Special Story

തണലേകുന്ന ഈ കൈകള്‍ തളരാതിരിക്കട്ടെ

ആതുരസേവന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഒരു ആതുര സേവക, എലിസബത്ത് ജോര്‍ജ്ജ്. നന്മ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ നന്മയുള്ളൊരു മനസും സഹജീവികളോട് കരുണയും മാത്രം മതിയെന്ന് വിശ്വസിക്കുകയും, നമ്മള്‍ ഓരോ വ്യക്തികളും നമ്മുടെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാക്കിയശേഷം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയവും ധനവും കണ്ടെത്തണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍, എലിസബത്ത് ജോര്‍ജ്ജ് ചിന്തിക്കുന്നത്, നമ്മുടെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ കഴിഞ്ഞു ഒരിക്കലും നമുക്ക് നന്മ ചെയ്യാനോ സഹജീവികള്‍ക്ക് സഹായങ്ങള്‍ ചെയ്യാനോ കഴിയില്ല എന്നാണ്. അതിനാല്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒപ്പം ചിലവുകള്‍ ചുരുക്കി നമ്മുടെ സഹജീവികളെ കൂടി സഹായിക്കുക.

ഈ ആശയവുമായി 2016ല്‍ സിംഗപ്പൂരില്‍ നിന്നുമെത്തിയ എലിസബത്ത് ജോര്‍ജ്ജ്, നിരാലംബര്‍ക്കും അശരണര്‍ക്കും കൈത്താങ്ങായി, പ്രവര്‍ത്തനം ആരംഭിച്ച ഒരു മാതൃകാ സംഘടനയാണ് കാരുണ്യഹസ്തം ചാരിറ്റബിള്‍ സൊസൈറ്റി. എട്ടു പേര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഇത്.

ഓര്‍മ്മ വച്ച നാള്‍ മുതല്‍ക്കേ ദുരിതത്തിലും കഷ്ടതയിലും കഴിയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന എലിസബത്തിന്റെ ആ പ്രയത്‌നങ്ങളാണ് കാരുണ്യഹസ്തം ചാരിറ്റബിള്‍ സൊസൈറ്റിയായി രൂപികൃതമായത്. 2016-ല്‍ തിരുവോണ നാളില്‍, തിരുവനന്തപുരം ജില്ലയില്‍ തീരദേശ നിവാസികള്‍ക്ക്, പലവ്യജ്ഞന സാധനങ്ങളും, വസ്ത്രങ്ങളും, ധനസഹായവും നല്‍കിക്കൊണ്ടാണ്, കാരുണ്യഹസ്തം പ്രവര്‍ത്തനമാരംഭിച്ചത്. മുന്‍ ആരോഗ്യമന്ത്രി വി. എസ് ശിവകുമാര്‍ ഭദ്രദീപം കൊളുത്തി ആരംഭിച്ച ഈ സംഘടനയ്ക്ക്, ഇതിനോടകം നിരവധി നിരാലംബര്‍ക്ക് സഹായഹസ്തമരുളാന്‍ സാധിച്ചു.

അട്ടത്തോട്, അട്ടപ്പാടി, ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണസാമഗ്രികളും, വസ്ത്രങ്ങളും, കുട്ടികള്‍ക്ക് വേണ്ട പഠനോപകരണങ്ങളും എത്തിച്ചു കൊടുക്കുവാനും, ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ താമസിക്കുന്ന നിരവധി നിര്‍ദ്ധനര്‍ക്ക് മേല്‍ക്കൂരകള്‍ നിര്‍മ്മിച്ചു കൊടുക്കുവാനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. ആരോരുമില്ലാത്ത വൃദ്ധ ജനങ്ങള്‍ താമസിക്കുന്ന വൃദ്ധസദനങ്ങളിലും അനാഥ കുട്ടികളെ പാര്‍പ്പിക്കുന്ന അനാഥാലയങ്ങളിലും ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രളയബാധിതര്‍ക്ക് വസ്ത്രങ്ങള്‍ എത്തിക്കുകയും ഓഖി ദുരന്തബാധിതര്‍ക്ക് ധാന്യ ചാക്കുകള്‍ എത്തിച്ചു കൊടുക്കുകയും, രോഗികള്‍ക്ക് വീല്‍ ചെയറുകള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. 78 വയസുള്ള ഒരമ്മയുടെ കാല് മുറിക്കേണ്ട അവസ്ഥയിലെത്തിയപ്പോള്‍, അനന്തപുരി ആശുപത്രിയില്‍ എത്തിച്ച് സ്വന്തം സ്വര്‍ണാഭരണങ്ങള്‍ വില്പന നടത്തി, മൂന്ന് ലക്ഷത്തോളം രൂപ ചിലവാക്കി ആ അമ്മയെ ചികിത്സിച്ചു സുഖപ്പെടുത്തി.

