EntreprenuershipSuccess Story

കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്ക് സ്വന്തം പഠനമാതൃക; DEEKSHA KINDERGARTEN

കുട്ടികളുടെ ആദ്യകാല വിദ്യാഭ്യാസമാണ് അവരുടെ ഭാവിയും വ്യക്തിത്വവും ആത്മവിശ്വാസവും തീരുമാനിക്കുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല കുട്ടികളിലെ തുടക്കത്തിലെ വിദ്യാഭ്യാസം. ആത്മവിശ്വാസം, സ്വാതന്ത്ര്യം, ആരോഗ്യകരമായ ശീലങ്ങള്‍, സാമൂഹിക ഇടപെടല്‍ എന്നിവയ്ക്കും അതോടൊപ്പം തന്നെ തുല്യപ്രാധാന്യമുണ്ട്. ഈ കാഴ്ചപ്പാടോടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന DEEKSHA KINDERGARTEN വേറിട്ട പഠനരീതിയിലൂടെ ഏറെ ശ്രദ്ധ നേടുകയാണ്. അധ്യാപനരംഗത്തെ അനുഭവസമ്പത്തും മാതൃത്വത്തില്‍നിന്ന് ലഭിച്ച തിരിച്ചറിവുകളുമാണ് ആന്‍സി അനൂപ് എന്ന യുവ സംരംഭകയെ DEEKSHA KINDERGARTEN ന്റെ ആരംഭത്തിലേക്ക് നയിക്കുന്നത്.

M.Com ബിരുദാനന്തര ബിരുദധാരിയായ ആന്‍സി അക്കൗണ്ടന്‍സി മേഖലയില്‍ നിന്നാണ് അധ്യാപന രംഗത്തേക്ക് എത്തുന്നത്. 2019 ല്‍ തിരുവനന്തപുരത്തെ ഒരു കിന്റര്‍ഗാര്‍ട്ടനില്‍ അധ്യാപികയായി തുടങ്ങിയ യാത്ര കുട്ടികളോടുള്ള താത്പപര്യം വര്‍ധിച്ചതോടെ പുതിയ ദിശയിലേക്ക് എത്തുകയായിരുന്നു. സ്വന്തം മകന്റെ വളര്‍ച്ചയും പഠനവും മുന്നില്‍ക്കണ്ടാണ് സ്വന്തമായി ഒരു പ്രീസ്‌കൂള്‍ ആരംഭിക്കാനുള്ള ആശയത്തിലേക്ക് ആന്‍സി എത്തുന്നത്. 2022 ജൂണില്‍ പ്ലേ ഗ്രൂപ്പുമായി ആരംഭിച്ച DEEKSHA പിന്നീട് LKG, UKG ക്ലാസുകളിലേക്കും വളര്‍ന്നു. നിലവില്‍ രണ്ട് കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആദ്യവര്‍ഷം തന്നെ 25 കുട്ടികളെ പ്രവേശിപ്പിക്കാനായത് സ്ഥാപനത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്.

ഈ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയ ശേഷം കുട്ടികളുടെ പ്രായത്തിനും പഠനശേഷിക്കും അനുയോജ്യമായ രീതിയില്‍ സ്വന്തം കരിക്കുലം തയ്യാറാക്കുകയായിരുന്നു ആന്‍സി. കുട്ടികള്‍ക്ക് അമിതഭാരം നല്‍കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കി ഓരോ ഘട്ടത്തിലും അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനും പരിശീലിക്കാനും കഴിയുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. എല്ലാ വിഷയങ്ങള്‍ക്കും സ്വന്തം പുസ്തകങ്ങളും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. മെന്റര്‍മാരുടെ സഹായത്തോടെ പുസ്തകങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷമാണ് അച്ചടിയിലേക്ക് കടക്കുന്നത്. ഫോണിക്‌സ്, വായന, സംസാരശേഷി, എഴുത്ത് എന്നിവയ്ക്ക് കരിക്കുലത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.

ചിത്രങ്ങളും മറ്റ് പഠനോപകരണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യാധിഷ്ഠിത പഠനവും ഇവിടെ നടപ്പാക്കുന്നു. കുട്ടികള്‍ നേരിട്ട് കണ്ടിട്ടില്ലാത്ത വസ്തുക്കളെ ചിത്രങ്ങളിലൂടെയും പ്രോപ്പുകളിലൂടെയും പരിചയപ്പെടുത്തുന്നത് പഠനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി രണ്ട് കേന്ദ്രങ്ങളിലും ‘സാന്‍ഡ് പിറ്റോ’ടുകൂടിയ ഔട്ട്‌ഡോര്‍ പ്ലേ ഏരിയയും ഒരുക്കിയിട്ടുണ്ട്. മൂന്ന് വയസ്സുമുതല്‍ കുട്ടികള്‍ക്ക് പൊതുവേദികളില്‍ സംസാരിക്കാനും പാട്ടുകള്‍ അവതരിപ്പിക്കാനും അവസരം നല്‍കുന്നു.


മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ വിജയത്തോടൊപ്പം പരാജയവും അംഗീകരിക്കാന്‍ കുട്ടികള്‍ പഠിക്കണമെന്നാണ് ആന്‍സി അനൂപിന്റെ നിലപാട്. കുട്ടികളുടെ ഭാവിക്കായി മാതാപിതാക്കള്‍ക്ക് നല്‍കാനാകുന്ന ഏറ്റവും വലിയ നിക്ഷേപം അവരുടെ സമയമാണെന്നും ഈ സ്ഥാപനം ഓര്‍മിപ്പിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button