പത്രപരസ്യത്തില്‍ നിന്നുയര്‍ന്ന മാതൃത്വം; അനാഥത്വത്തിന്റെ കണ്ണീരൊപ്പിയ രാജലക്ഷ്മി

രക്തബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം സ്നേഹത്തിന്റെ ഒരു മഹാസമുദ്രം നെഞ്ചിലേറ്റിയ മനുഷ്യരുണ്ട്. സ്വന്തം ചോരയില്‍ പിറന്നവരെയല്ല, മറിച്ച് വിധിയുടെ ക്രൂരതയാല്‍ തെരുവുകളിലും അനാഥാലയങ്ങളിലും ഒറ്റപ്പെട്ടുപോയ പിഞ്ചുകുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് അവര്‍ക്ക് ജീവനും ജീവിതവും നല്കിയവര്. അങ്ങനെയൊരാളാണ് തൃശൂരിന്റെ മണ്ണില്‍ ജീവിക്കുന്ന രാജലക്ഷ്മി അമ്മ. മുപ്പത്തിമൂന്ന് അനാഥക്കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പി, അവരുടെ പുഞ്ചിരിയില്‍ സ്വന്തം സ്വര്‍ഗ്ഗം കണ്ടെത്തിയ ഒരു സാധാരണ സ്ത്രീയുടെ അസാധാരണമായ ജീവിതകഥ തുടങ്ങുന്നത് 1985ലെ ഒരു പത്ര പരസ്യത്തിലൂടെയാണ്.
മടിയോടെ പത്രത്താളുകള്‍ മറിക്കുന്നതിനിടയിലാണ് ‘മാതൃഭൂമി’യിലെ ആ കൊച്ചു പരസ്യം അവരുടെ കണ്ണില്‍ ഉടക്കിയത്: ‘അമ്മയെ വേണം. കാരുണ്യവും ത്യാഗമനസ്സുമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.’

മറ്റുള്ളവര്‍ക്കതൊരു പരസ്യം മാത്രമായിരുന്നെങ്കില്‍, രാജലക്ഷ്മിക്കത് ആരോ അദൃശ്യമായി തന്നിലേല്‍പ്പിച്ച ദൗത്യമായിരുന്നു. ലോകത്ത് അമ്മയില്ലാതെ കരയുന്ന കുഞ്ഞുങ്ങള്‍ക്കായി സ്വന്തം ജീവിതം മാറ്റിവെക്കാന്‍ അവള് തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പുകളെയും സമൂഹത്തിന്റെ ചോദ്യങ്ങളെയും അവള് സ്നേഹം കൊണ്ട് നേരിട്ടു. ഒടുവില്‍ 1985 ഏപ്രില്‍ 11ന്, തൃശൂരിലെ ‘എസ്.ഓ.എസ് ചില്‍ഡ്രന്‍സ് വില്ലേജിന്റെ’ പടിവാതില്‍ കടക്കുമ്പോള്‍ ഒരു പുതിയ നിയോഗത്തിലേക്ക് കൂടിയായിരുന്നു അവര്‍ ചുവടുവച്ചത്.
വില്ലേജിലെ പത്താം നമ്പര്‍ വീടായിരുന്നു രാജലക്ഷ്മിക്ക് അനുവദിച്ചു കിട്ടിയത്. അവിടെ അവളെ കാത്തിരുന്നത് അമ്മയുടെ സ്നേഹം എന്തെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളായിരുന്നു. അതുവരെ ഒരു കുഞ്ഞിനെപ്പോലും പരിചരിച്ച് ശീലമില്ലാത്ത ആ യുവതി, ഒറ്റരാത്രികൊണ്ട് അവരുടെ ‘അമ്മ’യായി മാറി. കാലം കടന്നുപോയപ്പോള്‍ കൂടുതല്‍ കുട്ടികളെ ആ അമ്മക്കൈകളില്‍ സംഘടന ഏല്‍പ്പിച്ചു. അങ്ങനെ തന്റെ ആയുസ്സും യൗവനവും മുഴുവന്‍ ആ മക്കള്‍ക്കായി അവര്‍ ഹോമിച്ചു. ഒടുവില്‍ മുപ്പത്തിമൂന്ന് മക്കളുടെ കാവലാളായി ആ അമ്മ മാറി. അവരുടെ പനിച്ചുവിറച്ച രാത്രികളില്‍ ഉറക്കമിളച്ചിരുന്നും, സ്വന്തം വിശപ്പ് മറന്ന് അവര്‍ക്ക് വച്ചുവിളമ്പിയും, അവരെ നല്ല നിലയില്‍ വളര്‍ത്താന്‍ അമ്മ പ്രയത്നിച്ചു.
തന്റെ ജീവിതം മുഴുവന്‍ മക്കള്‍ക്കായി നല്കിയ അമ്മയ്ക്ക് 2017ല്‍ ആരോഗ്യപ്രശ്നങ്ങള്‍ വില്ലനായി വന്നപ്പോള്‍ വില്ലേജിലെ നിയമങ്ങള്‍ക്കനുസരിച്ച് അവിടെനിന്നും പടിയിറങ്ങേണ്ടി വന്നു. അമ്മ വില്ലേജ് വിട്ട് പുറത്തേക്ക് വരുമ്പോള്‍ മക്കളുടെയെല്ലാം പഠനം പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അമ്മ അവരെ കൈവിട്ടില്ല. ഭാവിയില്‍ എന്നെങ്കിലും മക്കള്‍ പലവഴിക്ക് പിരിഞ്ഞുപോകേണ്ടി വരുമെന്ന് ദീര്‍ഘവീക്ഷണമുള്ള ആ അമ്മയ്ക്ക് അന്നേ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ, റിട്ടയര്‍മെന്റിന് ശേഷവും മക്കള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് നില്ക്കാന് വേണ്ടി അമ്മ തന്റെ സമ്പാദ്യം മുഴുവന്‍ കൂട്ടിവെച്ച് തൃശൂരില്‍ ഒരു സ്വന്തം വീട് വാങ്ങി. ഇന്ന് ആ മക്കള്‍ക്കെല്ലാം സമൂഹത്തില്‍ ഒരു മേല്‍വിലാസമുണ്ടായത് അമ്മയുടെ ആ കരുതലിലാണ്. ഗ്രാമം വിട്ട ശേഷവും മക്കളുടെ പഠനം മുടങ്ങാതെ നോക്കാനും അവരെ ഉന്നത നിലകളില്‍ എത്തിക്കാനും ആ മാതൃഹൃദയം കാവലിരുന്നു.

