EntreprenuershipSuccess Story

മായാസ് ബ്യൂട്ടി വേള്‍ഡ്; അദ്ധ്വാനത്തില്‍ നിന്ന് അഭിമാനത്തിലേക്കു ഉയര്‍ന്ന സംരംഭക വിജയം

ഒരു സ്ത്രീയുടെ ശക്തി അവള്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നാണ് തെളിയുന്നത്. ചിലര്‍ പ്രതിസന്ധികളില്‍ തളരുമ്പോള്‍, മറ്റു ചിലര്‍ അതിനെ പടവുകളാക്കി ഉയരും. ആ രണ്ടാമത്തെ വിഭാഗത്തില്‍ അഭിമാനത്തോടെ നില്‍ക്കുന്ന പേരാണ് മായ ജയകുമാര്‍…! സൗന്ദര്യത്തെ ഒരു തൊഴില്‍ മേഖലയായി മാത്രം കാണാതെ, അത് ആത്മവിശ്വാസം സൃഷ്ടിക്കുന്ന ഉത്തരവാദിത്തമായി സ്വീകരിച്ച വ്യക്തിയാണ് മായ…

കോട്ടയം കീഴൂര്‍ സ്വദേശിയാണ് മായ. ഭര്‍ത്താവ് ജയകുമാര്‍, മക്കള്‍ ശിവ, ശ്രീഹരി, ശ്രീദേവ് എന്നിവര്‍ ചേര്‍ന്നതാണ് അവരുടെ കുടുംബം. തിരക്കേറിയ ജീവിതത്തിനിടയിലും, മക്കള്‍ക്ക് അമ്മയായും സുഹൃത്തായും എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുന്ന വ്യക്തിയാണ് മായ. പ്രൊഫഷനും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് അവരുടെ ഏറ്റവും വലിയ വിജയം.

ഇരുപത് വര്‍ഷത്തെ അനുഭവസമ്പത്തോടെ മുന്നേറുന്ന മായ, കഴിഞ്ഞ എട്ട് വര്‍ഷമായി സ്വന്തം സലൂണ്‍ വിജയകരമായി നടത്തുന്നു. എട്ട് വര്‍ഷമായി പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നു. ബ്രൈഡല്‍ മേക്കപ്പിനൊപ്പം പ്രൊഫഷണല്‍ ഡാന്‍സ് മേക്കപ്പിലും അവരുടെ മികവ് ശ്രദ്ധേയമാണ്.

ഒരിക്കല്‍ ചെറിയ സ്വപ്‌നങ്ങളുമായി ആരംഭിച്ച സംരംഭം ഇന്ന് ഉറച്ചൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. മായാസ് ബ്യൂട്ടി വേള്‍ഡ് ഒരു ബ്യൂട്ടി പാര്‍ലര്‍ എന്നതിലുപരി, കഴിവിനെ വളര്‍ത്തുന്ന പരിശീലനകേന്ദ്രവും ആത്മവിശ്വാസം പകരുന്ന ഇടവുമാണ് ഇന്ന്. പതിനെട്ട് വര്‍ഷങ്ങളായി സൗന്ദര്യകലയുടെ സൂക്ഷ്മതകള്‍ പഠിച്ചും പഠിപ്പിച്ചും മുന്നേറുന്ന മായ, ഓരോ മുഖത്തും ഒരു കഥയുണ്ടെന്ന് വിശ്വസിക്കുന്നു. ആ കഥയുടെ ഭംഗി കൂടുതല്‍ തെളിയിക്കുക എന്നതാണ് അവരുടെ സമീപനം. ഒരേ രീതിയില്‍ എല്ലാര്‍ക്കും മേക്കപ്പ് ചെയ്യാതെ, ഓരോ വ്യക്തിയുടെയും ശരീരഘടന, ചര്‍മത്തിന്റെ സ്വഭാവം, നിറഭേദം, എന്നിവ കൃത്യമായി മനസിലാക്കി അതനുസരിച്ചാണ് അവര്‍ മേക്കപ്പ് ചെയ്യുന്നത്.

