ഹൃദയങ്ങള്‍ കീഴടക്കുന്ന സംഗീതയാത്ര; പ്രചോദനമായി നിഷയുടെ സംരംഭവിജയം

സ്വന്തം ജീവിതം പാഷനും ഉത്തരവാദിത്വവും ചേര്‍ത്ത് സുന്ദരമായി നിര്‍മിക്കാന്‍ കഴിയുന്ന സ്ത്രീകളുടെ കഥകള്‍ എല്ലായ്പ്പോഴും പ്രചോദനമാണ്. അത്തരത്തില്‍ ജീവിതത്തിന്റെ ഓരോ ഘട്ടവും ആത്മാര്‍ത്ഥതയോടെ മുന്നോട്ട് കൊണ്ടുപോയ ഒരാളാണ് കോട്ടയം സ്വദേശിനി നിഷ റോസ് മിഥുന്. തന്റെ ഹൃദയത്തിന്റെ താളം കേട്ട് രണ്ട് വ്യത്യസ്ത മേഖലകളില്‍ സ്വന്തമായൊരിടം കണ്ടെത്തിയ നിഷ, ഇന്ന് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.

സംഗീതം ഒരു ഹോബി മാത്രമല്ല, തന്റെ പാഷനാണെന്ന് വിശ്വസിച്ച നിഷ റോസ്, ആ വിശ്വാസത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയപ്പോള്‍ ജനിച്ച ബാന്‍ഡാണ് ‘RHYTHM OF FUSION’. സാധാരണ മ്യൂസിക് ബാന്‍ഡില്‍ നിന്ന് മാറി, ഒരു മ്യൂസിക് ഫെസ്റ്റിവലിന്റെ ആത്മാവോടെ രൂപം കൊണ്ട ഈ സംരംഭം, ആദ്യ പരിപാടിയില്‍ തന്നെ വ്യത്യസ്തതയുടെ മുദ്ര പതിപ്പിച്ചു. ‘ഒരേ നില’ എന്ന പേരില്‍ മൂണ്‍ തീമില്‍ കൊച്ചിയില്‍ നടത്തിയ ആദ്യ പ്രോഗ്രാം, സ്റ്റേജ് ഡെക്കറേഷന് മുതല്‍ പാട്ടുകളുടെ തിരഞ്ഞെടുപ്പ് വരെ അതേ തീമിലായിരുന്നു. സംഗീതത്തെയും അവതരണത്തെയും ഒരുപോലെ പ്രാധാന്യമുള്ളതാക്കുന്ന ഈ ആശയം തന്നെയാണ് ഈ ബാന്‍ഡിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.

കൊച്ചിയിലും കോട്ടയത്തുമായി നിരവധി പ്രോഗ്രാമുകള്‍ നടത്തിയ ഈ ടീം, ഓരോ വേദിയിലും പുതിയൊരു അനുഭവം സൃഷ്ടിക്കുകയാണ്. ഉടന്‍ തന്നെ ബാന്‍ഡിന്റെ കവര്‍ സോങ് പുറത്തിറക്കി, വിവിധ നഗരങ്ങളിലേക്ക് സംഗീതവേദി വ്യാപിപ്പിക്കാനാണ് RHYTHM OF FUSION ന്റെ ലക്ഷ്യം. ബാന്‍ഡിന്റെ ‘അണ്‍പ്ലഗ്ഡ് സെഷന്‍സി’നാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ചു വരുന്നത്. ആസ്വാദകരുമായി നേരിട്ട് സംവദിക്കുന്ന മ്യൂസിക്കല്‍ ടോക്കുകള്‍, ഓപ്പണ്‍ മൈക് സെഷനുകള്‍, മ്യൂസിക്കല്‍ ചാറ്റ് ഷോ, മ്യൂസിക്കല്‍ വര്‍ക് ഷോപ്പ് എന്നിവയാണ് ഇവര്‍ പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്.

സംഗീതം പോലെ തന്നെ ഫാഷനോടും ഹൃദയബന്ധമുണ്ടായിരുന്ന നിഷ റോസ്, 2022ല്‍ ആരംഭിച്ച ROZZA DESIGN STUDIO വഴി മറ്റൊരു സ്വപ്നവും സാക്ഷാത്കരിച്ചു. കസ്റ്റമൈസേഷനില്‍ പ്രത്യേക ശ്രദ്ധയും, ഉയര്‍ന്ന നിലവാരമുള്ള കാഞ്ചീപുരം സാരികളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി കളക്ഷനും ROZZA യെ വ്യത്യസ്തമാക്കുന്നു.

ചെറുപ്പം മുതല്‍ സ്വന്തമായെന്തെങ്കിലും സൃഷ്ടിക്കണമെന്ന ആഗ്രഹം നിഷയുടെ മനസിലുണ്ടായിരുന്നു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് RHYTHM OF FUSION എന്ന മ്യൂസിക്ക് ബാന്‍ഡായി വളര്‍ന്നത്. രാജഗിരി സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ നിഷ റോസ് ഫാഷന്‍ ലോകത്തും തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ വിജയത്തിന്റെയെല്ലാം പിന്നില്‍ കുടുംബത്തിന്റെ ശക്തമായ പിന്തുണയുണ്ട്. ഭര്‍ത്താവായ ഡോ. മിഥുന് ജോയ് കാട്ടൂര്‍, മക്കളായ സാറ, ജോസഫ്, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരാണ് നിഷയുടെ കരുത്ത്.

പണമായിരുന്നില്ല, പാഷനായിരുന്നു അവരെ മുന്നോട്ട് നയിച്ച ശക്തി. അതുകൊണ്ടുതന്നെ, തന്റെ സംഗീതവേദിയെ സാമൂഹിക ഉത്തരവാദിത്വങ്ങളുമായി ബന്ധിപ്പിക്കാനാണ് നിഷയുടെ ആഗ്രഹം. കോട്ടയത്തെ ഓര്‍ഫണേജുകളില്‍ നിന്നുള്ള കുട്ടികളെ കണ്ടെത്തി സംഗീതം പഠിപ്പിക്കുകയും, അവരുടെ കഴിവുകള്‍ക്ക് വേദി ഒരുക്കുകയും ചെയ്യുന്നത്, RHYTHM OF FUSION ന്റെ മനുഷ്യസ്നേഹത്തിന്റെ ഉദാഹരണമാണ്.

RHYTHM OF FUSION എന്ന സംഗീതവേദിയും ROZZA DESIGN STUDIO എന്ന ഫാഷന്‍ ലോകവും, ഒരേ ആത്മാവില്‍ നിന്നുള്ള രണ്ട് സൃഷ്ടികളാണ്. പാഷനും ആത്മാര്‍ത്ഥതയും ചേര്‍ന്നാല്‍ എന്തെല്ലാം സാധ്യമാണെന്ന് തെളിയിക്കുന്നൊരു ജീവിതകഥ.

സ്വപ്നങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നിഷ റോസിന്റെ യാത്ര ഒരു വെളിച്ചമാണ്. ജീവിതത്തില്‍ എത്ര ഉയരങ്ങളിലെത്തിയാലും വിനയവും കരുണയും കൈവിടാതെ, കഠിനാധ്വാനവും സ്ഥിരതയും ദൈവവിശ്വാസവുമുണ്ടെങ്കില്‍ വിജയത്തിന്റെ വാതിലുകള്‍ സ്വയം തുറക്കും.

https://www.instagram.com/rozzadesignstudio



