EntreprenuershipSuccess Story

സ്വപ്‌നങ്ങള്‍ വഴിമാറിയപ്പോള്‍ ജീവിതം വഴികാട്ടിയായി; മനസ്സുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഡോ. നിഷ ശശീന്ദ്രന്‍

ചിലര്‍ തൊഴില്‍ തിരഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലരെ ജീവിതം അവരുടെ യഥാര്‍ത്ഥ ദൗത്യത്തിലേക്ക് കൈപിടിച്ചുനടത്തുന്നു. അനവധി സ്വപ്‌നങ്ങളും പ്രതിസന്ധികളും പിന്നിട്ട് ഒടുവില്‍ ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് മാനസിക കരുത്തും പ്രതീക്ഷയും പകരുന്നൊരു മെന്ററായും കൗണ്‍സിലറായും മാറിയ വ്യക്തിത്വമാണ് പത്തനംതിട്ട ആറന്മുള സ്വദേശി ഡോ. നിഷ ശശീന്ദ്രന്‍.

യു.എ.ഇയില്‍ ജനിച്ചുവളര്‍ന്ന നിഷയ്ക്ക് ചെറുപ്പം മുതലേ എന്തെങ്കിലും പുതുതായി കണ്ടെത്തണമെന്ന ആഗ്രഹമായിരുന്നു. ഒരുകാലത്ത് സയന്റിസ്റ്റാകാനും പിന്നീട് ആസ്‌ട്രോണട്ടാകാനും തുടര്‍ന്ന് ഐ.പി.എസ് ഓഫീസറാകാനുമൊക്കെ സ്വപ്‌നം കണ്ടു. എന്നാല്‍ സാഹചര്യങ്ങള്‍ ഓരോ സ്വപ്‌നങ്ങളെയും മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. ഒടുവില്‍ അച്ഛന്റെ നിര്‍ദേശപ്രകാരമാണ് മനസ്സില്‍ വലിയ താല്‍പര്യമില്ലാതിരുന്നിട്ടും ആയുര്‍വേദ പഠനത്തിലേക്ക് എത്തിയത്. ഉഡുപ്പിയിലെ പഠനകാലം തന്നെ ജീവിതത്തിന്റെ യഥാര്‍ത്ഥ വഴി തിരിച്ചറിയാനുള്ള തുടക്കമായി. അങ്ങനെ 1999ല്‍ ബി.എം.എസ് പഠനം ആരംഭിച്ചു.

വിവാഹശേഷം യു.എ.ഇയില്‍ ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്ന നിഷയ്ക്ക് ഗര്‍ഭകാല ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലി താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നു. പിന്നീട് കുടുംബസമേതം ഖത്തറിലേക്ക് മാറിയപ്പോള്‍ അവിടെ ആയുര്‍വേദം നിരോധിക്കപ്പെട്ടിരുന്നതും മറ്റൊരു തിരിച്ചടിയായി.

കരിയറിനും കുടുംബത്തിനുമിടയില്‍ തിരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ കുടുംബത്തിനാണ് അവര്‍ മുന്‍ഗണന നല്‍കിയത്. എന്നാല്‍ ആ ഇടവേളയെ ഒരിക്കലും പരാജയമായി കണ്ടില്ല. അഞ്ച് വര്‍ഷത്തോളം വീട്ടിലിരുന്ന് പഠനം തുടര്‍ന്നു. അതോടൊപ്പം മെഡിറ്റേഷന്‍ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ മനസ്സിനെ നിയന്ത്രിക്കാനും പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും അവര്‍ പഠിച്ചു. ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയും ആ യാത്രയ്ക്ക് വലിയ കരുത്തായി.

പിന്നീട് ഖത്തറില്‍ ആയുര്‍വേദത്തിന് വീണ്ടും അനുമതി ലഭിച്ചപ്പോള്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാനുള്ള ഒരുക്കങ്ങളും ലൈസന്‍സും ലഭിച്ചെങ്കിലും ചില കാരണങ്ങളാല്‍ ആ സ്വപ്‌നവും യാഥാര്‍ഥ്യമായില്ല. പക്ഷേ നിഷ അവിടെയും നിര്‍ത്തിയില്ല. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകളുടെ സാധ്യത തിരിച്ചറിഞ്ഞ് പുതിയ വഴിയിലേക്ക് ചുവടുവെച്ചു.

കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്ന ആഗ്രഹം അവരെ കോട്ടക്കല്‍ ആയുര്‍വേദശാലയുടെ സ്മൃതി മെഡിറ്റേഷനിലേക്കും കൗണ്‍സിലിംഗ് പരിശീലനത്തിലേക്കുമെത്തിച്ചു. അതോടെ ഒരു ഡോക്ടര്‍ എന്നതിലുപരി ജീവിതങ്ങളെ കേള്‍ക്കുകയും മനസ്സുകളെ കരുത്തുറ്റതാക്കുകയും ചെയ്യുന്ന പ്രൊഫഷണല്‍ മെന്ററായും അവര്‍ വളര്‍ന്നു.

ഇന്ന് കേരളത്തിലും പുറത്തുമായി വിവിധ ഭാഗങ്ങളിലുള്ള ക്ലെയിന്റുകള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിലൂടെ ജീവിതത്തില്‍ പുതിയ ദിശ കണ്ടെത്താന്‍ ഡോ. നിഷ സഹായിക്കുന്നു. ഡോ. നിഷയുടെ ജീവിതവിജയത്തിന്റെ അടിസ്ഥാനം ഒരു വിശ്വാസമാണ്, ‘നമ്മള്‍ മാറുമ്പോള്‍ നമ്മുടെ ചുറ്റുപാടും മാറും’. സ്വന്തം ചിന്തകളെയും മനോഭാവത്തെയും മാറ്റിയപ്പോഴാണ് പുതിയ അവസരങ്ങള്‍ തുറന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. അതാണ് ഇന്നവര്‍ ഓരോ ക്ലെയിന്റിനും പകര്‍ന്നുനല്‍കുന്ന ഏറ്റവും വലിയ സന്ദേശം.

പല സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചെങ്കിലും, ജീവിതം കരുതിവെച്ച യഥാര്‍ത്ഥ ദൗത്യം തിരിച്ചറിഞ്ഞപ്പോള്‍ ആ യാത്രയ്ക്ക് പുതിയ അര്‍ഥം ലഭിച്ചു. ഇന്ന് ഡോ. നിഷ ശശീന്ദ്രന്‍ ചികിത്സിക്കുന്നത് ശരീരത്തെ മാത്രമല്ല, ആത്മവിശ്വാസം നഷ്ടപ്പെട്ട മനസ്സുകളെയും കൂടിയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button