ഇരുളടഞ്ഞ സ്വപ്നങ്ങളില് പ്രത്യാശയുടെ നിറക്കൂട്ട്; അനു ജിതേഷിന്റെ ‘ഗ്ലാം ഡി’

കണ്ണാടിക്ക് മുന്നില് നില്ക്കുമ്പോള് നഷ്ടപ്പെട്ടുപോയ പുരികങ്ങളോ, കൊഴിഞ്ഞുപോയ മുടിയോ കണ്ട് ആത്മവിശ്വാസം ചോര്ന്നുപോകുന്ന ഒട്ടേറെ മനുഷ്യരുണ്ട്. പ്രത്യേകിച്ച് കാന്സര്, അലോപേഷ്യ തുടങ്ങിയ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്നവര്… അവര്ക്ക് നഷ്ടപ്പെട്ട പുഞ്ചിരിയും പ്രത്യാശയും തിരികെ നല്കുകയാണ് അനു ജിതേഷ് എന്ന കലാകാരിയും സംരംഭകയും.
തൃശൂര് ഇക്കണ്ടവാര്യര് റോഡിലുള്ള ‘ഗ്ലാം ഡി സ്കിന് എസ്തറ്റിക്കസ് & പെര്മനെന്റ് മേക്കപ്പി’ലൂടെ (Glam D Aesthetics) കഴിഞ്ഞ അഞ്ച് വര്ഷമായി പാരാമെഡിക്കല് കോസ്മെറ്റോളജി, പെര്മനെന്റ് മേക്കപ്പ് രംഗത്ത് ശ്രദ്ധേയമാവുകയാണ് ഈ യുവ സംരംഭക. ഒരു സാധാരണ വീട്ടമ്മയില് നിന്നും പ്രതിസന്ധികളോട് പോരാടി വളര്ന്ന അനുവിന്റെ ഈ യാത്ര ബിസിനസ്സിനപ്പുറം കാരുണ്യത്തിന്റെ കഥ കൂടിയാണ്.

