സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് രംഗത്ത് പുതുതരംഗമായി കോഗ്‌നെറ്റ്‌സ്

ലയ രാജന്‍
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ ഇന്ന് അരങ്ങ് വാഴുന്ന ഡിജിറ്റല്‍ ലോകം, പണ്ടും ഇപ്പോഴും അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇടമാണ്. അനന്തമായ തൊഴില്‍ സംരംഭക സാധ്യതകള്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ ഐ. ടി രംഗത്തിന്റെ അനിശ്ചിതത്വവും എണ്ണത്തില്‍ ഏറെയുള്ള ഇതേ സാധ്യതകള്‍ തന്നെയാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഈ സാധ്യതകളെ എങ്ങനെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കണം എന്നതിലുള്ള അവബോധമില്ലായ്മയും കൈകാര്യം ചെയ്യാനുള്ള പരിശീലനക്കുറവും മാറ്റങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തനമേഖല ക്രമീകരിക്കുകയും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ നിലവില്‍ കൊണ്ടുവരികയുമാണ് ഡിജിറ്റല്‍ മേഖലയില്‍ നിലനില്‍ക്കുന്ന ഓരോ സംരംഭത്തിന്റെയും വിജയത്തിന് പിന്നിലെ ലളിതമായ തത്വം. ഈ തത്വത്തില്‍ മുറുകെപ്പിടിച്ച് കഴിഞ്ഞ രണ്ടര വര്‍ഷമായി വിജയവാഡയില്‍ തുടരുന്ന സംരംഭമാണ് കോഗ്‌നെറ്റ്‌സ്.
പത്തനംതിട്ട അടൂര്‍ സ്വദേശി ഗോകുല്‍ നാഥ് അവിചാരിതമായി തിരഞ്ഞെടുത്ത മേഖലയാണ് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്. ബിടെക് പഠനത്തിന് ശേഷം വിദ്യാഭ്യാസ മേഖലയില്‍ സംരംഭകനായി തന്റെ കരിയര്‍ വിജയകരമായി ആരംഭിച്ച ഗോകുലിന് കോവിഡിന് ശേഷം ആ വിജയം തുടരാന്‍ സാധിച്ചില്ല.
സ്ഥാപനത്തിന്റെ ആവശ്യത്തിനുവേണ്ടി സ്വന്തം നിലയ്ക്ക് പരിശീലിച്ച സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വെബ്‌സൈറ്റ് നിര്‍മാണം പോലെയുള്ള ജോലികള്‍ ചെറിയ തോതില്‍ അപ്പോഴും ചെയ്തിരുന്ന ഗോകുല്‍, പരിചയക്കാരുടെ ആവശ്യനുസരണം സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് അതില്‍ ഒരു ബിസിനസ് സാധ്യത കണ്ടെത്തുകയുമായിരുന്നു. ‘കൈവെള്ളയിലെ മാണിക്യം’ തിരിച്ചറിഞ്ഞതോടെ ‘കോഗ്‌നെറ്റ്‌സ്’ എന്ന തന്റെ സ്ഥാപനം ആദ്യം കൊച്ചിയിലും, പിന്നീട് ഒരു ബ്രാഞ്ച് സ്വന്തം നാടായ അടൂരിലും ആരംഭിക്കുകയായിരുന്നു.
സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ആഡ് ഫിലിം പ്രൊഡക്ഷന്‍ മുതലായവയാണ് കോഗ്‌നെറ്റ്‌സിലെ പ്രധാന സേവനങ്ങള്‍. ലോജിസ്റ്റിക്‌സ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക്, കൂടുതലായും സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്നത് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. കുറ്റമറ്റ രീതിയില്‍ അങ്ങേയറ്റം കൃത്യതയോടെ ഏറ്റെടുത്ത പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിനാല്‍ ഈ മേഖലയില്‍ ഏറ്റവും തിരക്കേറിയ സംരംഭങ്ങളില്‍ ഒന്നാണ് കോഗ്‌നെറ്റ്‌സ്.

നിരന്തരമായ പഠനവും പരിശീലനവും മേഖലയിലെ മാറ്റങ്ങളെ കുറിച്ചുള്ള അവബോധവും സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് രംഗത്തെ സുസ്ഥിരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ ഒട്ടേറെ പേരുടെ തൊഴില്‍സ്ഥിരത തുലാസില്‍ ആയപ്പോള്‍ ഗോകുല്‍ ചിന്തിച്ചത് മറിച്ചാണ്. തന്റെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനും നൂതന നൈപുണ്യ വികസനത്തിനും ഈ മേഖലയിലെ മികച്ച റിസള്‍ട്ടിനുമായി കോഗ്‌നെറ്റ്‌സ് ടീം പരിശീലിക്കുന്നത് സ്വന്തമായി വികസിപ്പിച്ചെടുത്ത കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ്. വളരെ ചെറിയ മൂലധനത്തില്‍ നിന്ന് ആരംഭിച്ച ഈ സംരംഭത്തില്‍ ഇന്നുള്ളത് 24 പേരടങ്ങുന്ന മികച്ച ടീമാണ്.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഈ വിജയത്തിന് പിന്നിലുണ്ട് എന്ന് ഗോകുല്‍ പറയുന്നു. സ്ഥാപനത്തെ അടുത്ത തലങ്ങളിലേക്ക് വളര്‍ത്തുന്നതിനൊപ്പം വരും തലമുറകളെ, ഭാവിയെ ഉത്തരവാദിത്വപൂര്‍വ്വം കാണാനും തിരഞ്ഞെടുക്കാനും ബോധവല്‍ക്കരിക്കുന്ന തരത്തില്‍ നിലവില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിനുകള്‍ ഉള്‍പ്പെടെ സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മേഖലയെ പ്രയോജനപ്പെടുത്തണം എന്നതാണ് ഗോകുലിന്റെ ആഗ്രഹം. കോഗ്‌നെറ്റ്‌സിന് പുറമേ ‘ദ പാര്‍ട്ടി സ്‌റ്റോര്‍’ എന്ന ഫോട്ടോഗ്രാഫി കമ്പനിയുടെ പങ്കാളി കൂടിയാണ് ഗോകുല്‍.



