EntreprenuershipSuccess Story

സിവില്‍ എഞ്ചിനീയറിംഗില്‍ നിന്ന് പ്രീമിയം ബേക്കിംഗിലേക്ക്; സ്വപ്‌നങ്ങള്‍ക്ക് മധുരം പകര്‍ന്ന് ഹിസ്ബാനയുടെ ‘ലാ വാനില’!

സിവില്‍ എഞ്ചിനീയറിംഗ് ബിരുദത്തില്‍ നിന്ന് കേക്കുകളുടെ മധുരമുള്ള ലോകത്തേക്ക് എത്തുക, സ്വന്തം കഴിവുകൊണ്ട് ആഗ്രഹിച്ച സ്വപ്‌നങ്ങളൊക്കെയും ഒന്നൊന്നായി കീഴടക്കുക ആലുവ ചൊവ്വര സ്വദേശിനിയായ ഹിസ്ബാനയുടെ യാത്ര ഏതൊരു സ്ത്രീക്കും വലിയൊരു പ്രചോദനമാണ്. വിവാഹത്തിനും കുഞ്ഞുങ്ങള്‍ക്കും ശേഷം പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നെങ്കിലും, ഉള്ളിലെ ക്രിയേറ്റീവ് ചിന്തകളെയും പാചകത്തോടുള്ള അടങ്ങാത്ത ഇഷ്ടത്തെയും കൂടെക്കൂട്ടാന്‍ ഹിസ്ബാന മറന്നില്ല.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ ഒരു പ്ലം കേക്കില്‍ നിന്നാണ് ഈ മധുരയാത്രയുടെ തുടക്കം. കഴിച്ചവരെല്ലാം ഒരേ സ്വരത്തില്‍ രുചിയെ കുറിച്ച് സംസാരിച്ചു. വീട്ടുകാരുടെ പൂര്‍ണ പിന്തുണ കൂടെ കൂട്ടായെത്തിയതോടെ ബേക്കിംഗ് ഒരു പാഷനായി ഏറ്റെടുക്കാന്‍ ഹിസ്ബാന തീരുമാനിച്ചു. ‘മിന്നൂസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്’ (Minnus Cakes and Bake) എന്ന പേരില്‍ തുടക്കം കുറിച്ച ഈ സംരംഭം, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വെഡ്ഡിംഗ് കേക്കുകളിലും കസ്റ്റമൈസ്ഡ് കേക്കുകളിലും വിസ്മയം തീര്‍ക്കുന്ന പ്രൊഫഷണല്‍ ബ്രാന്‍ഡായി വളര്‍ന്നു.

വെറുമൊരു ഹോം ബേക്കറായി ഒതുങ്ങാതെ, ഈ മേഖലയെ കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്ന ആഗ്രഹമാണ് ഹിസ്ബാനയെ ബേക്കിംഗ് ആന്‍ഡ് പാസ്ട്രി ഡിപ്ലോമയിലേക്ക് നയിച്ചത്. പാസ്ട്രി ഷെഫ് ആയി ജോലി ചെയ്യാനും അനുഭവസമ്പത്ത് നേടാനും ഡിപ്ലോമ സഹായകമായി. ബ്രൗണികള്‍, ടെന്‍ഡര്‍ കോക്കനട്ട് കേക്ക്, സ്പാനിഷ് ഡിലൈറ്റ്, ചീസ് കേക്കുകള്‍, പുഡ്ഡിംഗുകള്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയ വഴിയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും ആയിരക്കണക്കിന് കസ്റ്റമേഴ്‌സിന്റെ പ്രിയപ്പെട്ട ബേക്കറായി ഹിസ്ബാന മാറിയതിന് പിന്നില്‍ അവരുടെ പാഷനും നിശ്ചയദാര്‍ഢ്യവും കാണാം.

ഇന്ന്, സ്വന്തം വീടിന്റെ മുകള്‍നില നവീകരിച്ച് ‘La Vanille’ എന്ന പേരില്‍ ഒരു പ്രീമിയം ബേക്കിംഗ് സ്റ്റുഡിയോയ്ക്ക് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഈ പാസ്ട്രി ഷെഫ്. കസ്റ്റമൈസ്ഡ് വര്‍ക്കുകള്‍ക്ക് പുറമെ ബേക്കിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 12 ദിവസത്തെ പ്രത്യേക വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാനും ഹിസ്ബാനയുടെ പദ്ധതിയിലുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അനസിന്റെയും കുഞ്ഞുങ്ങളായ ഫാത്തിമ നസ്രിന്‍, അബ്ദുള്‍ ഹലീം, ഐസ ഐറിന്‍ എന്നിവരുടെയും പിന്തുണയാണ് ഹിസ്ബാനയുടെ കരുത്ത്. അമ്മയുടെ വഴിയെ ഏഴാം ക്ലാസ്സുകാരിയായ ഫാത്തിമയും ഇപ്പോള്‍ ബേക്കിംഗില്‍ തിളങ്ങുന്നുണ്ട്.

കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി, സ്വന്തമായി ഒരു പ്രീമിയം ബ്രാന്‍ഡ് കെട്ടിപ്പടുക്കുക എന്ന വലിയ സ്വപ്‌നത്തിലേക്ക് ഹിസ്ബാന ചിറകടിച്ചുയരുകയാണ്. ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ഹിസ്ബാന പറയുന്നു;—”ഇത് ഞാന്‍ എന്റെ സ്വപ്‌നങ്ങള്‍ കീഴടക്കിയ കാലഘട്ടമാണ്!”

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button