സന്തോഷം പൊതിഞ്ഞെടുത്ത സ്നേഹ സമ്മാനങ്ങള്‍; ഇത് ആതിരയുടെ ‘ലൂമ പഫ്’

ലയ രാജന്
ചെറുതോ വലുതോ ആകട്ടെ, സമ്മാനങ്ങള്‍ കണ്ണില്‍ നിറയ്ക്കുന്ന സന്തോഷം വളരെ വലുതാണ്. ഓര്‍ത്തുവെച്ച്, സ്നേഹം കൂട്ടിവച്ച്, അപ്രതീക്ഷമായി കയ്യിലേക്ക് എത്തിക്കുന്ന സമ്മാനങ്ങള്‍ക്ക് ഇത്തിരി ചേലും കൂടുതലാണ്. ആനന്ദത്തിന്റെ നിറവുള്ള ആ നിമിഷങ്ങള്‍ക്ക് മധുരം പകരാന്‍ ഒരു സംരംഭത്തിന് തന്നെ ജീവന് കൊടുത്തിരിക്കുകയാണ് പത്തനംതിട്ട പന്തളം സ്വദേശി ആതിര രവീന്ദ്രന്… ‘ലൂമ പഫ്’ എന്ന തന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ സന്തോഷത്തിന്റെ ചെറിയ വലിയ സമ്മാനപ്പൊതികള്‍ സ്നേഹം ചേര്‍ത്ത് ഒരുക്കുകയാണ് ആതിര…!
2025 നവംബറില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ‘ഗിഫ്റ്റ് ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോര്‍’ എന്ന ആശയത്തിലേക്ക് ആതിര എത്തുന്നത്. ഗിഫ്റ്റ് മേക്കിങ്ങിലോ, ക്രാഫ്റ്റിംഗിലോ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും സമ്മാനങ്ങള്‍ക്ക് ഓരോരുത്തരും നല്കുന്ന സ്ഥാനം എത്ര വലുതാണ് എന്ന് തിരിച്ചറിഞ്ഞാണ് ഈ മേഖലയില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് ആതിര ഒരുങ്ങിയത്.
തന്റെ നാട്ടിലോ പരിസരപ്രദേശങ്ങളിലോ സമ്മാനപ്പൊതികളും ഹാമ്പറുകളും ഹോം ഡെലിവറി ചെയ്യുന്ന സംവിധാനം ലഭ്യമല്ല എന്ന് തീര്‍ത്തും അവിചാരിതമായി തിരിച്ചറിഞ്ഞതാണ് ആതിരയുടെ ആ തീരുമാനത്തിന് പിന്നിലെ കാരണം. വീട്ടുകാരുടെ പിന്തുണ കൂടി ചേര്‍ന്നതോടെ അതിവേഗം ലുമാ പഫ് പിറവി കൊണ്ടു.
വസ്ത്രങ്ങള്‍, ഫാഷന്‍ ആക്സസറികള്‍, സുഗന്ധദ്രവ്യങ്ങള്‍, ബാഗുകള്‍, പാവകള്‍ എന്നിങ്ങനെ സമ്മാനപ്പൊതികളില്‍ ഒളിപ്പിക്കുന്ന വസ്തുക്കള്‍ നിരവധിയാണ്. ഇതിനുപുറമേ ചോക്ലേറ്റ് ഹാമ്പറുകളും ഫ്രഷ് ബോക്കേകളും ആവശ്യാനുസരണം നല്‍കാറുണ്ട്. പ്രീമിയം ഹാമ്പറുകളും ബജറ്റഡ് ഹാമ്പറുകളും ഒരേ നിലവാരത്തില്‍, മേന്മയില് ഒട്ടും കുറവ് വരാതെയാണ് ആതിര തയ്യാറാക്കുന്നത്. എല്ലാ ഗിഫ്റ്റ് ഹാമ്പറുകളും കസ്റ്റമൈസ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.
ഉപഭോക്താവിന്റെ താല്പര്യത്തിനനുസരിച്ച് സമ്മാനപ്പൊതിയില്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നിറങ്ങള്‍ അടക്കം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതും മറ്റ് ഓണ്‍ലൈന്‍ ഗിഫ്റ്റ് സ്റ്റോറുകളെ അപേക്ഷിച്ച് മിതമായ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതും ലൂമയെ വളരെ പെട്ടെന്ന് ജനപ്രിയമാക്കി.
‘അധികം പണച്ചെലവില്ലാതെ, സന്തോഷം സമ്മാനിക്കുക’ എന്നതാണ് ആതിരയുടെ തത്വം. അതുതന്നെയാണ് ആതിര ലൂമയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.

ഇന്‍സ്റ്റഗ്രാം പേജിലൂടെയും വിശ്വസ്തരായ ഉപഭോക്താക്കളുടെ ശുപാര്ശയിലൂടെയും നിരവധി ഓര്‍ഡറുകള്‍ ഇതിനകം തന്നെ ലൂമയില്‍ എത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ നിന്ന് നാട്ടിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനുള്ള സമ്മാനങ്ങളുടെ ഓര്‍ഡറുകള്‍ ആണ് അധികം ഓര്‍ഡറുകളും. കുറ്റമറ്റ ഹോം ഡെലിവറി സേവനം ലഭ്യമാക്കുന്നത് കൊണ്ട് തന്നെ രണ്ടാമതൊന്ന് ചിന്തിക്കാതെ ലൂമ തിരഞ്ഞെടുക്കുകയാണ് മിക്കപ്പോഴും. ആ വിശ്വാസത്തെ അങ്ങേയറ്റം നന്നായി ആതിര പരിപാലിക്കുന്നുമുണ്ട്.
തുടക്കകാലത്ത് വിശ്വസ്തരായ ഡീലര്‍മാരെ കണ്ടെത്താനും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും വിപണനം നടത്താനും അടക്കമുള്ള അടിസ്ഥാന കാര്യങ്ങളില്‍ പോലും ആശയക്കുഴപ്പം നേരിട്ടിട്ടുണ്ട് എന്ന് ആതിര ഓര്‍മിക്കുന്നു. എന്നാല്‍ പ്രവര്‍ത്തന മേഖലയുടെ രീതിശാസ്ത്രം മനസ്സിലാക്കിയതോടെ സംരംഭത്തിന്റെ ഓരോ പ്രവര്‍ത്തനവും ഏറ്റവും മികച്ചതാക്കി മാറ്റുകയാണ് ആതിര.
നാലു വയസ്സുകാരനായ തന്റെ മകനാണ് തന്റെ ഏറ്റവും വലിയ പിന്തുണ എന്ന് ആതിര ചിരിയോടെ പറയുന്നു. തന്റെ കുടുംബം നല്കുന്ന പിന്തുണയില്‍ ലൂമ പഫിലൂടെ തന്റെ വിജയത്തിന്റെ ആകാശം തേടുകയാണ് ആതിര.



