സ്വപ്നക്കൂട്; സ്നേഹം പൂക്കുന്ന അനന്തപുരിയിലെ തണലിടം

ഒരു പകലിന്റെ മുഴുവന്‍ അധ്വാനത്തിനും ശേഷമുള്ള സായാഹ്നം എത്ര ശാന്തവും മനോഹരവുമാണോ, അതുപോലെയായിരിക്കണം മനുഷ്യന്റെ വാര്‍ദ്ധക്യവും. ജീവിതപോരാട്ടങ്ങള്‍ സമ്മാനിച്ച വടുക്കളും പേറി വിശ്രമത്തിലേക്ക് ചുവടുവെക്കുന്ന ഈ കാലഘട്ടത്തില്‍, മനുഷ്യര്‍ക്ക് വേണ്ടത് വലിയ ആഡംബരങ്ങളല്ല; മറിച്ച് അല്പം പരിഗണനയും ഹൃദയം നിറഞ്ഞ സ്നേഹവുമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഈ പ്രായത്തില്‍ ഏകാന്തതയിലേക്കും വറുതിയിലേക്കും തള്ളപ്പെടാനാണ് പലരുടെയും വിധി. അങ്ങനെ ലോകത്തിന്റെ വിവിധ കോണുകളില്‍ ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യരെ നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍, തിരുവനന്തപുരം നഗരത്തില്‍ ഒരു അമ്മക്കിളി ഒരുക്കിയ തണലാണ് ‘സ്വപ്നക്കൂട്’…!

രമണി ടീച്ചര്‍ എന്ന സ്ത്രീ തന്റെ ആയുസ്സിന്റെ സമ്പാദ്യവും സമയവും മുഴുവന്‍ സമര്‍പ്പിച്ചാണ് ഈ പുണ്യകേന്ദ്രം പടുത്തുയര്‍ത്തിയത്. ഒരു കിളി കതിരുകള്‍ ഓരോന്നായി പെറുക്കിക്കൂട്ടി കൂടുണ്ടാക്കുന്നത് പോലെ, ടീച്ചര്‍ ഇരുളില്‍ വീണുപോയ മനുഷ്യരെ ഓരോരുത്തരെയായി ഈ കൂട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
2016ല്‍ വെറും പന്ത്രണ്ട് വൃദ്ധമാതാപിതാക്കളുമായി ഒരു വാടകക്കെട്ടിടത്തിലാണ് സ്വപ്നക്കൂടിന്റെ യാത്ര ആരംഭിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, അശരണരായ വൃദ്ധരും ദുരിതമനുഭവിക്കുന്നവരുമായ എഴുപത്തിരണ്ടോളം അന്തേവാസികള്‍ക്ക് തണലൊരുക്കുന്ന വലിയൊരു കുടുംബമായി ഇത് മാറിക്കഴിഞ്ഞു. നിയമസംരക്ഷണ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമല്ല, ആശരണരായ മറ്റ് നിരവധി മനുഷ്യര്‍ കൂടിയുണ്ട്.

കേവലമൊരു അഗതിമന്ദിരമായി മാത്രമല്ല സ്വപ്നക്കൂട് പ്രവര്‍ത്തിക്കുന്നത്. ആദിവാസി മേഖലകളിലെ പട്ടിണി മാറ്റാനുള്ള ഭക്ഷണവസ്ത്ര വിതരണങ്ങള്‍, മെഡിക്കല്‍ കോളേജിലെ നിര്‍ധനരായ രോഗികള്‍ക്ക് ദിവസേനയുള്ള ആഹാരമെത്തിക്കല്, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒട്ടനവധി ആളുകള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍ എന്നിങ്ങനെ വിപുലമായ കാരുണ്യപ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്.
വലിയ കോര്‍പ്പറേറ്റ് ഫണ്ടുകളോ സ്ഥിരമായ മറ്റ് സ്പോണ്‍സര്‍മാരോ സ്വപ്നക്കൂടിനില്ല എന്നതുകൂടിയാണ് ഇതിന്റെ പ്രത്യേകത. സാധാരണക്കാരായ മനുഷ്യരുടെ നന്മയും അവരുടെ ചെറിയ ചെറിയ സംഭാവനകളുമാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന യഥാര്‍ത്ഥ ഇന്ധനം.

തുടക്കം മുതല്‍ വാടകക്കെട്ടിടത്തിന്റെ പരിമിതികളില്‍ ശ്വാസം മുട്ടുന്ന സ്വപ്നക്കൂടിന് ഇപ്പോള്‍ വലിയൊരു ലക്ഷ്യമുണ്ട് അന്തേവാസികള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാന്‍ സ്വന്തമായൊരു മണ്ണും ഒരു നല്ല കെട്ടിടവും നിര്‍മിക്കുക. ഇതിനായി തിരുമല വിളവൂര്‍ക്കല്‍ പേരുങ്കാവ് വാര്‍ഡില്‍ അനുയോജ്യമായ ഒരു ഭൂമി കണ്ടെത്തുകയും അതിന്റെ കരാര്‍ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ സഹജീവികളുടെ കാരുണ്യഹസ്തങ്ങള്‍ കൂടിയേ തീരൂ. നമ്മള് നല്കുന്ന തുക ചെറുതോ വലുതോ ആകട്ടെ, ഹൃദയപൂര്‍വ്വം നല്കുന്ന ഓരോ സഹായവും ഈ അന്തേവാസികള്‍ക്ക് പുതിയൊരു ജീവിതം സമ്മാനിക്കും. കാരണം, ഈ സ്വപ്നക്കൂട് നമ്മുടെ ഓരോരുത്തരുടെയും അളവറ്റ സ്നേഹം അത്രമേല്‍ അര്‍ഹിക്കുന്നുണ്ട്.



