ഓര്‍മകളെ നൂലിഴകളില്‍ കോര്‍ത്തുകോര്‍ത്ത്, ത്രെഡ് മാജിക്കിന്റെ മായാജാലം

ലയ രാജന്
സമ്മാനങ്ങള്‍ കൊടുക്കുവാനും വാങ്ങുവാനും ഇഷ്ടമില്ലാത്ത ആരാണുള്ളത്? ഏറ്റവും പ്രിയപ്പെട്ട ഒരു നിമിഷത്തിന്റെ… ഒരു ദിവസത്തിന്റെ… അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു ഓര്‍മയുടെ ഭാഗം ഭാവിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന്‍ ആഗ്രഹിക്കാത്തവരും കുറവായിരിക്കും. അത്രയേറെ സ്ഥാനം നല്കുന്ന ഓര്‍മകളെ എക്കാലത്തേക്കും സൂക്ഷിച്ചുവയ്ക്കാന്‍ ഒരു സമ്മാനമായി കയ്യില്‍ കിട്ടിയാലോ? അത്തരത്തില്‍ ഓര്‍മകളെ, ക്രിയാത്മകത ചേര്‍ത്ത് നാളെയിലേക്ക് സൂക്ഷിച്ചുവയ്ക്കാനുള്ള സമ്മാനങ്ങളായി രൂപം മാറ്റുകയാണ് തിരുവനന്തപുരം ഈഞ്ചക്കല്‍ സ്വദേശി ഗ്രീഷ്മ ‘ത്രെഡ് മാജിക്’ എന്ന തന്റെ സംരംഭത്തിലൂടെ.

2019ല്‍ ചെറുകിട സംരംഭമായി ആരംഭിച്ച ത്രെഡ് മാജിക്, കൈകൊണ്ട് നിര്‍മിച്ച ഡ്രീംക്യാച്ചറുകളുടെ വില്പനയിലൂടെ ആദ്യം ശ്രദ്ധ നേടി. തുടര്‍ന്ന് ഉപഭോക്താക്കളുടെ വിശ്വാസവും ആവശ്യവും വര്‍ധിച്ചതോടെ പേഴ്സണലൈസ്ഡ് ഗിഫ്റ്റ് ഹാമ്പറുകള്‍, കസ്റ്റമസ്ഡ് ഫ്രെയിമുകള്‍, വിവാഹ സമ്മാനങ്ങള്‍, റെസിന്‍ ആര്‍ട്ട്, സെന്റെഡ് മെഴുകുതിരികള്‍ എന്നിങ്ങനെ പല മേഖലകളിലേക്ക് ബ്രാന്‍ഡ് വികസിച്ചു.


വിവാഹ വരമാല പോലെയുള്ളവ റെസിന്‍, എപ്പോക്സി ആര്‍ട്ട് ചെയ്തു സൂക്ഷിക്കുന്നതിന് ലഭിച്ച ജനപ്രീതിയും ഏറിവന്ന ആവശ്യക്കാരും ത്രഡ് മാജിക്കിന്റെ സേവനങ്ങളുടെ മികവിന്റെ നേര്‍ക്കാഴ്ചയായി. ഉപഭോക്താവിന്റെ താല്പര്യത്തിനനുസരിച്ച്, അവര്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ‘കസ്റ്റം മെയ്ഡ്’ ഹാമ്പറുകള്‍ക്ക് ആരാധകരും ആവശ്യക്കാരും അനവധിയാണ്.


റെസിന്‍ ആര്‍ട്ട് എന്ന സങ്കീര്‍ണ കലയില്‍ പ്രാവീണ്യം നേടാന്‍ ഗ്രീഷ്മ ഒരു വര്‍ഷത്തിലധികം പഠനവും പരിശീലനവും നടത്തിയിരുന്നു. അതുപോലെ സെന്റെഡ് മെഴുകുതിരി നിര്‍മാണത്തില്‍ Fragrance Blending മുതല്‍ ഓര്‍ഡറുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് വരെ എല്ലാ ഘട്ടങ്ങളും സ്വയം പഠിച്ചു. ഓരോ ഉത്പന്നവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാന്‍ അസംസ്കൃത വസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും ത്രെഡ് മാജിക് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.

കനത്ത മത്സരത്തിന് ഒട്ടും തന്നെ കുറവില്ലാത്തതിനാല്‍, പുതിയതും വേറിട്ടു നില്ക്കുന്നതുമായ ആശയങ്ങളില്ലാതെ ഈ മേഖലയില്‍ നിലനില്ക്കാന് കഴിയില്ല. പരമാവധി പുതിയ രീതികളും ആകര്‍ഷകമായ ഗിഫ്റ്റിംഗ് ആശയങ്ങളും നിരന്തരമായി മനസ്സിലാക്കുകയും ഗുണനിലവാരത്തില്‍ ഒട്ടും വീഴ്ച വരുത്താത്ത ഹോള്‍സെയില്‍ നിര്‍മാതാക്കളെ കണ്ടെത്തുകയും ചെയ്യുന്ന ശ്രമകരമായ ജോലിയാണ് ഈ രംഗത്തെ ഏറ്റവും വലിയ ദൗത്യം എന്ന് ഗ്രീഷ്മ പറയുന്നു.


എപ്പോക്സി ആര്‍ട്ട്, ഭംഗിക്ക് അപ്പുറം ആര്‍ട്ടിസ്റ്റിന്റെ ആരോഗ്യത്തെ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള ഒരു മേഖലയാണ്. ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളില്ലാത്ത പക്ഷം പിടിപെടാന്‍ സാധ്യതയുള്ള അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും മറ്റൊരു വെല്ലുവിളിയാണ്. എന്നാല്‍ ഇതൊക്കെ മറികടന്ന് പൂര്‍ത്തിയാക്കുന്ന ഓരോ സമ്മാനവും ഉപഭോക്താവിന്റെ സംതൃപ്തിയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഇന്ന് 1000ലധികം ഓര്‍ഡറുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, സ്ഥിരം ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഒരു വിശ്വസനീയ ഗിഫ്റ്റിംഗ് ബ്രാന്‍ഡ് ആണ് ത്രെഡ് മാജിക്. ഗ്രീഷ്മയ്ക്കും ത്രെഡ് മാജിക്കിനും പൂര്‍ണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും ഒപ്പം തന്നെയുണ്ട്.



