jeevanmp_photography; ഓരോ ഫ്രെയ്മും ഒരു കഥയാക്കി മാറ്റുന്ന ബ്രാന്‍ഡ്

ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവായിരിക്കും. എന്നാല്‍ ആ നിമിഷങ്ങള്‍ എന്നും മനസ്സില്‍ നിലനില്ക്കാന് സഹായിക്കുന്നവരാണ് യഥാര്‍ത്ഥ വിഡിയോഗ്രാഫര്‍മാര്‍. അത്തരത്തില്‍ ഓരോ ഫ്രെയിമിനെയും കഥയാക്കി മാറ്റുന്ന ഹരിപ്പാട് സ്വദേശി ജീവന് എം.പി ഇന്ന് യുവ ഫോട്ടോഗ്രാഫര്‍മാരില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്.
ജീവന് ഒരു ഫോട്ടോഗ്രാഫര്‍ മാത്രമല്ല, ഒരു വിഡിയോഗ്രാഫര്‍ കൂടിയാണ്. jeevanmp_photography എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയും Moon Light Wedding Company എന്ന ബ്രാന്‍ഡിലൂടെയും ജീവന് തന്റെ മികച്ച ഫ്രെയിമുകള്‍ സമൂഹത്തിന് മുന്നിലേക്ക് തുറന്നുകാട്ടുന്നു. വെഡ്ഡിങ് ഷൂട്ട്, പ്രീ വെഡ്ഡിങ്, മേറ്റേണിറ്റി, ബേബി ഷൂട്ടുകള്‍, ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍, പ്രൊഡക്റ്റ് ഷൂട്ടുകള്‍ തുടങ്ങി എല്ലാ വര്‍ക്കുകളും ജീവന് ചെയ്തുവരുന്നു.

വര്‍ക്ക് കേരളത്തിലെവിടെയായാലും പോകാന്‍ തയ്യാറാണ് അദ്ദേഹം. ദൂരം ജീവന് ഒരു പ്രശ്നമല്ല. കാരണം, വിജയിക്കണമെങ്കില്‍ അത്രയും കഷ്ടപ്പെടാന്‍ തയ്യാറാകണമെന്ന വിശ്വാസം ജീവനുണ്ട്. അവസരങ്ങള്‍ക്കായി കാത്തിരിക്കാതെ, അവസരങ്ങളുടെ പിന്നാലെ ഓടുന്ന മനസ്സാണ് ജീവന്റേത്.
പിന്നിട്ട അഞ്ചു വര്‍ഷത്തെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് പ്രതീക്ഷിച്ചു. പക്ഷേ പലപ്പോഴും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ചിലപ്പോള്‍ ചെയ്ത ഷൂട്ടുകള്‍ക്ക് വേണ്ടത്ര പിന്തുണ പോലും ലഭിച്ചില്ല. എന്തുകൊണ്ടാണ് താന്‍ വിജയിക്കാത്തതെന്ന ചോദ്യങ്ങള്‍ മനസില്‍ നിറഞ്ഞ നാളുകളുണ്ടായിരുന്നു. ഒപ്പം നിന്നവരില്‍ നിന്നുപോലും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്ത വേദനയും അനുഭവിച്ചു.
പക്ഷേ, ആ വേദനകള്‍ ജീവനെ തകര്‍ത്തില്ല. മറിച്ച്, എല്ലാരില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന ചിന്തയിലേക്ക് ജീവന് എത്തി. അതിന്റെ ഭാഗമായാണ് യു.എ.ഇയില്‍ ജോലി ചെയ്യണമെന്ന ഒരു വലിയ ചിന്തയും രൂപപ്പെട്ടത്. കൂടുതല്‍ വലുതായി ചിന്തിക്കാനും, തന്റെ കഴിവ് വിശാലമായ വേദികളില്‍ അവതരിപ്പിക്കാനും ജീവന് ഇന്ന് തയ്യാറെടുക്കുകയാണ്.
പലപ്പോഴും ഷൂട്ടിന് ആവശ്യമായ പിന്തുണ ലഭിക്കാത്തത് അദ്ദേഹത്തെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതൊന്നും യാത്ര നിര്‍ത്താന്‍ കാരണമായിട്ടില്ല. വിജയിക്കണമെന്ന ആഗ്രഹം മറ്റാരുടെയും പിന്തുണയില്‍ ആശ്രയിച്ചല്ല, സ്വന്തം പരിശ്രമത്തില്‍ തന്നെയാണെന്ന് വിശ്വസിച്ചാണ് ജീവന് മുന്നോട്ട് പോകുന്നത്.
ജീവന്റെ പ്രൊഫഷണല്‍ യാത്രയില്‍ കുടുംബത്തിന്റെ പിന്തുണ നിര്‍ണായകമാണ്. പ്രത്യേകിച്ച് തന്റെ സഹോദരന് വാങ്ങിക്കൊടുത്ത ക്യാമറയിലൂടെയാണ് ഈ സ്വപ്നങ്ങള്‍ക്ക് തുടക്കമായത്. അത്തരത്തില്‍ കുടുംബത്തിന്റെ പിന്തുണ തന്നെയാണ് ജീവന് ആത്മവിശ്വാസമായി മാറിയത്.

