EntreprenuershipSuccess Story

Craft Barrell; ഒരു ബാരല്‍ നിറയെ ക്രാഫ്റ്റ്‌സുമായി നേടിയ സ്വപ്‌നം

സ്വപ്‌നങ്ങള്‍ പലര്‍ക്കും ഉണ്ടാകും, പക്ഷേ അവയെ യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും സ്ഥിരതയും വേണം. മലപ്പുറം കൊടിഞ്ഞി സ്വദേശിനിയായ 26കാരി ഷഹ്നയുടെ ജീവിതം അതിനൊരു മനോഹരമായ ഉദാഹരണമാണ്. ചെറുപ്പം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്തുകൊണ്ട് തന്റെ ക്രിയേറ്റിവിറ്റിയിലൂടെ ഒരു ലോകം നിര്‍മിച്ചിരുന്ന ഷഹ്ന, ഇന്ന് Craft Barrell എന്ന ബ്രാന്‍ഡിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്‌നേഹവും സന്തോഷവും പകര്‍ന്നുകൊണ്ടിരിക്കുന്നു.

പേപ്പര്‍ ഫ്‌ളവേഴ്‌സ്, വാള്‍ ഡെക്കോര്‍, സ്‌റ്റോറേജ് ബോക്‌സ് തുടങ്ങി സ്വന്തമായി നിര്‍മിച്ചെടുത്ത കൊച്ചു കൊച്ചു കലാ സൃഷ്ടികളിലൂടെയായിരുന്നു തുടക്കം. വിവാഹത്തിനുശേഷം ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് തന്റെ കഴിവുകള്‍ ലോകത്തിന് മുന്നിലെത്തിക്കാനാകുന്ന ഒരു വേദി ഉണ്ടെന്നു മനസ്സിലാക്കിയത്. ആ തിരിച്ചറിവ് തന്നെയാണ് Craft Barrell എന്ന സ്വന്തം പേജ് ആരംഭിക്കാന്‍ പ്രചോദനമായത്. സ്വന്തം ബ്രാന്‍ഡ് രൂപീകരിക്കാന്‍ ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ചത് ഭര്‍ത്താവാണ്. കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് ഷഹ്നയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്ത്.

തന്റെ കസിനില്‍ നിന്നായിരുന്നു ആദ്യത്തെ ഓര്‍ഡര്‍ ലഭിച്ചത്. ആ ചെറിയ തുടക്കത്തില്‍ നിന്നാണ് വലിയ സ്വപ്‌നങ്ങളിലേക്കുള്ള വാതില്‍ തുറന്നത്. ഓരോ ഓര്‍ഡറിനും വേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കാനും കൊറിയര്‍ അയക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പിതാവിന്റെ സ്‌നേഹപൂര്‍വമായ കൈത്താങ്ങും ഈ യാത്രയെ കൂടുതല്‍ അര്‍ത്ഥവത്താക്കി. ഇന്ന് കേരളം കടന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും സൗദി അറേബ്യ, യു.എ.ഇ പോലുള്ള രാജ്യങ്ങളിലേക്കും Craft Barrell ന്റെ സൃഷ്ടികള്‍ എത്തുന്നു. ലോകമെമ്പാടുമുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ച് ഉപഭോക്താക്കളുടെ ബഡ്ജറ്റിനനുസരിച്ച് ഹാംപേഴ്‌സ്, ഫ്രെയിംസ്, ഫോട്ടോ ആല്‍ബംസ്, ‘സേവ് ദി ഡേറ്റ്’ മോഡലുകള്‍ തുടങ്ങി എല്ലാം കസ്റ്റമറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കി നല്‍കുകയാണ് ഷഹ്ന.

രണ്ട് കുട്ടികളുടെ അമ്മയായിട്ടും സ്വന്തമായി വരുമാനം കണ്ടെത്തുകയും അതോടൊപ്പം എം.ബി.എ പൂര്‍ത്തിയാക്കുകയും ചെയ്ത ഷഹ്നയുടെ ജീവിതം ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമാണ്. കുടുംബം, വിദ്യാഭ്യാസം, ബിസിനസ്… ഇവ മൂന്നും സമന്വയിപ്പിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ഷഹ്നയുടെ ആത്മവിശ്വാസം നിറഞ്ഞ യാത്ര കാണിച്ച് തരുന്നത്. ഇന്ന് Craft Barrell ഒരു ബിസിനസ് എന്നതിനപ്പുറം, ഓരോ ഉപഭോക്താവിന്റെയും സന്തോഷ നിമിഷങ്ങളില്‍ പങ്കാളിയാകുന്ന ഒരു സ്‌നേഹ ബ്രാന്‍ഡ് കൂടിയാണ്.

എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ അതിന് വേണ്ടി കഠിനമായി പരിശ്രമിക്കണമെന്നും സ്വന്തം കഴിവില്‍ വിശ്വാസിക്കണമെന്നും ഷഹ്നയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ആഗ്രഹങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കൂടെ തയ്യാറായാല്‍ വിജയം നമ്മളെ തേടി വരുമെന്നാണ് ഷഹ്ന അവരുടെ ബ്രാന്‍ഡിലൂടെ തെളിയിച്ചത്.

കൈകളിലെ ചെറിയ പേപ്പര്‍ സൃഷ്ടികളെ ലോകമറിഞ്ഞ ബ്രാന്‍ഡാക്കി മാറ്റിയ ഷഹ്നയുടെ Craft Barrell ഇന്ന് ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. ആത്മവിശ്വാസവും കുടുംബ സ്‌നേഹവും കൂട്ടിനുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് ഈ യുവ സംരംഭക നമ്മെ ഓര്‍മിപ്പിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button