EntreprenuershipSuccess Story

മാലാഖ ബുട്ടീക്; കഠിനാധ്വാനത്താല്‍ നെയ്‌തെടുത്ത ഷീജയുടെയും ജോയ്‌സിന്റെയും സ്വപ്‌നം

വയനാടിന്റെ ഹൃദയഭാഗമായ മാനന്തവാടിയില്‍, ഫാഷന്‍ ലോകത്ത് തനതായ ഒരിടം കണ്ടെത്തിയ സ്ഥാപനമാണ് ‘മാലാഖ ബുട്ടീക്’ (Malagha Boutique). ഒരു സാധാരണ തയ്യല്‍ക്കടയില്‍ നിന്ന് ആരംഭിച്ച്, ഇന്ന് മാനന്തവാടിയിലെ അറിയപ്പെടുന്ന ബുട്ടീക്കായി മാലാഖ മാറിയതിനു പിന്നില്‍ ഷീജയുടെയും ജോയ്‌സിന്റെയും 13 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയുണ്ട്.

സ്വന്തമായി ഒരു വരുമാന മാര്‍ഗം കണ്ടെത്തണം എന്ന ചിന്തയിലാണ് വെറും രണ്ട് തയ്യല്‍ മെഷീനുകളുമായി ഷീജയും ഭര്‍തൃസഹോദരി ജോയ്‌സും ചേര്‍ന്ന് ഒരു ചെറിയ സ്റ്റിച്ചിംഗ് യൂണിറ്റ് ആരംഭിച്ചത്. ഇരുവരുടെയും കഠിനാധ്വാനത്തിലൂടെ ആ സംരംഭം പടിപടിയായി വളരുകയായിരുന്നു. ജോയ്‌സിന്റെ വിവാഹം കഴിഞ്ഞതോടെ, ഇന്ന് ഷീജ തനിയെയാണ് ഈ സ്ഥാപനത്തെ വിജയകരമായി മുന്നോട്ട് നയിക്കുന്നത്.

മാനന്തവാടി ജോസ് തിയേറ്റര്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാലാഖ ബുട്ടീക്കിന്റെ പ്രധാന സവിശേഷത ഉപഭോക്താക്കളുടെ സംതൃപ്തിയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍, അതിമനോഹരമായ വെഡ്ഡിംഗ് ഗൗണുകള്‍ എന്നിവയുടെ എക്‌സ്‌ക്ലൂസീവ് കളക്ഷന്‍സ് ഇവിടെ ഒരുക്കുന്നുണ്ട്.

മത്സരാധിഷ്ഠിതമായ വിപണിയില്‍ വസ്ത്രങ്ങളുടെ ഗുണമേന്മയിലും കൃത്യസമയത്ത് വസ്ത്രങ്ങള്‍ ഒരുക്കി നല്‍കുന്നതിലും ഷീജ വിട്ടുവീഴ്ച ചെയ്യാറില്ലെന്നതാണ് മാലാഖയുടെ സവിശേഷത. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നു എന്നതും മാലാഖയെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്.

പുല്‍പ്പള്ളിയിലെ വസ്ത്രവ്യാപാര പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന ഷീജയ്ക്ക് ബിസിനസ്സ് രക്തത്തിലുണ്ട്. ഭര്‍ത്താവ് ജോയിയുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയാണ് തന്റെ വിജയമെന്ന് ഷീജ പറയുന്നു. ഏഴ് ജീവനക്കാരാണ് ഇന്ന് മാലാഖയിലുള്ളത്. തന്റെ അഭാവത്തിലും സ്ഥാപനം കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്ന ജീവനക്കാരാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും ഷീജ കൂട്ടിച്ചേര്‍ക്കുന്നു.

ചെയ്യുന്ന ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ വിജയം ഉറപ്പാണെന്ന് ഷീജ പറയുന്നുണ്ട്. കൂടെ നില്‍ക്കുന്നവരെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയാല്‍ ബിസിനസ്സ് എന്നും വളരുമെന്നും ഷീജ ജോയ് പറയുന്നു.

കോവിഡ് കാലത്തെ വലിയ പ്രതിസന്ധികളെ ക്ഷമയോടെ നേരിട്ട ഷീജയ്ക്ക് മുന്നില്‍ ഇനി വലിയ ലക്ഷ്യങ്ങളുണ്ട്. നിലവിലെ ബുട്ടീക് കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിക്കാനും, കൂടുതല്‍ ആളുകളിലേക്ക് തന്റെ ഡിസൈനുകള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ഷീജയിന്ന്. കേവലം ലാഭമെന്നതിനേക്കാളുപരി, സാമ്പത്തിക സ്വാതന്ത്ര്യവും ആത്മവിശ്വാസവും നേടിയെടുക്കാന്‍ ഷീജയെ തന്റെ സംരംഭം സഹായിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ ക്ലെയ്ന്റുകള്‍ക്കിടയില്‍ വിശ്വാസ്യത ഉറപ്പാക്കാനും മാലാഖയ്ക്ക് സാധിച്ചിട്ടുണ്ട്. കഠിനാധ്വാനവും വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ജീവിതത്തില്‍ പുതിയ പാതകള്‍ തുറക്കുമെന്ന് തന്റെ ജീവിതം കൊണ്ട് പ്രചോദനമായി മാറുകയാണ് ഷീജയും ഒപ്പം മാലാഖ ബുട്ടീക്കും…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button