Success Story

രുചിയില്‍ വളര്‍ന്ന സ്വപ്‌നം; Mubi’s Kitchen എന്ന വിജയഗാഥ

ഒരു വീട്ടമ്മയുടെ ജീവിതം സാധാരണയായി കുടുംബത്തെയും വീട്ടുപണികളെയും ചുറ്റിപ്പറ്റിയതായിരിക്കും. എന്നാല്‍ ആ പരിധികള്‍ക്കപ്പുറം സ്വന്തം സ്വപ്‌നങ്ങളെ വളര്‍ത്തിയെടുക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ സമൂഹത്തിന് പ്രചോദനമായി മാറും. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ മുബഷിറ അത്തരത്തില്‍ സ്വന്തം പാഷനില്‍ വിശ്വാസമര്‍പ്പിച്ച് അതിനെയൊരു വിജയകരമായ ബ്രാന്‍ഡാക്കി മുന്നേറുന്ന സ്ത്രീയാണ്. ‘Mubi’s Kitchen’ എന്ന പേരില്‍ ഇന്ന് നിരവധി വീടുകളിലെ രുചിക്കൂട്ടായി മാറിയ ഈ സംരംഭം, ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും മനോഹരമായ തെളിവാണ്.

കുക്കിംഗിനോടുള്ള ഇഷ്ടമാണ് മുബഷിറയെ ഈ വഴിയിലേക്ക് നയിച്ചത്. ടിവിയിലെ കുക്കറി ഷോകളും മാസികകളിലെ റെസിപ്പികളും ശ്രദ്ധയോടെ പഠിച്ചു അതേപോലെ പരീക്ഷിച്ചുകൊണ്ടായിരുന്നു തുടക്കം. അങ്ങനെ ചെറുതായി തുടങ്ങിയ പരീക്ഷണങ്ങള്‍ പിന്നീടൊരു പാഷനായി മാറി. പുഡിങ്ങും ജ്യൂസുമെല്ലാം തയ്യാറാക്കിയാണ് ആദ്യകാല ശ്രമങ്ങള്‍ ആരംഭിച്ചത്. ആദ്യം ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമായിരുന്നു അവ വിതരണം ചെയ്തത്. അവരുടെ പ്രശംസയും പ്രോത്സാഹനവുമാണ് മുന്നോട്ടുള്ള വഴി കൂടുതല്‍ ഉറപ്പിച്ചത്.

ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ് സംഭവിച്ചത് മകന്റെ പ്ലേ സ്‌കൂളിലൂടെയാണ്. അവിടെ അധ്യാപികയും സുഹൃത്തുമായ ഷബ്‌നത്തിന്റെ പിന്തുണയോടെ സ്‌കൂള്‍ പരിപാടികള്‍ക്കായി ജ്യൂസും സ്‌നാക്ക്‌സും പുഡിങ്ങും തയ്യാറാക്കാന്‍ അവസരം ലഭിച്ചു. അതിലൂടെ ചെറിയ വരുമാനം കിട്ടിത്തുടങ്ങിയതോടെ, ഇതൊരു ബിസിനസാക്കി മാറ്റാനുള്ള ആത്മവിശ്വാസം മുബഷിറക്ക് ലഭിച്ചു. പിന്നീട് 2018ല്‍ നടന്ന ഒരു എക്‌സ്‌പോയില്‍ ഭര്‍ത്താവാണ് ‘Mubi’s Kitchen’ എന്ന പേരില്‍ തന്റെ ബ്രാന്‍ഡ് അവതരിപ്പിച്ചത്.

ആരംഭത്തില്‍ വലിയ ഇന്‍വെസ്റ്റ്‌മെന്റുകളൊന്നുമില്ലാതെ വീട്ടില്‍ നിന്നാണ് ഈ സംരംഭം വളര്‍ന്നത്. എന്നാല്‍ ഗുണമേന്മയുള്ള രുചിയും ആത്മാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍, ഉപഭോക്താക്കള്‍ സ്വാഭാവികമായി എത്തിത്തുടങ്ങി. ഇന്ന് നോണ്‍വെജും, വെജുമുള്‍പ്പെടെ എല്ലാതരം പിക്കിളുകളും ചമ്മന്തി പൊടികളും Mubi’s Kitchenല്‍ ലഭ്യമാണ്. പ്രത്യേകിച്ച് കാടമുട്ട അച്ചാര്‍ ഇവരുടെ സിഗ്‌നേച്ചര്‍ ഐറ്റമായി മാറിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ ലഭിച്ച വിശ്വാസത്തോടെയും ഈ ബ്രാന്‍ഡ് കേരളത്തിന്റെ അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലാകെ വ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നതും വിദേശത്തേക്കും പ്രൊഡക്ടുകള്‍ എത്തുന്നതാണ് ഈ ബ്രാന്‍ഡിന്റെ വളര്‍ച്ച തെളിയിക്കുന്നത്. ഇന്ത്യയിലാകെ കൊറിയര്‍ സൗകര്യം ഒരുക്കിയതും കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ സഹായകമായി.

ഈ യാത്രയില്‍ ഏറ്റവും വലിയ പിന്തുണയായി കൂടെ നിന്നത് ഭര്‍ത്താവ് നൗഷാദും സുഹൃത്തായ ഷബ്‌നവും മറ്റനവധി സുഹൃത്തുക്കളും മക്കളുമാണ്. അവരുടെ വിശ്വാസവും പ്രോത്സാഹനവുമാണ് മുബഷിറയുടെ മുന്നേറ്റത്തിന് പിന്നിലെ ശക്തി.

ഭാവിയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനും, തന്റെ പ്രൊഡക്ടുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യണമെന്നുമാണ് മുബഷിറയുടെ സ്വപ്‌നം. ഒരു വീട്ടമ്മ തന്റെ പാഷനെ കരുത്താക്കി എങ്ങനെ വിജയത്തിലേക്കെത്തിയെന്ന് കാണിച്ചുതരുന്നതാണ് ഈ യാത്ര.

Mubi’s Kitchen ഒരു വീട്ടമ്മയുടെ സ്വപ്‌നത്തിന്റെ രുചിയാണ്. ഓരോ അച്ചാറിലും അടങ്ങിയിരിക്കുന്നത് മുബഷിറയുടെ അധ്വാനവും സ്‌നേഹവും ആത്മവിശ്വാസവുമാണ്. സ്വന്തം സ്വപ്‌നങ്ങളെ പിന്തുടരാന്‍ ധൈര്യം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഓരോ സ്ത്രീക്കും, മുബഷിറയുടെ കഥ ഒരു പ്രചോദനമായി തുടരും.

https://www.instagram.com/mubis__kitchen?igsh=MWllYnVieDIzZTY5eQ%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button