ഇന്ന് മായയുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിശാലമാണ്. മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന തിരിച്ചറിയലിന് പുറമെ, പരിശീലകയായി നിരവധി യുവതികള്‍ക്ക് വഴികാട്ടിയാണ് മായ. ബേസിക് മുതല്‍ അഡ്വാന്‍സ്ഡ് വരെ മേക്കപ്പ് ട്രെയ്‌നിങ്, സാരി ഡ്രേപ്പിങ്, ഹെയര്‍ സ്‌റ്റൈലിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കി തൊഴില്‍ സാധ്യതകള്‍ തുറന്ന് കൊടുക്കുകയാണ് മായ ചെയ്യുന്നത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകള്‍ക്ക് അവരുടെ ക്ലാസുകള്‍ ആത്മവിശ്വാസത്തിന്റെ ആദ്യപടിയാകുന്നു.

വിജയങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും മായയുടെ യാത്രയില്‍ കുറവില്ല. ദേശീയതല ബ്യൂട്ടീഷന്‍ കോണ്‍ഗ്രസില്‍ വിജയം നേടിയതും, വിവിധ സംസ്ഥാനതല മത്സരങ്ങളില്‍ മുന്‍നിരയിലെത്തിയതും അവരുടെ കഴിവിന്റെ തെളിവുകളാണ്. 2025ല്‍ ഭാരത് സേവ സമാജ്, മികച്ച മേക്കപ്പ് ആര്‍ടിസ്റ്റും സംരംഭകയ്ക്കുമുള്ള പുരസ്‌കാരം നല്‍കി അവരെ ആദരിച്ചു.

എന്നാല്‍ മായയ്ക്ക് ഏറ്റവും വലിയ വിജയം പുരസ്‌കാരങ്ങളല്ല. സ്വന്തം അധ്വാനത്തിലൂടെ കുടുംബത്തെ സുരക്ഷിതമാക്കാനും മകന്റെ പഠനം ഉറപ്പാക്കാനും കഴിഞ്ഞത് തന്നെയാണ് അവരുടെ യഥാര്‍ത്ഥ അഭിമാനനേട്ടം. ഒന്നുമല്ലായിരുന്ന അവസ്ഥയില്‍ നിന്ന് സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ചു, ഒരു സംരംഭം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതിലാണ് അവര്‍ തൃപ്തി കണ്ടെത്തുന്നത്. പല പ്രതിസന്ധികള്‍ കടന്നുവന്നെങ്കിലും, ഒരുപാട് പേരുടെ പിന്തുണകൊണ്ടാണ് തനിക്ക് ഉയര്‍ന്ന് വരാന്‍ സാധിച്ചതെന്ന് മായ ഉറച്ച് വിശ്വസിക്കുന്നു.

ഇനി മുന്നോട്ട് കാണുന്ന സ്വപ്‌നങ്ങള്‍ക്കും അതേ വ്യക്തതയുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കപ്പ് ട്രെയ്‌നിങ് നേടുക, മികച്ചൊരു ട്രെയ്‌നറായി വളരുക, വലിയൊരു സലൂണ്‍ ആരംഭിക്കുക, ഇവയാണ് അടുത്ത ലക്ഷ്യങ്ങള്‍.

ഒരു കലാകാരിയെന്ന നിലയില്‍ ആരംഭിച്ച യാത്ര, ഇന്ന് വിജയകരമായ സംരംഭകയായി മാറിയ മായ ജയകുമാര്‍, തോറ്റുകൊടുക്കാതെ മുന്നേറാന്‍ ധൈര്യമുള്ളവര്‍ക്ക് ഒരു വലിയ ഉദാഹരണമാണ്. സൗന്ദര്യം സൃഷ്ടിക്കുന്നതിലുപരി ആത്മവിശ്വാസം പകരുന്ന ഒരു ശക്തിയായി മാറിയ മായാസ് ബ്യൂട്ടി വേള്‍ഡിന്റെ യാത്ര, സ്വപ്‌നങ്ങള്‍ കാണാന്‍ ധൈര്യമുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാകും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button