എലഗന്റ് & ക്ലാസി; ഗായത്രിയുടെ നിധി ജുവല്‍സ്

പ്രതിസന്ധികളാണ് പലപ്പോഴും മനുഷ്യനെ പുതിയ ചുവടുകള്‍ വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. പാലക്കാട് സ്വദേശിനി ഗായത്രിയെ സംബന്ധിച്ചും പ്രതിസന്ധികളാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അവസരങ്ങള്‍ കണ്‍മുന്നില്‍ വഴിമാറിപ്പോയപ്പോഴും ദൈനംദിന ചിലവുകള്‍ പോലും വഹിക്കുക പ്രയാസമായി മാറുകയും ചെയ്തപ്പോഴും വിധിയെ പഴിക്കുന്നതിന് പകരം പുതിയ വഴികള്‍ തേടാനാണ് ഗായത്രി ശ്രമിച്ചത്. മകള്‍, ഭാര്യ, അമ്മ തുടങ്ങി ജീവിതത്തിലെ തസ്തിക മാറ്റങ്ങള്‍ക്കിടയില്‍ സംരംഭകയെന്ന പേര് കൂടി എഴുതിച്ചേര്‍ക്കുകയാണ് ‘നിധി ജുവല്‍സ്’ എന്ന തന്റെ സംരംഭത്തിലൂടെ ഗായത്രി…!
ബി.എസ്.സിയും എം.ബി.എയും പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ ജോലിക്കായുള്ള ശ്രമങ്ങളിലായിരുന്നു ഗായത്രി. നിരവധി പിഎസ്‌സി പരീക്ഷകള്‍ എഴുതി, പലതും ലഭിച്ചെങ്കിലും അവസാനഘട്ടത്തില്‍ അവസരങ്ങള്‍ തെന്നിമാറി. ആര്‍മി ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ശമ്പളം കൊണ്ട് മാത്രം മുന്നോട്ടുള്ള ജീവിതം പ്രയാസമായിരിക്കുമെന്ന തിരിച്ചറിവ് കൂടിയാണ് തന്റേതായ സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത്.
സാമ്പത്തിക പ്രയാസങ്ങളും മറ്റ് പ്രതിസന്ധികളുമെല്ലാം ചുവടുവയ്പുകള്‍ക്ക് തടസമായപ്പോഴും ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ഗായത്രി തയ്യാറായിരുന്നില്ല. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയുള്ള പരിചയത്തില്‍ നിന്നും ഓണ്‍ലൈനായി വില്‍പനയുടെ സാധ്യതകളും കണ്ടെത്തി. സമൂഹ മാധ്യമങ്ങളിലൂടെ ഹോള്‍സെയിലര്‍മാരെ കണ്ടെത്തുകയായിരുന്നു ആദ്യ വെല്ലുവിളി. വീഴ്ചകള്‍ സംഭവിച്ചുവെങ്കിലും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കാന്‍ തീരുമാനിച്ചതോടെ വിശ്വസ്തരായ ഏതാനും ഹോള്‍സെയിലര്‍മാരെയും ഗായത്രിക്ക് ലഭിച്ചു.
നിശ്ചയദാര്‍ഢ്യത്തിലൂന്നി 2025 ഏപ്രിലിലാണ് ഗായത്രി നിധി ജുവല്‍സ് എന്ന തന്റെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുടുംബവുമായി കൂടിയാലോചിക്കാതെയായിരുന്നു അന്ന് തുടക്കം. സ്വരുക്കൂട്ടിയിരുന്ന പണമുപയോഗിച്ച് ആദ്യത്തെ ‘പര്‍ച്ചേസ്’ നടത്തി. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും തന്റെ ഉത്പന്നങ്ങളെ മാര്‍ക്കറ്റ് ചെയ്തു. പതിയെ ഓര്‍ഡറുകളും ലഭിച്ചുതുടങ്ങി.

കുറഞ്ഞ നിരക്കില്‍ ട്രെന്‍ഡിംഗായ ജ്വല്ലറികളാണ് നിധി ജുവല്‍സിനെ ശ്രദ്ധേയമാക്കുന്നത്. ഇന്‍വിസിബിള്‍ നെക്ലേസ്, ചോക്കര്‍, പാലക്കാ മാല എന്നിവയ്ക്ക് പുറമെ ബ്രൈഡല്‍ സെറ്റുകളും നിധിയിലുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള ആഭരണങ്ങളൊരുക്കുകയാണ് തന്റെ സംരംഭത്തിലൂടെ ഗായത്രി. ഉപഭോക്താക്കള്‍ക്ക് ഉത്പന്നത്തിന്റെ കൃത്യമായ ഫോട്ടോഗ്രാഫുകളും വിവരണങ്ങളും അയച്ച് ചര്‍ച്ച ചെയ്തശേഷമാണ് ഓരോ ഓര്‍ഡറുകളും ഗായത്രി ഏറ്റെടുക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും കസ്റ്റമര്‍ക്ക് കൈമാറുന്നതെന്നതിനാല്‍ ഉപഭോക്താക്കളുടെ വിശ്വാസത്യ നേടിയെടുക്കാനും ചുരുങ്ങിയ കാലം കൊണ്ട് ഗായത്രിക്ക് സാധിച്ചിട്ടുണ്ട്.
തുടക്കകാലത്ത് താനൊരു സംരംഭം നടത്തുന്നുണ്ടെന്നത് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നും ഓര്‍ഡറുകള്‍ ലഭിക്കുകയും പാക്ക് ചെയ്യുന്നത് കാണാനിടയാവുകയും ചെയ്തതോടെയാണ് സംരംഭത്തെ കുറിച്ച് അവര്‍ അറിഞ്ഞതെന്നും ഗായത്രി പറയുന്നുണ്ട്. ആര്‍മി ഉദ്യോഗസ്ഥനായ ഭര്‍ത്താവും സഹായങ്ങള്‍ ഉറപ്പാക്കി ഗായത്രിക്ക് ഒപ്പമുണ്ട്.
കൈക്കുഞ്ഞുമായി സംരംഭകയെന്ന ആശയത്തിലേക്ക് എത്താന്‍ ഗായത്രിക്ക് പ്രേരണയായത് സാമ്പത്തികമായി നേരിട്ട പ്രതിസന്ധികളായിരുന്നു. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഉറക്കെ പറയുന്നതോടൊപ്പം തന്റെ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളില്‍ കൂടിയാണ് ഗായത്രി ഇന്ന്. ഗായത്രിയെ സംബന്ധിച്ച് നിധി ജുവല്‍സ് ഒരു സംരംഭം മാത്രമല്ല, നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പുതുവഴി കൂടിയാണ്.



