EntreprenuershipSuccess Story

‘ഇല’; പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിന്റെ രുചി പകര്‍ന്ന ബ്രാന്‍ഡ്

ജീവിതം ഒരുപാട് പരീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുമ്പോഴും അതിനെ ചെറുത്തുനില്‍ക്കാന്‍ മനസുണ്ടെങ്കില്‍ വിജയമെന്നത് ഒരിക്കലും ദൂരെയാകില്ല. തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് ഭാസ്‌കരന്റെ യാത്ര അതിന് മികച്ച ഉദാഹരണമാണ്. സാമ്പത്തിക പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞൊരു തുടക്കത്തില്‍ നിന്ന്, ഇന്ന് ‘ഇല’ എന്ന ബ്രാന്‍ഡിനെ ജനങ്ങളുടെ വിശ്വാസത്തിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ ഉറച്ച മനസും നിരന്തര പരിശ്രമവുമാണ്.

2020 ല്‍ ആരംഭിച്ച ഇലയുടെ ആദ്യപടികള്‍ എളുപ്പമായിരുന്നില്ല. ‘പൂജ സ്‌റ്റോറി’ലൂടെ പൂജാ സാധനങ്ങളുടെ വില്‍പ്പനയിലൂടെയാണ് ഈ സംരംഭം തുടക്കം കുറിച്ചത്. എന്നാല്‍ ലോകത്തെ തന്നെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ ആഘാതം ഈ സംരംഭത്തെയും കനത്ത തിരിച്ചടിയിലാഴ്ത്തി.

പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള മനോഭാവമാണ് ‘ഇല’യുടെ പുനര്‍ജന്മത്തിന് കാരണമായത്. ഫുഡ് പ്രൊഡക്ട്‌സ് മേഖലയില്‍ പുതുതായി കടന്നുവന്ന അദ്ദേഹം, പുട്ട് പൊടി മുതല്‍ മുളക് പൊടി, ഹണി മുതല്‍ നട്ട്‌സ് വരെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ ഹൃദയത്തിലേക്ക് കടന്നു. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനം ‘ഇല’യെ വ്യത്യസ്തമാക്കി.

2025 ഓഗസ്റ്റില്‍ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ ‘ഇല’ LEAFARK PRIVATE LIMITED എന്ന പേരില്‍ കമ്പനിയും രൂപീകരിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ സാന്നിധ്യമറിയിച്ച് വളരുകയാണ്. 15 പേരടങ്ങുന്ന ഒരു ടീമിന്റെ ആത്മാര്‍ത്ഥ പരിശ്രമവും, ഓരോ ഉത്പന്നത്തിന്റെയും പിന്നിലുള്ള കഠിനാധ്വാനവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. ഒരിക്കല്‍ സാമ്പത്തികമായി തകര്‍ന്നുപോയ അവസ്ഥയില്‍ നിന്ന്, ഇന്ന് സ്ഥിരതയോടെ മുന്നേറുന്ന ഒരു ബ്രാന്‍ഡായി മാറിയതില്‍ ഓരോ സ്റ്റാഫിന്റെയും പങ്ക് അനിവാര്യമാണ്.

ഈ യാത്രയില്‍ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്ന ഭാര്യ മിഥുലയും സുഹൃത്തുക്കളും അദ്ദേഹത്തിന് ശക്തമായ പിന്തുണയായി. എന്നാല്‍ ഇതൊന്നും അവസാനമല്ല, ഇതൊരു തുടക്കമാണ്. ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന, വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരാളായി അരവിന്ദ് തന്റെ സ്വപ്‌നങ്ങളെ കൂടുതല്‍ വലുതാക്കുകയാണ്.

മാര്‍ക്കറ്റിലെ മാറ്റങ്ങളെ മനസിലാക്കി അതനുസരിച്ച് ഉത്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ‘ഇല’ ശ്രദ്ധ പുലര്‍ത്തുന്നു. ഉപഭോക്താവിന്റെ പണത്തിനോട് നീതി പുലര്‍ത്തുന്ന ഗുണനിലവാരമാണ് ഇവരുടെ മുഖമുദ്ര. ഒരിക്കല്‍ ‘ട്രൈ’ ചെയ്തവര്‍ വീണ്ടും തിരികെ വരുന്ന വിശ്വാസമാണ് ഈ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ ശക്തി.

ഭാവിയില്‍ ശക്തമായൊരു യൂണിറ്റ് സ്ഥാപിച്ച് കേരളമൊട്ടാകെ ‘ഇല’യുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് അരവിന്ദിന്റെ ലക്ഷ്യം. കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും ഒരു കുടുംബത്തിന് സ്ഥിരതയുള്ള ജീവിതം നല്‍കാനും കഴിയുന്നത് തന്നെയാണ് തന്റെ വിജയമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

‘ഇല’ എന്ന ബ്രാന്‍ഡ് ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് ഉയര്‍ന്നുനില്‍ക്കുന്ന ഒരു പ്രതീക്ഷയുടെ പ്രതീകമാണ്. ഓരോ പാക്കറ്റിലും നിറഞ്ഞിരിക്കുന്നത് ഗുണനിലവാരം മാത്രമല്ല, അതിന് പിന്നിലെ ഒരു മനുഷ്യന്റെ സ്വപ്‌നവും പരിശ്രമവുമാണ്. അത്തരത്തില്‍ ഇലയുടെ രുചിയിലൂടെ ഓരോ കേരളീയരുടെയും മനസ് നിറക്കാനുള്ള യാത്രയിലാണ് അരവിന്ദും ടീമും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button