EntreprenuershipSuccess Story

ചമയത്തില്‍ തെളിഞ്ഞ സമയം; വിജയവഴിയില്‍ ഇത് രേഷ്മയുടെ ഏഴാം വര്‍ഷം

ലയ രാജന്‍

ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പ്രഗത്ഭരായ പുതുസംരംഭകരുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ പഠിച്ച മേഖലയില്‍ തന്നെ ലഭിച്ച ജോലി വേണ്ടെന്ന് വച്ച് ഭര്‍ത്താവിനൊപ്പം, അദ്ദേഹത്തിന്റെ ജോലി സ്ഥലമായ തമിഴ്‌നാട്ടില്‍ താമസമാക്കി, അവിടെ വെച്ച് മേക്കപ്പിനോടുള്ള തന്റെ അതിയായ ഇഷ്ടം കൊണ്ട് ബ്രൈഡല്‍ മേക്കപ്പ് തന്റെ തൊഴില്‍ മേഖലയാക്കി മാറ്റി ആ മേഖലയില്‍ ശോഭിച്ച സംരംഭകയുടെ കഥ ഒന്നേയുള്ളൂ. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയായ രേഷ്മയാണ് കേരളത്തില്‍നിന്ന് തമിഴ്‌നാട്ടില്‍ എത്തി തന്റെ സംരംഭക ജീവിതം ആരംഭിച്ച് തിരികെ കേരളത്തില്‍ എത്തി ആ സംരംഭം വിജയിപ്പിച്ച മിടുക്കി… ഏഴു വര്‍ഷമായി ഫ്രീലാന്‍സ് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന രേഷ്മയുടെ സ്വന്തം സ്ഥാപനമാണ് എസ് ആര്‍ ബ്രൈഡല്‍സ് ബൈ രേഷ്മ.

നാട്ടില്‍ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു എം കോം ബിരുദധാരിയായ രേഷ്മ. ക്രിയാത്മകമായി ഒന്നും തന്നെ ചെയ്യാന്‍ ഇല്ലാതിരുന്ന ആ ജോലി മതിയാക്കിയാണ് തമിഴ്‌നാട്ടില്‍ ഡെന്റല്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് പ്രശാന്തിന് അരികിലേക്ക് രേഷ്മ പോയത്. അത്യാവശ്യം മേക്കപ്പ് പരിശീലനങ്ങള്‍ രേഷ്മ നേടിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ വീട്ടുടമയുടെ മകളാണ് രേഷ്മയെ തന്റെ അസിസ്റ്റന്റ് ആയി ആദ്യം നിയമിച്ച് ഈ മേഖലയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രേഷ്മയുടെ കഴിവിലും മികവിലും മതിപ്പും വിശ്വാസവും തോന്നിയതോടെ തന്റെ മാര്‍ഗം തന്നെയാണെന്ന് രേഷ്മ തിരിച്ചറിയുകയായിരുന്നു.

ഗുരുവായൂര്‍ ആസ്ഥാനമാക്കി തന്റെ ‘ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന കരിയര്‍ ആരംഭിച്ച രേഷ്മ, കഴിഞ്ഞ ഏഴുവര്‍ഷമായി ഈ രംഗത്ത് തിരക്കുള്ള ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ്. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേരുടെ വിവാഹ മേക്കപ്പ് ചെയ്യാന്‍ രേഷ്മയ്ക്ക് കഴിഞ്ഞു. ‘നോ മേക്കപ്പ് ലുക്ക്’ ആണ് രേഷ്മയുടെ ഏറ്റവും മികച്ച മേക്കപ്പ് രീതി. ആവശ്യപ്പെടുന്ന രീതിയില്‍, വധുവിന്റെ ചര്‍മത്തിനും ഉദ്ദേശിക്കുന്ന ആശയത്തിനും അങ്ങേയറ്റം യോജിക്കുന്ന രീതിയിലുള്ള മേക്കപ്പ് സേവനങ്ങള്‍ നല്‍കാന്‍ രേഷ്മ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

സംതൃപ്തരായ ഉപഭോക്താക്കളാണ് രേഷ്മയുടെ പരസ്യം. പ്രധാനമായും സോഷ്യല്‍ മീഡിയ വഴിയാണ് ബുക്കിംഗ് സ്വീകരിക്കാറുള്ളതെങ്കിലും ചെയ്ത വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ട് രേഷ്മയെ തേടിയെത്തുന്ന കസ്റ്റമര്‍മാരാണ് അധികവും. പരമാവധി ബജറ്റ് മേക്കപ്പ് സേവനങ്ങളാണ് രേഷ്മ നല്‍കാറുള്ളത്. ഇതിനുപുറമേ ബ്രൈഡല്‍ മേക്കപ്പ് ചെലവ് താങ്ങാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് അവര്‍ അറിയിക്കുന്നത് അനുസരിച്ച് സൗജന്യമായും രേഷ്മ ബ്രൈഡല്‍ മേക്കപ്പ് ചെയ്യാറുണ്ട്.

ഒരു ഫ്രീലാന്‍സര്‍ക്ക് അധികകാലം നിലനില്‍പ്പില്ലാത്ത ഈ മേഖലയില്‍ ഇരുനൂറിലേറെ സംതൃപ്തരായ കസ്റ്റമര്‍മാര്‍ക്കൊപ്പം ഏഴ് വര്‍ഷമായി രേഷ്മ വിജയകരമായി തുടരുന്നുണ്ട്. മകന്‍ കൈക്കുഞ്ഞ് ആയിരിക്കുന്ന സമയത്ത് നേരിട്ട ശാരീരികമാനസിക സമ്മര്‍ദങ്ങളും വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ ഉറക്കമൊഴിഞ്ഞുള്ള യാത്രകളുമടക്കമുള്ള പ്രതിസന്ധികളില്‍, വീണു പോകാതെ ഒപ്പം നിന്ന തന്റെ അമ്മയും ഭര്‍ത്താവുമാണ് തന്റെ വിജയവഴിയുടെ നട്ടെല്ലെന്ന് അഭിമാനപൂര്‍വം പറഞ്ഞു വയ്ക്കുകയാണ് രേഷ്മ.

ഗുരുവായൂര്‍ ആസ്ഥാനമാക്കി, മുഴുവന്‍ സമയ സേവനങ്ങള്‍ക്ക് പര്യാപ്തമായ ഒരു മേക്കോവര്‍ സ്റ്റുഡിയോ സ്വന്തമായി ആരംഭിക്കുക എന്നതാണ് രേഷ്മയുടെ സ്വപ്‌നം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button