അടുത്തിടെ നടത്തിയ തെയ്യം കോണ്‍സെപ്റ്റ് ഷൂട്ട് ജീവന്റെ കരിയറിലെ ഒരു വലിയ ആഗ്രഹസാഫല്യമായിരുന്നു. തെയ്യം ഉള്‍പ്പെടുത്തി ഒരു വിശ്വല്‍ പ്രോജക്ട് ചെയ്യണമെന്നത് വലിയൊരു സ്വപ്നമായിരുന്നു. ആ കോണ്‍സെപ്റ്റ് പുറത്തിറങ്ങിയപ്പോള്‍ ചിലര്‍ വിമര്‍ശിച്ചു, അതേ സമയം അനേകമാളുകള്‍ ശക്തമായ പിന്തുണയും നല്കി. വിമര്‍ശനങ്ങളെയും പിന്തുണയെയും ഒരുപോലെ സ്വീകരിച്ച്, തന്റെ വലിയ ആഗ്രഹം സാക്ഷാത്കരിക്കാനായ സന്തോഷം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി ജീവന് കാണുന്നു. വിഡിയോഗ്രഫിക്കൊപ്പം ശ്രദ്ധേയമായ സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളും ജീവന് നിര്‍വഹിച്ചിട്ടുണ്ട്.
ജീവന്റെ കോണ്‍സെപ്റ്റ് വിഡിയോഗ്രഫി എത്രത്തോളം ആളുകള്‍ ഏറ്റെടുത്തുവെന്നതിനുള്ള മറ്റൊരു നേര്‍ക്കാഴ്ചയാണ് ബിഗ്ബോസ് താരം ഡോ. ബിന്നിയെ ഉള്‍പ്പെടുത്തി സീത കോണ്സെപ്റ്റില് ചെയ്ത വര്‍ക്ക്… ആ പ്രോജക്ടും ജീവന്റെ മറ്റൊരു സ്വപ്നസാഫല്യമായി മാറി.

വിജയം ഇനിയും പൂര്‍ണമായി കൈവന്നിട്ടില്ലെന്നു തോന്നിയാലും, യാത്ര നിര്‍ത്താന്‍ ജീവന് തയ്യാറല്ല. കൂടുതല്‍ സ്വപ്നങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. കൂടുതല്‍ കോണ്‍സെപ്റ്റുകള്‍ സൃഷ്ടിക്കാനുണ്ട്. അതിനൊപ്പം, ‘ബിഗ് ബോസ്സ് റിയാലിറ്റി ഷോ’ എന്ന വലിയ വേദിയുമാണ് ജീവന്റെ സ്വപ്നം. ഒരിക്കല്‍ തന്റെ പരിശ്രമം തിരിച്ചറിയപ്പെടുമെന്ന ഉറച്ച വിശ്വാസത്തോടെ, സ്വപ്നങ്ങള്‍ക്കായി കഷ്ടപ്പെടാനുള്ള മനസ്സോടെ, സ്വന്തം ആഗ്രഹങ്ങള്‍ക്ക് പിന്നാലെ യാത്ര തുടരുകയാണ് ജീവന് എം.പി.



