Success Story

ദാമ്പത്യം; സ്‌നേഹം മാത്രം പോരാ മനസ്സിലാക്കലും വേണം… വിശ്വാസം കാത്തുസൂക്ഷിക്കാം… ദാമ്പത്യം മനോഹരമാക്കാം..

അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് ആത്മബന്ധത്തിലേക്ക്… സ്‌നേഹം വിവാഹത്തിലേക്ക് നയിക്കും… എന്നാല്‍ വിശ്വാസമാണ് വിവാഹത്തെ നിലനിര്‍ത്തുന്നത്.

ദാമ്പത്യം രണ്ടു വ്യക്തികളുടെ ഒരുമിച്ചുള്ള യാത്രയാണ്. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നു വന്ന രണ്ടു പേര്‍ ഒരേ ജീവിതം പങ്കിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അഭിപ്രായ ഭിന്നതകള്‍ ഒരു ബന്ധത്തിന്റെ പരാജയത്തിന്റെ ലക്ഷണം അല്ല; മറിച്ച് അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ബന്ധത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നത്.

ഇന്ന് കുടുംബജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ആശയവിനിമയത്തിന്റെ അഭാവം. തിരക്കേറിയ ജീവിതം, തൊഴില്‍ സമ്മര്‍ദ്ദം, സാമ്പത്തിക ബാധ്യതകള്‍, മൊബൈല്‍ ഫോണിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും അമിത ഉപയോഗം എന്നിവ പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള ആത്മബന്ധം കുറയ്ക്കുന്നു. ഒരുമിച്ച് താമസിച്ചാലും മനസ്സുകൊണ്ട് വേര്‍പിരിഞ്ഞ അവസ്ഥയിലേക്ക് അത് എത്തിച്ചേരും.

അഭിപ്രായവ്യത്യാസങ്ങള്‍ എന്തുകൊണ്ട്?
ഓരോ ദമ്പതികള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവയ്ക്ക് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പരിഹാരവും എളുപ്പമാകും.
1. പരസ്പരം കേള്‍ക്കാനുള്ള അക്ഷമ.
2. വ്യത്യസ്ത സാമ്പത്തിക ചിന്താഗതി.
3. കുടുംബാംഗങ്ങളുടെ അമിതമായ ഇടപെടല്‍.
4. ജോലിത്തിരക്ക്.
5. വികാരങ്ങള്‍ തുറന്നു പങ്കുവയ്ക്കാത്തത്.
6. പരസ്പരം അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും അഭാവം.
ഒരു ബന്ധത്തില്‍ ‘ഞാന്‍ പറയുന്നത് മാത്രമാണ് ശരി’ എന്ന സമീപനത്തിന് പകരം നമുക്ക് ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്താം എന്ന മനോഭാവം രണ്ടുപേരും സ്വീകരിക്കുമ്പോഴാണ് ബന്ധം കൂടുതല്‍ ശക്തമാകുന്നത്.

വിവാഹേതര ബന്ധങ്ങള്‍ ഒരു മുന്നറിയിപ്പ്
അടുത്തകാലത്ത് കുടുംബബന്ധങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വിവാഹേതര ബന്ധങ്ങള്‍. ഇവ ഒരൊറ്റ കാരണത്താല്‍ ഉണ്ടാകുന്നതല്ല. വൈകാരിക അകലം, ഏകാന്തത, പരിഹരിക്കപ്പെടാത്ത അഭിപ്രായ വ്യത്യാസങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള അനാരോഗ്യകരമായ അടുപ്പങ്ങള്‍, ആത്മനിയന്ത്രണക്കുറവ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിന് വഴിയൊരുക്കാം. എന്നാല്‍ ഈ സാഹചര്യങ്ങള്‍ ഒരിക്കലും വിവാഹേതര ബന്ധത്തെ ന്യായീകരിക്കുന്നില്ല.
വിവാഹേതര ബന്ധങ്ങള്‍ പലപ്പോഴും ഒരു താത്ക്കാലിക ആശ്വാസമായി തോന്നിയേക്കാം. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ആഴത്തിലുള്ളതാണ് വിശ്വാസം തകരുന്നു, കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു, മക്കളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, കുറ്റബോധവും മാനസിക സംഘര്‍ഷവും വര്‍ദ്ധിക്കുന്നു. ഒരു നിമിഷത്തെ തെറ്റായ തീരുമാനം വര്‍ഷങ്ങളായി കെട്ടിപ്പടുത്ത ബന്ധത്തെ തകര്‍ക്കാന്‍ മതിയാകും.

ദാമ്പത്യം സംരക്ഷിക്കാന്‍

  1. ദിവസവും കുറച്ചു നേരം പരസ്പരം ഫോണ്‍ മാറ്റി വെച്ച് സംസാരിക്കുക
  2. കേള്‍ക്കുക മനസ്സു തുറന്ന്.
  3. ദേഷ്യമുള്ള സമയത്ത് തീരുമാനമെടുക്കാതിരിക്കുക.
  4. ജീവിതപങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക
  5. മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും ആരോഗ്യകരമായ അതിരുകള്‍ നിശ്ചയിക്കുക.
  6. ചെറിയ സന്തോഷങ്ങളും വിജയങ്ങളും ഒരുമിച്ച് ആഘോഷിക്കുക.
  7. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൗണ്‍സിലറുടെ സഹായം തേടാന്‍ മടിക്കരുത്.
    സന്തോഷകരമായ ദാമ്പത്യം അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാത്ത ജീവിതമല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും കൈവിടാതെ പരസ്പരം ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന ബന്ധമാണ്. സ്‌നേഹം, വിശ്വാസം, ആത്മാര്‍ത്ഥത, തുറന്ന ആശയ വിനിമയം, പരസ്പരം സ്വീകാര്യത എന്നിവ നിലനിര്‍ത്തുമ്പോള്‍ കുടുംബജീവിതം കൂടുതല്‍ സുരക്ഷിതവും സന്തോഷകരവും ആകും.

ഡോ. ഹണി.സി. ആര്‍ (PhD)
Family Counsellor.

.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button