Success Story

COSMIQ INVOTECH PRIVATE LIMITED; സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് ഒരു കാര്‍ഷിക വിപ്ലവം

കൃഷിയും സാങ്കേതികവിദ്യയും ഒരുമിച്ചാല്‍ ഗ്രാമീണ ഇന്ത്യയുടെ ഭാവി മാറ്റാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സംരംഭകരില്‍ ഒരാളാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രൊഫസര്‍ പ്രശാന്ത് രാജീവ്. അധ്യാപക ജീവിതത്തില്‍ നിന്ന് സംരംഭകത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, ഇന്ന് നിരവധി യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രചോദനമായി മാറുകയാണ്.

COSMIQ INVOTECH PRIVATE LIMITED എന്ന സ്ഥാപനത്തിലൂടെ അഗ്രികള്‍ച്ചറല്‍ മേഖലയ്ക്കും ഫുഡ് പ്രോസസിങ് മേഖലയിലേക്കും ആവശ്യമായ പുതുമയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുകയാണ് അദ്ദേഹം. സ്ഥാപകന്‍ പ്രശാന്ത് രാജീവിനൊപ്പം സഹസ്ഥാപകന്‍മാരായ വിഷ്ണു മോഹനും ജ്യോതിഷും ഈ സംരംഭത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

റിന്യൂവബിള്‍ എനര്‍ജിയും സസ്‌റ്റൈനബിള്‍ എനര്‍ജിയും ഉപയോഗിച്ചുള്ള ഐ.ഒ.ടി അടിസ്ഥാനത്തിലുള്ള സോളാര്‍ ഡീഹൈഡ്രേറ്റര്‍, സ്‌റ്റെര്‍ലൈസര്‍, സ്റ്റീമര്‍ തുടങ്ങിയ ഫുണ്ട് പ്രോസസിങ്, അഗ്രികള്‍ച്ചറല്‍ മെഷിനറികള്‍ നിര്‍മിച്ച് ഇതിനകം തന്നെ ശ്രദ്ധേയമായ സ്ഥാനമാണ് ഈ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഏഴ് പേറ്റന്റുകളാണ് കമ്പനിക്ക് സ്വന്തമായുള്ളത്. ഈ പേറ്റന്റുകള്‍ COSMIQ INVOTECH ന്റെ സാങ്കേതിക മികവ് വ്യക്തമാക്കുന്നതാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരം നേടിയതോടൊപ്പം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

2021 ലാണ് COSMIQ INVOTECH പ്രവര്‍ത്തനം ആരംഭിച്ചത്. തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ.പി സുധീറിന്റെ നേതൃത്വത്തില്‍ റഫ്താര്‍ അഗ്രിബിസിനസ് ഇന്‍കുബേറ്ററിലായിരുന്നു ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെപ്പ്. നവീനമായ പ്രൊഡക്ടുകള്‍ തിരഞ്ഞെടുക്കുന്ന പദ്ധതിയില്‍ കേന്ദ്ര കൃഷികര്‍ഷകക്ഷേമ വകുപ്പും, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ആര്‍.കെ.വി.വൈ റഫ്താര്‍ അഗ്രി ബിസിനസ് ഇന്‍കുബേറ്ററും ചേര്‍ന്ന് കമ്പനിയെ പിന്തുണച്ചു. തുടക്കത്തില്‍ അഞ്ച് ലക്ഷം രൂപ ഗ്രാന്റായി ലഭിച്ചതും പിന്നീട് 22 ലക്ഷം രൂപ കൂടി ലഭിച്ചതും സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ കരുത്തായി.

അഗ്രികള്‍ച്ചറല്‍ മെഷിനറി നിര്‍മാണത്തില്‍ മാത്രം ഒതുങ്ങാതെ, പുതിയൊരു മേഖലയില്‍ കൂടി കമ്പനി ചുവടുവയ്ക്കുകയാണ്. ട്രാവന്‍കൂര്‍ ഫുഡ്‌സ് ആന്‍ഡ് ബിവറേജസെന്ന ബ്രാന്‍ഡില്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍, ബേബി ഫുഡ്‌സ്, ഡീഹൈഡ്രേറ്റഡ് ‘റെഡി ടു കുക്ക്’ വെജിറ്റബിള്‍ കറികള്‍ എന്നിവയാണ് ഇതിലൂടെ വിപണിയിലെത്തുക.

ഇന്ത്യയില്‍ ആദ്യമായി ‘ടീ ക്യൂബ്’ എന്ന ആശയം അവതരിപ്പിക്കുന്നതും ഈ കമ്പനിയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ട്രയല്‍ മാര്‍ക്കറ്റിങ് നടത്തിയ ശേഷം അന്താരാഷ്ട്ര വിപണിയിലേക്കാണ് ഇവരുടെ ഫുഡ് പ്രൊഡക്ടുകള്‍ എത്തുന്നത്. 2018 – 21 കാലഘട്ടത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ.പി സുധീറിന്റെയും പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ഷാന ഹര്‍ഷന്റെയും സാങ്കേതിക സഹകരണത്തോടെയും പരിശീലനത്തോടെയും അദ്ദേഹം തന്റെ സംരംഭകത്വത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് 2020ല്‍ അധ്യാപന ജോലി ഉപേക്ഷിച്ച് പൂര്‍ണമായും ഒരു സംരംഭകനായി മാറുകയായിരുന്നു.

കമ്പനിയുടെ പുതുമയാര്‍ന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളും നിരവധി അംഗീകാരങ്ങളും നേടി. കേന്ദ്ര കൃഷികര്‍ഷക ക്ഷേമ വകുപ്പിന്റെ ഇന്ത്യയിലെ മികച്ച പ്രൊജക്ടിനുള്ള അംഗീകാരവും, 2023ല്‍ രാഷ്ട്രീയ ശിക്ഷാ ഗൗരവ് പുരസ്‌കാര്‍ സമര്‍പ്പണത്തില്‍ എജുക്കേഷന്‍ & റിസര്‍ച്ച് മേഖലയിലെ സമഗ്ര സംഭാവനകള്‍ വിലയിരുത്തി ‘യങ് എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്തു.

കേരള കാര്‍ഷിക സര്‍വകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും ഓണാട്ടുകര അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും കേരളത്തിലെ നിരവധി പ്രമുഖ കമ്പനികളും COSMIQ INVOTECH ന്റെ പ്രധാന കസ്റ്റമേഴ്‌സാണ്.

പുതുമയുള്ള ആശയങ്ങളും സാങ്കേതികവിദ്യയും ചേര്‍ത്ത് കൃഷിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് COSMIQ INVOTECH നടത്തുന്നത്. കൃഷിയെയും സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ച് പുതിയ സാധ്യതകള്‍ തുറക്കുന്ന ഈ സംരംഭം, ഭാവിയില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനുള്ള യാത്ര തുടരുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button