യ ക്ലാസുകളെടുത്തും കരിയര്‍ ആരംഭിച്ച സച്ചിന് ഈ രീതിയിലൂടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പതിനായിരക്കണക്കിനു പ്രതിഭകളുടെ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചു. ബാല്യം കടക്കാത്തവര്‍ മുതല്‍ സപ്തതി കടന്നവര്‍ വരെ സച്ചിന്റെ വിദ്യാര്‍ത്ഥികളായുണ്ട്.

കേരളത്തില്‍ കലാശിക്ഷണത്തെ ഡിജിറ്റല്‍ മേഖലയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട് ഈ കലാകാരന്‍. യൂട്യൂബിനു പുറമെ 2020ല്‍ ലോഞ്ച് ചെയ്ത ഓണ്‍ലൈന്‍ കൂട്ടായ്മ മുഖേനയും സച്ചിന്‍ ക്ലാസുകളെടുക്കുന്നു. പുതിയ ടെക്‌നോളജിയോട് പൊരുത്തപ്പെടുവാന്‍ പ്രയാസമുള്ള പ്രായമേറിയവര്‍ക്കുകൂടി പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഘടന.

ചെറുപ്പകാലത്ത് പിന്തുടരാന്‍ കഴിയാതെപോയ അഭിരുചിയെ തിരിച്ചു പിടിക്കുവാന്‍ ശ്രമിക്കുന്ന വലിയൊരു വിഭാഗം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സച്ചിന്റെ ‘ക്രിയേറ്റിവിറ്റി & വെല്‍നസ്’ വിദ്യാര്‍ത്ഥി കൂട്ടായ്മയിലുണ്ട്. ഈ കൂട്ടായ്മയില്‍ ചേരുന്ന അംഗങ്ങള്‍ക്ക് രണ്ടോ മൂന്നോ മാസത്തെ ക്ലാസുകള്‍ അല്ല ആജീവനാന്ത ചിത്രകലാ പഠനമാണ് നല്‍കുന്നത്. കൂട്ടായ്മയുടെ ഭാഗമായി ആര്‍ട്ട് എക്‌സിബിഷനുകളും നടത്തി വരുന്നു.

ചിത്രകലാവാസനയെ പരിപോഷിപ്പിക്കുന്നതിനൊപ്പം ജീവിതത്തില്‍ നേരിടുന്ന പ്രതിബന്ധങ്ങളെ കലയിലൂടെ അതിജീവിക്കുവാനും വ്യക്തിവികാസത്തിനും സച്ചിന്റെ ക്ലാസുകള്‍ പ്രാമുഖ്യം നല്കുന്നു.

വരയില്‍ റിയലിസ്റ്റിക്ക് ശൈലിയാണ് പിന്തുടരുന്നതെങ്കിലും ‘ഞാനൊരു കലാകാരനാണ്, എനിക്കൊരു സ്വപ്‌നമുണ്ട്’ എന്ന ആമുഖത്തോടെ ക്ലാസ്സുകള്‍ തുടങ്ങുന്ന സച്ചിന്‍ കിനാവുകളെ ക്യാന്‍വാസിലേക്ക് അഴിച്ചുവിട്ട് സ്വന്തം ശൈലി കണ്ടെത്തുവാന്‍ തന്റെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. കണ്‍മുന്നില്‍ കാണുന്നതിനെ പകര്‍ത്തി വയ്ക്കുമ്പോഴല്ല, കാണുന്ന കാഴ്ചയില്‍ തന്റെ കയ്യൊപ്പു പതിക്കാന്‍ കഴിയുമ്പോഴാണ് ഒരാള്‍ ചിത്രകാരനാകുന്നത് എന്നാണ് സച്ചിന്‍ വിശ്വസിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ ഇങ്ങനെ അനേകം കയ്യൊപ്പുകളെ സൃഷ്ടിച്ചെടുക്കുവാന്‍ സാധിച്ചതാണ് തന്റെ വിജയമെന്നും സച്ചിന്‍ പറയുന്നു.

https://artistsachin.com/
https://www.youtube.com/artistsachinofficial
https://www.facebook.com/artistsachinofficial/
https://www.instagram.com/artistsachinofficial/

Show More

Related Articles

Back to top button