ചുവരെഴുത്തിന് ഇനി റോബോട്ട്; ചുവര്‍ബോട്ടുമായി ടെവാനോവ ടെക്ട്രേഡ്

ചുവരെഴുതാന്‍ കലാകാരന്മാരെ കിട്ടുന്നില്ല എന്ന പരാതിയ്ക്ക് പരിഹാരമായി ചുവര്‍ബോട്ട് എന്ന റോബോട്ടുമായി എത്തിയിരിക്കുകയാണ് ടെവാനോവ ടെക്ട്രേഡ് എന്ന സ്റ്റാര്‍ട്ടപ്പ്. ഹരിത ഇലക്ഷന് സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകളേകാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ യുവസംരംഭം… ഡോ. അക്സ പീറ്ററും ഷിബിന ഷൈനിയുമാണ് ടെവാനോവയുടെ ഡയറക്ടര്‍മാര്‍. ഷാക്കിബ് ഗീതാഞ്ജലി സിഇഒ ആയും പി അശോകന് (റിട്ട: അഡീഷണല്‍ സെക്രട്ടറി, കേരള സര്‍ക്കാര്‍) ജനറല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ടെവാനോവ സിഇഒ സക്സസ് കേരളയ്ക്ക് നല്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിലേക്ക്…
സംരംഭത്തിന്റെ ആരംഭം, സംരംഭം തുടങ്ങാനുണ്ടായ കാരണം ?
കേരളത്തിലെ പരമ്പരാഗത ചുവരെഴുത്ത് കലാകാരന്മാരുടെ കടുത്ത ക്ഷാമം മൂലമുണ്ടായ വിപണിയിലെ വലിയ വിടവാണ് ചുവര്ബോട്ടിന്റെ പിറവിക്ക് കാരണമായത്. ചുവരെഴുത്ത് എന്ന കല അന്യം നിന്നുപോയിക്കൊണ്ടിരിക്കുകയാണ്. പുതിയ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നില്ലെന്നതിനോടൊപ്പം ചുമരുകളെ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയത്തിന്റെ വലിയ തോതിലുള്ള ആവശ്യകതയെ കുറിച്ച് വ്യക്തമായി മനസിലാക്കാനായതുമാണ് ചുവര്‍ബോട്ട് എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്.
പ്രകൃതിസൗഹാര്‍ദ്ദമായ ഈ കലാമേഖലയെ പുനര്‍ജീവിപ്പിക്കാനായി റോബോട്ടിക്സ് ഉപയോഗിച്ച് ആധുനികവല്‍ക്കരിക്കുക എന്ന ഉത്തരവാദിത്വമാണ് ടെവാനോവ ഏറ്റെടുത്തത്. കൈവേലയെക്കാള് വേഗത്തിലും, കൃത്യതയോടെയും ചുവരെഴുതാന്‍ കഴിയുന്ന ഒരു CNC റോബോട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
തിരഞ്ഞെടുപ്പുമായി ഈ സാങ്കേതിക വിദ്യയെ ബന്ധിപ്പിക്കാമെന്ന ആശയത്തിന് പിന്നില്‍?
ചുമരുകളെ അടിസ്ഥാനമാക്കിയുള്ള ആശയ വിനിമയത്തിന്റെ വലിയ തോതിലുള്ള ആവശ്യകത തന്നെയാണ് തിരഞ്ഞെടുപ്പുമായി ചുവര്‍ബോട്ടിനെ ബന്ധിപ്പിക്കാനിടയാക്കിയത്. കാരണം, പ്രചാരണങ്ങള്‍ക്ക് പതിനായിരക്കണക്കിന് വാര്‍ഡുകളില്‍ സ്ഥിരതയുള്ള ബ്രാന്‍ഡിംഗ് ആവശ്യമാണ്. കൈവേലയ്ക്ക് മാത്രം ഇനി ഇത് സാധ്യമല്ല.
തിരഞ്ഞെടുപ്പുകളെ മാത്രം ലക്ഷ്യം വെച്ചല്ല ചുവര്‍ബോട്ട് എന്ന സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. വാണിജ്യപരമായ പരസ്യങ്ങള്‍, മുനിസിപ്പല്‍ സന്ദേശങ്ങള്‍, പൊതുജന അവബോധ കാമ്പെയ്നുകള്‍, ടൂറിസം ബ്രാന്‍ഡിംഗ്, സ്കൂള്‍/കോളേജ് പ്രൊമോഷനുകള്‍, സര്‍ക്കാര്‍ ആശയവിനിമയം എന്നിവയ്ക്കെല്ലാം ചുവര്‍ബോട്ട് വര്‍ഷം മുഴുവനും പ്രസക്തമാണ്.
ഫ്ളെക്സുകള്‍ ഒഴിവാക്കുന്നതിനപ്പുറം, ‘Green Elections in India’ എന്ന ആശയത്തിലേക്ക് കമ്പനി നല്കുന്ന സംഭാവനകള്‍ ?