ചെറുപ്പം മുതലേ ചിത്രരചനയോടും പെയിന്റിംഗിനോടും താല്പര്യമുണ്ടായിരുന്നു അനുവിന്. കാന്സര് ബാധിതരായ രോഗികളുമായും, അലോപേഷ്യ മൂലം മുടി കൊഴിഞ്ഞ് പോയവരുമായും സംസാരിക്കാന് അനുവിന് ലഭിച്ച അവസരമായിരുന്നു അനുവിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായത്. ബി.എഡ് ബിരുദം പൂര്ത്തിയാക്കി അധ്യാപികയാകാന് തയ്യാറെടുക്കുന്ന കാലമായിരുന്നു അത്.
രോഗാവസ്ഥയേക്കാള്, പുരികവും മുടിയുമുള്പ്പെടെ ശരീരത്തിലെ രോമങ്ങളെല്ലാം നഷ്ടപ്പെട്ട് സമൂഹത്തിന് മുന്നിലിറങ്ങാന് മടിക്കുന്ന, അവരുടെ മാനസിക വിഷമവും കുറഞ്ഞുപോകുന്ന ആത്മവിശ്വാസവുമായിരുന്നു അനുവിനെ ആഴത്തില് ചിന്തിപ്പിച്ചത്. തന്റെ ചിത്രരചനാ വൈഭവം എന്തുകൊണ്ട് ഇവര്ക്കായി ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് പാരാമെഡിക്കല് കോസ്മെറ്റോളജി, ഹെയര് & സ്കിന് ചികിത്സാ മേഖലയിലേക്ക് അനുവിനെ എത്തിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്ഷമായി ഈ മേഖലയില് സജീവമാണ് അനു ജിതേഷ്. പുരികം നഷ്ടപ്പെട്ടവര്ക്ക് സ്വാഭാവികത ഒട്ടും നഷ്ടപ്പെടാതെയുള്ള ഐബ്രോ ഫില്ലിംഗ് (Eyebrow Filling) ഡാര്ക്ക് ലിപ് കറക്ഷന്, കളര് കറക്ഷന്, കൂടാതെ അത്യാധുനിക ഹെയര്സ്കിന് ട്രീറ്റ്മെന്റുകള് എന്നിവ ഗ്ലാം ഡി പ്രീമിയം സെന്ററില് ലഭ്യമാണ്. കൃത്രിമത്വം തോന്നാത്ത, ഏറ്റവും നാച്ചുറലായ സര്വീസുകളാണ് ഗ്ലാം ഡിയുടെ പ്രത്യേകത. ബിസിനസ്സിനപ്പുറം കാന്സര്, അലോപേഷ്യ രോഗികള്ക്ക് ഇവിടെ നല്കുന്ന സൗജന്യ സേവനങ്ങളാണ് സംരംഭത്തെ കൂടുതല് ഹൃദ്യമാക്കുന്നത്.
മത്സരാധിഷ്ഠിതമായ മേഖലയാണെങ്കിലും അനുവിന് ഒരു നയം മാത്രമേയുള്ളൂ; മത്സരമെന്നത് മറ്റുള്ളവരോടല്ല, തന്നോട് തന്നെയാണ്. ഓരോ ദിവസവും സ്വന്തം തെറ്റുകള് തിരുത്തി, കൂടുതല് മെച്ചപ്പെട്ട സേവനങ്ങള് നല്കാനാണ് അനു ശ്രമിക്കുന്നത്. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും, ലോകത്തിന്റെ പല കോണുകളില് നിന്നും ആളുകള് തേടിയെത്തുന്ന വിശ്വസ്ത സ്ഥാപനമായി ‘ഗ്ലാം ഡി’ മാറിയതും ഇതേ ആത്മവിശ്വാസത്തിന്റെ ഫലമായി തന്നെയാണ്. ഭാവിയില് ഈ മേഖലയില് മികവുറ്റ പ്രൊഫഷണലുകളെ വാര്ത്തെടുക്കാന് ഒരു അക്കാദമി ആരംഭിക്കുക എന്നതാണ് അനുവിന്റെ അടുത്ത ലക്ഷ്യം.

പൂജ്യത്തില് നിന്നാണ് അനു തന്റെ സാമ്രാജ്യം പടുത്തുയര്ത്തിയത്. ജീവിതത്തില് ഒട്ടേറെ തടസ്സങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നെങ്കിലും ഒന്നിനും അനുവിന്റെ സ്വപ്നങ്ങളെ തളര്ത്താനായില്ല. ഈ യാത്രയില് തണലായി നിന്നത് കുടുംബമാണ്. ചാര്ട്ടേഡ് അക്കൗണ്ടന്റായ ഭര്ത്താവ് ജിതേഷ് കുമാര്, മക്കളായ നിഹാരിക, നൈനിക ജിതേഷ് എന്നിവരടങ്ങുന്ന കുടുംബവും സഹപ്രവര്ത്തകനായ രാഹുലും നല്കിയ വലിയ പിന്തുണയാണ് ഗ്ലാം ഡിയുടെ വിജയത്തിന് പിന്നില്. അച്ഛന് സോമന്, അമ്മ ഷീല, സഹോദരി ബിനു എന്നിവരും അനുവിന് കരുത്തായി കൂടെത്തന്നെയുണ്ട്.
വീട്ടമ്മ എന്ന റോളില് നിന്നും സ്വന്തം കഠിനാധ്വാനവും സോഷ്യല് സര്വീസ് ചെയ്യാനുള്ള മനസ്സും കൊണ്ട് വിജയം വരിച്ച അനു ജിതേഷ്, ഇന്ന് സ്വന്തം സ്വപ്നങ്ങളില് ജീവിക്കുകയാണ്; ഒപ്പം ഒട്ടേറെ പേരുടെ ജീവിതത്തിന് നിറം പകരുകയും ചെയ്യുന്നു.




