EntreprenuershipSuccess Story

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; മലബാറിന്റെ മൊഞ്ചുള്ള സജ്‌ന

ഏതാണ്ട് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടുകാരിയായ വീട്ടമ്മയ്ക്കുള്ളില്‍ അത്രമേല്‍ ആഴത്തിലൊരു ചോദ്യമുദിച്ചു… ”മറ്റുള്ളവരെല്ലാം തന്നാലാകുന്ന തൊഴില്‍ ചെയ്ത് സാമ്പത്തിക ഭദ്രത കൈവരിക്കുന്നു, എന്തുകൊണ്ട് അത് തനിക്കുമായിക്കൂടാ?” ഈ ചോദ്യത്തില്‍ നിന്നാണ് തന്റെ ഇഷ്ടത്തെ വരുമാനമാക്കാന്‍ കോഴിക്കോട് സ്വദേശിനി സജ്‌ന തീരുമാനിക്കുന്നത്. കഠിനാധ്വാനവും പാഷനും നിശ്ചദാര്‍ഢ്യവും മാത്രം കൈമുതലാക്കി ചുവടുവെച്ച സജ്‌ന, ബഹുമാന്യയായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മെന്റര്‍, ബിസിനസുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് ഇന്ന്. കോഴിക്കോട് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ ‘ലകാസ ബ്രൈഡല്‍ സ്റ്റുഡിയോ’ എന്ന സംരംഭവുമായി മുന്നോട്ടുള്ള യാത്ര തുടരുകയാണ് സജ്‌ന.

സംരംഭകയിലേക്കുള്ള സജ്‌നയുടെ യാത്ര പ്രതിസന്ധികളേറെ നിറഞ്ഞതായിരുന്നു. കൊവിഡ് കാലത്ത് സംരംഭം നിര്‍ത്തുന്നതായിരിക്കും ഉചിതമെന്ന ഉപദേശവുമായെത്തിയ എല്ലാവര്‍ക്കും മുന്‍പില്‍ പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ കരുത്തേറെ ആവശ്യമായിരുന്നു അവര്‍ക്ക്. ദീര്‍ഘവീക്ഷണവും ധൈര്യവും മാത്രം കൈമുതലാക്കി, സജ്‌ന തന്റെ സംരംഭത്തിനായി പുതിയ കടമുറി വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതും ഇക്കാലത്തായിരുന്നു. വിമര്‍ശിക്കാനേറെ പേരുണ്ടായിരുന്നുവെങ്കിലും സജ്‌നയ്ക്ക് തന്റെ തീരുമാനങ്ങളില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതു തന്നെയാണ് സജ്‌ന എന്ന വീട്ടമ്മയെ സംരംഭകയിലേക്കെത്തിച്ചതും.

ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് മനോജ് കുമാറാണ് സജ്‌നയുടെ കരുത്ത്. ചുറ്റുമുള്ളവരെല്ലാം കുറ്റപ്പെടുത്തിയപ്പോഴും തന്റെ തീരുമാനങ്ങളില്‍ വിശ്വസിച്ച് മുന്നോട്ടുനടക്കാന്‍ പ്രേരിപ്പിച്ചത് ഭര്‍ത്താവാണെന്ന് സജ്‌ന പറയുന്നുണ്ട്.

ഒരു കലാരൂപത്തില്‍ പ്രാവീണ്യം നേടുകയും അത് സ്വയം മാത്രമല്ല, മറ്റുള്ളവരെയും ശാക്തീകരിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു അന്ന് സജ്‌നയെ മുന്നോട്ടുനയിച്ച ലക്ഷ്യം. ഇന്ന് വിവിധ സ്ഥാപനങ്ങളിലായി പ്രായഭേദമന്യേ 250ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തൊല്‍ അഭ്യസിപ്പിച്ച വഴികാട്ടി കൂടിയാണ് സജ്‌ന. അവരില്‍ പലരും ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ്.

ഗ്ലാസ്‌സ്‌കിന്‍ മേക്കപ്പ് പോലുള്ള പുതിയ ട്രെന്‍ഡുകളെ കുറിച്ച് തന്റെ ശിഷ്യരെ പഠിപ്പിക്കുന്നതോടൊപ്പം കോഴ്‌സുകള്‍ അപ്‌ഡേറ്റ് ചെയ്യാനും ഓരോ സ്റ്റാഫ് അംഗത്തിനും ശരിയായ പരിശീലനം നല്‍കാനും സംരംഭം ഉറപ്പാക്കുന്നുണ്ട്. തനിക്ക് മുന്നിലെത്തുന്ന ഓരോ ക്ലയന്റിനെയും കുടുംബത്തിലെ അംഗമായാണ് സജ്‌ന കണക്കാക്കുന്നത്. മേക്കപ്പിന് മുമ്പ് ക്ലയന്റിന്റെ ചര്‍മത്തെ കുറിച്ച് കൃത്യമായി മനസിലാക്കാനും ശ്രദ്ധിക്കാറുണ്ടെന്നതാണ് സ്ഥാപനത്തെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

സജ്‌നയുടെ ലകൈസ ബ്രൈഡല്‍ സ്റ്റുഡിയോ മുന്നോട്ടുവെക്കുന്നത് മേക്കപ്പിന്റെ പാഠങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റേയും, വിശ്വാസത്തിന്റേയും പരിവര്‍ത്തനത്തിന്റേയും കൂടിയാണ്. പാഷന്‍ അടിത്തറയാക്കിയും കഠിനാധ്വാനത്തെ പാതയാക്കിയും സജ്‌ന ആരംഭിച്ച യാത്രയിലൂടെ, വളരാനും, പരിണമിക്കാനും, സ്വതന്ത്രരാകാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകുക കൂടിയാണ് ഈ സംരംഭക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button