EntreprenuershipSuccess Story

കുട്ടിക്കാലത്ത് കണ്ട്, യാഥാര്‍ത്ഥ്യത്തിലേക്ക് തുന്നിച്ചേര്‍ന്ന സ്വപ്‌നം; culture.in ന്റെ കഥ

പിന്തുടരാന്‍ ധൈര്യമുണ്ടെങ്കില്‍, നമ്മുടെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കാനാകുമെന്ന വാള്‍ട്ട് ഡിസ്‌നിയുടെ വാക്യത്തോട് ചേര്‍ത്തുവെക്കാനാകും ആലപ്പുഴക്കാരിയായ യുവസംരംഭക ഷനാനയുടെ കഥയും…! നിശ്ചയദാര്‍ഢ്യവും പാഷനും, ചെറുപ്പത്തില്‍ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവും ചേര്‍ത്തൊട്ടിച്ചപ്പോള്‍ ഫാഷന്‍ രംഗത്ത് തന്റേതായ മുഖമുദ്ര പതിപ്പിക്കാന്‍ ഷനാനയ്ക്ക് സാധിച്ചു. ഫാഷനോടുള്ള പാഷനില്‍ നിന്നും ഉയര്‍ന്ന culture.in എന്ന സ്ഥാപനം, ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ കഥ കൂടിയാണ്.

ചെറുപ്പത്തിലെപ്പോഴോ ഷനാനയുടെയുള്ളില്‍ കയറിക്കൂടിയതാണ് സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌നം. പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മാതാപിതാക്കള്‍ അന്ന് അനുവദിച്ചില്ല. അതോടെ ബി.കോം ബിരുദമെടുക്കാന്‍ തീരുമാനിച്ചു. അധികം താമസിയാതെ വിവാഹത്തെക്കുറിച്ചും വീട്ടില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി താന്‍ കണ്ട സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമെന്ന് ഭയന്നെങ്കിലും വിവാഹമായിരുന്നു ഷനാനയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

ഫാഷനോടുള്ള താത്പര്യവും സ്വന്തമായൊരു സംരംഭമെന്ന ഷനാനയുടെ സ്വപ്‌നത്തിന്റെ ആഴവും തിരിച്ചറിഞ്ഞത് ഭര്‍ത്താവ് അല്‍ത്താഫായിരുന്നു. ബിസിനസിനെ കുറിച്ച് കാര്യമായ അറിവില്ലാതിരുന്നത് വെല്ലുവിളിയായെങ്കിലും ബിസിനസ് ലോകത്തെ കൃത്യമായി മനസിലാക്കണമെന്നും തനിക്കുള്ള വെല്ലുവിളികള്‍ എന്താണെന്നും പഠിക്കാന്‍ ഷനാന തീരുമാനിച്ചു. പഠനം തുടരുന്നതിനിടെയാണ് കുഞ്ഞിന്റെ ജനനം. അമ്മയെന്ന അധ്യായം തുറന്നതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ലഭിക്കുന്ന ഒഴിവുസമയങ്ങളില്‍ എല്ലാം ഷനാന തന്റെ സ്വപ്‌നം നേടിയെടുക്കാനായി മാറ്റിവെച്ചു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയാണ് culture.in ന്റെ തുടക്കം. തുടക്കക്കാരിയെന്ന നിലയിലുണ്ടാകാവുന്ന എല്ലാ കയറ്റിറക്കങ്ങളും ഷനാനയ്ക്കും സംഭവിച്ചിരുന്നു. ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചിട്ടു കസ്റ്റമേഴ്‌സില്ലാതിരുന്ന സമയവുമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയും ദൃഢവിശ്വാസവുമാണ് മുന്നോട്ട് നയിച്ചതെന്നും ഷനാന പറയുന്നു.

പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് നീങ്ങിയതിന്റെ ഫലമായിരുന്നു എട്ട് മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലാരംഭിച്ച ഔട്ട്‌ലെറ്റ്. കോര്‍ഡ് സെറ്റുകള്‍, സല്‍വാര്‍, ത്രീ പീസ് സെറ്റ്, കാഷ്വല്‍വെയര്‍ ഡ്രസുകള്‍ എന്നിവയ്ക്ക് പുറമെ കസ്റ്റമൈസ്ഡ് ഡ്രസ്സുകളും ഇവിടെയുണ്ട്. കസ്റ്റമേഴ്‌സിന്റെ ‘കംഫര്‍ട്ട്’ മനസിലാക്കിയാണ് ഓരോ വസ്ത്രങ്ങളും ഒരുക്കുന്നത് എന്നത് തന്നെയാണ് culture.in നെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കാഷ്വല്‍വെയര്‍ പാര്‍ട്ടി വെയര്‍ എന്നിവയ്ക്ക് പുറമെ, കസ്റ്റമൈസ്ഡ് ബ്രൈഡല്‍ ഡ്രസ്സുകളും ഇവിടെയുണ്ട്. ചുരുങ്ങിയ കാലയളവില്‍ തന്നെ പന്ത്രണ്ടോളം ബ്രൈഡുകള്‍ക്കുള്ള വസ്ത്രങ്ങളാണ് ഇവിടെ നിന്നും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മത്സരബുദ്ധി നിറഞ്ഞ ഒരു ലോകത്ത് തന്റേതായ ഇടമുറപ്പിക്കാന്‍ ഷനാനയെ സഹായിച്ചത് വ്യക്തമായ പ്ലാനിങ്ങാണ്; ഒപ്പം കൈവിടാതെ ചേര്‍ത്തുപിടിച്ച പാഷനും… ‘നമ്മള്‍ കാണുന്ന സ്വപ്‌നത്തിന്റെ ആഴവും തീവ്രതയും തിരിച്ചറിയാനാവുക നമുക്ക് മാത്രമായിരിക്കുമെന്നും അവ നേടിയെടുക്കാനായി പോരാട്ടത്തിനിറങ്ങേണ്ടത് നമ്മള്‍ മാത്രമാണെ’ന്നും ഷനാന ഓര്‍മപ്പെടുത്തുന്നു. സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നമ്മള്‍ തീരുമാനിച്ചാല്‍, പ്രപഞ്ചം നമുക്കൊപ്പം നില്‍ക്കുമെന്നും ഷനാന പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button