ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ ഒരു പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത പ്രവര്‍ത്തന മികവോടെ നയിച്ച പ്രശസ്ത നാടകചലച്ചിത്ര സംവിധായകന്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്.
പ്രശസ്തമായ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ ‘സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി’ വിഭാഗത്തിന്റെ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയമായിരുന്ന നടി സുകുമാരിയുടെ സ്മരണാര്‍ത്ഥം സര്‍വ്വകലാശാലയില്‍ ആരംഭിച്ച ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം അക്കാദമിയെയാണ് ഇനി മുതല്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ നയിക്കുക. സിനിമ, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ മീഡിയ എന്നീ മേഖലകളില്‍ രാജ്യാന്തര തലത്തിലുള്ള പ്രായോഗിക പരിശീലനവും നൂതനമായ കോഴ്‌സുകളും പുതുതലമുറയ്ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. പ്രവാസി മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിലും വൈവിധ്യമാര്‍ന്ന കലാസന്ധ്യകളും രാജ്യാന്തര സാംസ്‌കാരിക വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ദേശീയ – അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മികച്ച നാടകങ്ങളിലൂടെയും ദൃശ്യമാധ്യമരംഗത്തെ വേറിട്ട സൃഷ്ടികളിലൂടെയും പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന ജനപ്രിയ കൃതി പത്മശ്രീ ഭരത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി ചലച്ചിത്രരൂപത്തിലാക്കിക്കൊണ്ടും കലാസ്വാദകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിത്വമാണ് ഡോ. പ്രമോദ് പയ്യന്നൂര്‍.
ദൃശ്യമാധ്യമ ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ ദൃശ്യമാധ്യമ പഠനവിഭാഗത്തിന് വലിയൊരു കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ് വൈസ് ചാന്‍സലറായുള്ള സര്‍വ്വകലാശാലയുടെ ഈ പുതിയ ചുവടുവെപ്പ് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ആത്മവിശ്വാസം നല്‍കുന്നതാണ്.
പ്രശസ്ത നാടകപ്രയോക്താവും, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂര്‍, നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ പുതിയ ചുമതലക്കൊപ്പം, ‘ടിപ്‌സ്’ (TIPS) ടാഗോര്‍ ഇന്റര്‍നാഷണല്‍ പെര്‍ഫോമിംഗ് സ്റ്റഡി സെന്ററിന്റെ എമെരിറ്റസ് പ്രൊഫസറായും മീഡിയാസ്‌ക്രീന്‍ കള്‍ച്ചറല്‍ ചാനലിന്റെ ക്രിയേറ്റീവ് ഡയയറക്ടറായും പ്രവര്‍ത്തിക്കും. പുതിയ പദവി ഏറ്റെടുത്ത അദ്ദേഹത്തിന് സാംസ്‌കാരികമാധ്യമ രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.



