സിംഗിള്‍ മദറില്‍ നിന്ന് ഗ്ലോബല്‍ ബ്രാന്‍ഡിലേക്ക്; മുംതാസ് പടുത്തുയ ര്‍ത്തിയ ‘കാമിയ നാച്ചുറല്‍സ്’

ജീവിതത്തിലെ അപ്രതീക്ഷിത വീഴ്ചകളില്‍ തളരാതെ, നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവനത്തിന്റെ പുതിയൊരു ചരിത്രമെഴുതുന്ന മനുഷ്യരുണ്ട്. നഷ്ടപ്പെടലുകളില്‍ നിന്ന് തുടങ്ങിയ പോരാട്ടം ഇന്ന് ഇന്ത്യയിലുടനീളം പ്രകാശം പരത്തുന്ന വിജയ സംരംഭമായി മാറ്റുകയാണ് തൃശൂര്‍ ചേര്‍പ്പ് സ്വദേശിനി മുംതാസും €’കാമിയ നാച്ചുറല്‍സ്’ എന്ന സംരംഭവും.
എം.ബി.എ പഠനത്തിന് ശേഷം വിവാഹിതയായ മുംതാസ് ആറു വര്‍ഷത്തോളം വീട്ടമ്മയായി കഴിഞ്ഞു. അധ്യാപനത്തോടുള്ള അഭിനിവേശമായിരുന്നു സ്വകാര്യ സ്‌കൂളില്‍ ടീച്ചറായി ജോലിയില്‍ പ്രവേശിക്കാന്‍ മുംതാസിന് പ്രചോദനമായത്. ‘ലേണിംഗ് ഡിസെബിലിറ്റി’യില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതും ഈ കാലത്താണ്. വിദേശത്തേക്ക് ചേക്കേറാന്‍ പദ്ധതിയിട്ടിരുന്ന സമയത്താണ് കോവിഡ് വില്ലനായി എത്തുന്നത്. തുടര്‍ന്ന് ജോലി രാജിവച്ച് കേക്ക് ബേക്കിങ്, കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഹാംപറുകള്‍ എന്നിവ നിര്‍മിച്ച് 2020 മുതല്‍ 2023 വരെ വിജയകരമായി മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍, ബേക്കിംഗിനിടയില്‍ അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടവും പരിക്കുമായിരുന്നു മുംതാസിന്റെ ജീവിതം മാറ്റിമറിച്ചത്.

പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ലോകത്തേക്ക് എത്തിയതും ഇതേ കാലയളവിലാണ്. വിശ്രമകാലത്ത് ആയുര്‍വേദത്തെക്കുറിച്ചും സൗന്ദര്യസംരക്ഷണ കൂട്ടുകളെക്കുറിച്ചും പുസ്തകങ്ങള്‍ വായിച്ചും വൈദ്യന്മാരുമായും ആയുര്‍വേദ ഡോക്ടര്‍മാരുമായും സംസാരിച്ചും അവര്‍ അറിവ് നേടി. ഒപ്പം കോസ്‌മെറ്റിക് ഫോര്‍മുലേഷനില്‍ പ്രത്യേക കോഴ്‌സുകളും പൂര്‍ത്തിയാക്കി. അങ്ങനെ ആദ്യമായി ഒരു ‘സ്‌കിന്‍ ബ്രൈറ്റനിംഗ് ഓയില്‍’ നിര്‍മിച്ച് സൗഹൃദവലയത്തില്‍ വിതരണം ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നാലെ നൈറ്റ് ക്രീം കൂടി വിപണിയിലെത്തിച്ചതോടെ ആത്മവിശ്വാസമേറി.
ഇതിനിടയിലും പ്രതിസന്ധികളേറെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് മുംതാസിന്. കൂടെയുണ്ടെന്ന് കരുതിയ പ്രിയപ്പെട്ടവര്‍ വഞ്ചിക്കുകയും സമ്പാദ്യത്തിന്റെ പകുതിയിലധികം തട്ടിയെടുക്കുകയും ചെയ്തപ്പോഴും അവര്‍ തളര്‍ന്നില്ല. കൈയ്യില്‍ അവശേഷിച്ച പതിനായിരം രൂപ കൊണ്ട് രണ്ട് വര്‍ഷം മുന്‍പ് ചേര്‍പ്പ് കേന്ദ്രീകരിച്ച് അവര്‍ ‘കാമിയ നാച്ചുറല്‍സ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.
ഹാനികരമായ കെമിക്കലുകള്‍ പൂര്‍ണമായും ഒഴിവാക്കി, ആയുര്‍വേദ മരുന്നുകളും പ്രകൃതിദത്ത കൂട്ടുകളും ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാനാവുന്നതാണ് കാമിയയുടെ ഓരോ ഉത്പന്നങ്ങളും. ഉത്പന്നങ്ങളുടെ നിര്‍മാണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.
ഇന്ന് ഫേസ് ക്രീമുകള്‍ ഉള്‍പ്പെടെ പത്തോളം ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കാമിയ നാച്ചുറല്‍സിനുണ്ട്. ആയുര്‍വേദ ഗുണങ്ങളടങ്ങിയ സണ്‍സ്‌ക്രീന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. ദിവസേന നൂറ്റമ്പതിലധികം ഓര്‍ഡറുകളാണ് ഇന്‍സ്റ്റാഗ്രാം വഴിയും ഓണ്‍ലൈനായും ഇവരെ തേടിയെത്തുന്നത്. സ്വന്തമായി നിര്‍മാണ യൂണിറ്റും 10 ജീവനക്കാരും ഇന്ന് മുംതാസിനൊപ്പമുണ്ട്. ഒന്നുമില്ലാതിരുന്ന കാലത്ത് കൂടെനിന്ന ജീവനക്കാരും മാതാപിതാക്കളും സഹോദരിയുമാണ് തന്റെ വിജയത്തിന്റെ അടിത്തറയെന്ന് മുംതാസ് നന്ദിയോടെ ഓര്‍ക്കുന്നു.
ഇന്ന് ഇന്ത്യയിലുടനീളവും വിദേശത്തും തരംഗമായി മാറിയ കാമിയ നാച്ചുറല്‍സിനെ വന്‍കിട ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക. വീണുപോയേക്കാവുന്ന പ്രതിസന്ധികളില്‍ നിന്ന് കഠിനാധ്വാനം കൊണ്ട് ഉയര്‍ന്നുവന്ന മുംതാസിന്റെ ജീവിതം തെളിയിക്കുന്നത് ഒന്നേയുള്ളൂ; ”മനസ്സില്‍ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ വിധി തടസ്സമല്ല, വിജയവഴികളിലെ വഴിവിളക്കാണ്…!”



