നാച്ചുറല് ഫിനിഷിലെ മാന്ത്രിക സ്പര്ശം; സജ്നയുടെ ‘Makeup Maestro’

പഠിച്ച ബിരുദത്തിന് യോജിച്ച ജോലി തേടിപ്പോകുന്നതിനെക്കാള്, മനസ്സിനിണങ്ങിയ പാഷനെ പിന്തുടര്ന്ന് വിജയത്തിന്റെ കൊടുമുടി കയറിയവരാണ് എക്കാലത്തെയും മികച്ച സംരംഭകര്. ബി.എസ്.സി കെമിസ്ട്രി ബിരുദധാരിയായ തിരുവനന്തപുരം സ്വദേശിനി സജ്നയും ആ വഴിയേ സഞ്ചരിച്ച് വിജയം കൊയ്ത വ്യക്തിത്വമാണ്. ഇന്ന് കേരളത്തിലെ വധുക്കളുടെയും ഫാഷന് പ്രേമികളുടെയും പ്രിയപ്പെട്ട ഫ്രീലാന്സ് മേക്കപ്പ് ആര്ട്ടിസ്റ്റായി സജ്ന മാറുമ്പോള്, അതിന് പിന്നില് ‘Makeup Maestro’ എന്ന ബ്രാന്ഡിലൂടെ കഴിഞ്ഞ അഞ്ച് വര്ഷമായി അവര് നടത്തിയ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

തുടക്കം അത്ര എളുപ്പമായിരുന്നില്ല സജ്നയ്ക്ക്. മുന്പ് ഭര്ത്താവുമൊത്ത് തുടങ്ങിയ ബിസിനസിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള് തരണം ചെയ്യുന്ന സമയത്താണ് സജ്ന മേക്കപ്പ് കോഴ്സിലേക്ക് ചുവടുവെക്കുന്നത്. ചെറുപ്പം മുതലേ മനസ്സിലുണ്ടായിരുന്ന മേക്കപ്പിനോടുള്ള താത്പര്യമായിരുന്നു ഒരു പ്രൊഫഷനായി ഇത് തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിന് പിന്നില്.
സാധാരണയായി, ഒരു വിജയിയായ മേക്കപ്പ് ആര്ട്ടിസ്റ്റാകാന് ഒരാള്ക്ക് രണ്ടും മൂന്നും വര്ഷത്തോളം പ്രയത്നം വേണ്ടിവരുമ്പോള്, കഠിനശ്രമവും കൃത്യമായ ആസൂത്രണവും കൊണ്ട് വെറും ഒരു വര്ഷത്തിനുള്ളില് ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്താന് സജ്നയ്ക്ക് സാധിച്ചു.

നാച്ചുറല് ഫിനിഷും ഇന്സ്റ്റന്റ് ഗ്ലോയുമാണ് സജ്നയുടെ മേക്കപ്പിന്റെ പ്രധാന സവിശേഷത. വധുവിന്റെ സ്വാഭാവിക ഭംഗിയും ചര്മത്തിന്റെ യഥാര്ത്ഥ നിറവും ഒട്ടും ചോര്ന്നുപോകാതെ നല്കുന്ന ‘സ്കിന് ടോണ് & നാച്ചുറല് ഫിനിഷ്’ (Skin Tone & Natural Finish) മേക്കപ്പ് തന്നെയാണ് സജ്നയുടെയും ‘Makeup Maestro’യുടെയും സിഗ്നേച്ചര്. ആര്ട്ടിഫിഷ്യല് ലുക്കുകള്ക്ക് പകരം ചര്മത്തിന്റെ തനത് ഭംഗിയെ എടുത്തു കാണിക്കുന്ന ഈ ശൈലിയാണ് സജ്നയെ മറ്റ് മേക്കപ്പ് ആര്ട്ടിസ്റ്റുകളില് നിന്ന് വേറിട്ടുനിര്ത്തുന്നത്.

അസിസ്റ്റന്റുകളുടെ സഹായമില്ലാതെ തന്നെ മേക്കപ്പും ഹെയര്സ്റ്റൈലിംഗും അതിവേഗത്തിലും കൃത്യതയോടും ചെയ്തുതീര്ക്കാന് സജ്നയ്ക്ക് പ്രത്യേക കഴിവുണ്ട്. ഗ്ലാസ് സ്കിന്, എയര്ബ്രഷ്, സ്കിന് ടോണ് മേക്കപ്പ് തുടങ്ങിയ ട്രെന്ഡി ശൈലികളും സാരി ഡ്രേപ്പിംഗും ഒരുപോലെ വഴങ്ങുന്ന സജ്ന, ഓരോ ക്ലെയിന്റുമായും കൃത്യമായി സംസാരിച്ച് അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂര്ണമായി മനസ്സിലാക്കിയ ശേഷം മാത്രമാണ് വര്ക്കുകള് ആരംഭിക്കുന്നത്.

യാത്രയിലുടനീളം പ്രതിസന്ധികളും ചുറ്റുമുള്ളവരില് നിന്ന് ചോദ്യങ്ങളും നേരിടേണ്ടി വന്നെങ്കിലും അവളിലെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഭര്ത്താവ് ഷമീര് ഖാനായിരുന്നു. സ്വന്തം തിരക്കുകള്ക്കിടയിലും വര്ക്കുകള്ക്ക് കൂടെപ്പോകാനും, ഗര്ഭകാലത്തും കരിയറിന്റെ ഉയര്ച്ചതാഴ്ചകളില് ആത്മവിശ്വാസം നല്കാനും അദ്ദേഹം മുന്പന്തിയിലുണ്ടായിരുന്നു.
തന്റെ ബ്രാന്ഡിനായി ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ് എന്നിവയും സജ്ന സ്വയം പഠിച്ചെടുത്തു. ഒരിക്കല് തേടിയെത്തിയവര് മുഖേന കൂടുതല് വര്ക്കുകള് ലഭിക്കുന്നുവെന്നത് തന്നെയാണ് സജ്ന എന്ന മേക്കപ്പ് ആര്ട്ടിസ്റ്റിന്റെ വിജയം. കൂടാതെ, IFC International Chrisco സമീപകാലത്ത് നടത്തിയ ട്രഡീഷണല് ഹിന്ദു ബ്രൈഡല് കോണ്ടസ്റ്റില് First Runner-Up തിരഞ്ഞെടുക്കപ്പെട്ടത് സജ്നയെ ആയിരുന്നു.

നേരത്തെ മേക്കപ്പ് ട്യൂട്ടറായി പ്രവര്ത്തിച്ചിട്ടുള്ള ഇവര്, നിലവില് പേഴ്സണല് മേക്കപ്പ് ക്ലാസുകളും നല്കിവരുന്നുണ്ട്. ഭാവിയില് വലിയ മാസ്റ്റര് ക്ലാസുകള് സംഘടിപ്പിക്കാനും തന്റെ ഇന്സ്റ്റാഗ്രാം ബ്രാന്ഡ് കൂടുതല് ഉയരങ്ങളിലെത്തിക്കാനുമുള്ള തയ്യാറെടുപ്പിലാണ് സജ്ന.