കൊറോണ കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പിന്തുണച്ച്, നിര്‍ധനരായ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ സംഭാവന ചെയ്തും എലിസബത്ത് മാതൃക കാട്ടി. വിശേഷപ്പെട്ട ദിവസങ്ങളില്‍ നിരവധി വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് പതിവാണ്. റോഡരുകില്‍ കാണപ്പെടുന്ന മാനസിക രോഗികള്‍ക്കും ഭിക്ഷക്കാര്‍ക്കും പൊതിച്ചോറുകള്‍ എത്തിച്ചു, അവരിലേയ്ക്കും എലിസബത്തിന്റെ കാരുണ്യഹസ്തങ്ങള്‍ നീളുന്നു.

നിരവധി ചാരിറ്റബിള്‍ സംഘടനകളെയും അകമഴിഞ്ഞു സഹായിച്ചു വരുന്ന എലിസബത്ത് ജോര്‍ജ്ജിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ‘ലിസ്റ്റ്’ അങ്ങനെ നീളുന്നു. അദ്ഭുതപ്പെടുത്തുന്ന വസ്തുത, തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക എലിസബത്ത് കണ്ടെത്തുന്നത് മകന്‍ അയച്ചുകൊടുക്കുന്നതില്‍ നിന്നു ചിലവ് ചുരുക്കി സമ്പാദിച്ചും കുറച്ച് നന്മയുള്ള സുഹൃത്തുക്കളുടെ പിന്തുണയും കൊണ്ടാണ്.

ഈ ജീവിത യാത്രയില്‍, എലിസബത്തിനെ നിരന്തരം വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. പ്രായമായ അമ്മമാരെ മക്കള്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ പതിവായിരിക്കുന്നു. ആശ്രയമില്ലാതെ അമ്മമാര്‍ തെരുവില്‍ അലയുന്നു. ആ കാഴ്ചകളില്‍ മനം നൊന്ത എലിസബത്ത്, വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാര്‍ക്കായി കരുണയും സ്‌നേഹവും നിറഞ്ഞ, ശാശ്വതമായ ഒരു അഭയസ്ഥാനമൊരുക്കാനുള്ള യജ്ഞത്തിലാണ്.

‘രക്ഷാ ഭവന്‍’ എന്നാണ് എലിസബത്ത് ജോര്‍ജ്ജ് തന്റെ സ്വപ്നദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ആശ്രയം ആവശ്യമായവര്‍ക്കു രക്ഷാകേന്ദ്രമായിരിക്കും രക്ഷാ ഭവന്‍. അശരണരെയും നിരാലംബരെയും വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെയും ജാതി മത പ്രായഭേദമില്ലാതെ ഒരു കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തി, അവര്‍ക്ക് കിട്ടാത്ത സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി, സംരക്ഷിക്കാന്‍ ഒരുക്കുന്നതാണ് ഈ പദ്ധതി.
എലിസബത്ത് ജോര്‍ജ്ജിന്റെ നന്മ നിറഞ്ഞ ഈ പദ്ധതിയുടെ വിജയത്തിനായി നാം ഓരോര്‍ത്തരും കൈകോര്‍ക്കാം.

സഹജീവികളെ സ്‌നേഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വം കൂടിയാണ് അത്. നമ്മുടെ ചെറിയ ചെറിയ സഹായങ്ങള്‍ നാളെ ഒരു വലിയ വിജയത്തിന്റെ അടിസ്ഥാന ശിലകളായി മാറുമെന്നതില്‍ സംശയമില്ല. ഒരു വലിയ വിജയത്തിന്റ ഭാഗഭാക്കാകാനും നമ്മളാല്‍ കഴിയുന്ന സഹായത്താല്‍ സഹജീവികള്‍ക്ക് ആശ്വാസമേകാനും കഴിയുന്ന ഈ സുവര്‍ണാവസരത്തെ നമുക്ക് പ്രയോജനപ്പെടുത്താം.

KARUNYA HASTHAM CHARITABLE SOCIETY-

ACCOUNT DETAILS:
A/C No: 67364058552
IFSC: SBIN0070028 (SBI CITY BRANCH, TRIVANDRUM)
Google Pay No: 90727 17600

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button