ഫ്ളെക്സ് ബാനറുകള്‍ ഒഴിവാക്കുന്നതിലും അപ്പുറം, ചുവര്‍ബോട്ട് ഇന്ത്യയുടെ ‘ഹരിത തിരഞ്ഞെടുപ്പ് ദൗത്യ’ത്തിന് പല സംഭാവനകളും വാഗ്ദാനം ചെയ്യുന്നു. ചുവരെഴുത്ത് എന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഹൃദയ വികാരമാണ്. അതിനാണ് എപ്പോഴും പ്രാധാന്യം. കൂടുതല്‍ ചുവരുകള്‍ എഴുതാന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും സ്ഥാനാര്‍ത്ഥികള്‍ അതിന് കൂടുതല്‍ മുന്‍തൂക്കം നല്‍കും.
മതിലുകള്‍ എപ്പോഴും പരിസ്ഥിതിയെ തൊടാതെ തന്നെ പുനരുപയോഗം ചെയ്യാന്‍ കഴിയും. അവ ഒരുതരത്തിലുമുള്ള മാലിന്യങ്ങള്‍ ഉണ്ടാക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതലവും ഉപയോഗിക്കാം എന്നുള്ളത് ഇതിന്റെ ഭംഗിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. പണ്ടുകാലത്ത് ഉണ്ടായിരുന്ന മുടഞ്ഞ തെങ്ങോലയില്‍ ഉള്ള ബാനറുകള്‍ക്ക് ഇനിയും കവലകളില്‍ സ്ഥാനം പിടിക്കാം. കാര്‍ബണ്‍ ന്യൂട്രല്‍ ആയ തെരഞ്ഞെടുപ്പുകള്‍ നടത്താനും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ജനറേറ്റ് ചെയ്യാനും ചുവര്‍ബോട്ട് സഹായകമാകും.
നിലവിലുള്ള കലാകാരന്മാരുടെ ജോലി സാധ്യതയെ ഇത് ബാധിക്കാനിടയുണ്ടോ?
ചുവര്‍ബോട്ട് കലാകാരന്മാര്ക്ക് പകരമാകുന്നില്ല, മറിച്ച് കലാകാരന്മാരുടെ ക്ഷാമത്തിന് പരിഹാരം കണ്ടെത്തുകയും നിലവിലുള്ള കലാകാരന്മാര്ക്ക് ശക്തമായ ഒരു ആധുനിക ആയുധം നല്‍കിക്കൊണ്ട് അവരുടെ പ്രവര്‍ത്തനക്ഷമതയും ക്രിയാത്മകതയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ അസംഘടിതരായ ചുവരെഴുത്ത് കലാകാരന്മാര്ക്ക് വേണ്ട സാങ്കേതിക പരിശീലനവും സഹായവും നല്കി അവരുടെ സേവനശേഷി പലമടങ്ങ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ചുവര് ബോട്ടിന്റെ പ്രഥമ ദൗത്യം. അവരെ ഒരിക്കലും തൊഴില്രഹിതരാക്കാനല്ല; പകരം, സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള ക്രിയേറ്റീവ് തൊഴിലിന്റെ ഒരു പുതിയ വിഭാഗം ടെവാനോവ സൃഷ്ടിക്കുകയാണ്.
നിലവില്‍ ചുമര് പരസ്യങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ലഭ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ്. കലാകാരന്മാര്ക്ക് ഡിസൈനര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, യന്ത്ര ഓപ്പറേറ്റര്‍മാര്‍, കാലിബ്രേഷന്‍ ടെക്നീഷ്യന്മാര് എന്നീ നിലകളിലേക്ക് കൂടി വളരാന്‍ സാധിക്കുന്നു.

പുതിയ സങ്കേതികവിദ്യക്ക് ലഭിക്കുന്ന പിന്തുണ?
മികച്ച പിന്തുണയാണ് ചുവര്ബോട്ടിന് ലഭിക്കുന്നത്. ടെവാനോവ ടെക്ടേഡ് െ്രെപവറ്റ് ലിമിറ്റഡ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന DPIIT അംഗീകാരമുള്ള ഒരു ISO 9001:2015 സര്‍ട്ടിഫൈഡ് കമ്പനിയാണ്. ലോകത്ത് ആദ്യമായി ഇത്തരം ഒരു സിഎന്‍സി വാള് സ്പ്രേ പ്രിന്റിംഗ് റോബോട്ട് ഉണ്ടാക്കി അതിന് പ്രൊവിഷണല്‍ പേറ്റന്റ് നേടുകയും ചെയ്തതിന് ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു.
2025ല്‍ ബിസിനസ്സ് ഇന്‍സൈറ്റ് മാസിക എമെര്‍ജിങ്ങ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് നല്കി. രാഷ്ട്രീയ പ്രചാരണ കോര്‍ഡിനേറ്റര്‍മാര്‍, പരസ്യദാതാക്കള്‍, ഫ്രാഞ്ചൈസി അവസരങ്ങള്‍ തേടുന്ന പ്രാദേശിക സംരംഭകര്‍ എന്നിവരില്‍ നിന്ന് ശക്തമായ താത്പര്യം ഇതിനോടകം ലഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ പല കാര്‍ബണ്‍ ക്രെഡിറ്റ് ഏജന്‍സികളുമായും ചര്‍ച്ചകള്‍ നടന്നു വരുന്നു. ദേശീയതലത്തില്‍ ഒരു വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