അമ്മയുടെ സ്നേഹവും പ്രാര്‍ത്ഥനയും കൊണ്ട് മാത്രം വളര്‍ന്ന ആ മുപ്പത്തിമൂന്ന് മക്കളും ഇന്ന് ജീവിതത്തില്‍ വിജയിച്ചവരും സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നവരുമാണ്. ഓരോരുത്തരും അവരവരുടെ ജീവിതവുമായി മുന്നോട്ടുപോകുമ്പോഴും, തങ്ങളെ വളര്‍ത്തിയ അമ്മയെ പരിചരിക്കാന്‍ അവരില്‍ ചിലര്‍ എപ്പോഴും കൂടെയുണ്ട്. അമ്മയുടെ മക്കളില്‍ ഒരാള്‍ ഇന്ന് യുകെയില്‍ നഴ്സായി സേവനമനുഷ്ഠിക്കുന്നു; മറ്റൊരാള്‍ ബാംഗ്ലൂരില്‍ ഫിസിയോതെറാപ്പി ഡോക്ടറാണ്. അബുദാബിയില്‍ എഞ്ചിനീയറായും ചെന്നൈയിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയിലുമൊക്കെയായി ആ മക്കള്‍ ഇന്ന് വിവിധ മേഖലകളില്‍ തങ്ങളുടേതായ വിജയം തൊട്ടറിഞ്ഞിരിക്കുന്നു.
ഇന്ന് തൃശൂരിലെ സ്വന്തം വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോള്‍ രാജലക്ഷ്മി അമ്മയുടെ മുഖത്ത് യുദ്ധം ജയിച്ച ഒരു പോരാളിയുടെ സംതൃപ്തിയുണ്ട്. ലോകത്തിന്റെ കണ്ണില്‍ പലരും പലയിടങ്ങളിലാണെങ്കിലും ആ ഹൃദയം ഒട്ടും ശൂന്യമല്ല. തങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അമ്മയ്ക്ക് തണലായി മക്കളും, അവരുടെ ഫോണ്‍കോളുകളും സ്നേഹാന്വേഷണങ്ങളും എപ്പോഴുമുണ്ട്.
‘പെറ്റമ്മയാകാന്‍ ആര്‍ക്കും കഴിഞ്ഞേക്കാം, എന്നാല്‍ പോറ്റമ്മയാകാന്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു ഹൃദയം വേണം’ എന്ന വാക്കുകള്‍ക്ക് ജീവിക്കുന്ന ഉദാഹരണമാണ് രാജലക്ഷ്മി അമ്മയും അവരുടെ ജീവിതവും.



