ചോക്ലേറ്റുകള്‍ കൊണ്ട് സാമ്രാജ്യം തീര്‍ത്ത മലപ്പുറംകാരി; മധുരമേറെ നിറഞ്ഞ ഫര്‍സാനയുടെ ‘മിഷൂസ് സ്വീറ്റ്‌സ്’

മിഠായികള്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് ! മിഠായികളോടുള്ള ഇഷ്ടത്തെ ബിസിനസാക്കി മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചോക്ലേറ്റുകളോടുള്ള ഇഷ്ടത്തില്‍ തുടങ്ങി, ‘മിഷുസ് സ്വീറ്റ്‌സ്’ എന്ന മധുരമേറിയ സ്വപ്‌ന സംരംഭത്തിന്റെ ചിറക് വിരിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശിനി ഫര്‍സാന ഇസ്മായില്‍. നാല് വര്‍ഷത്തോളമായി ചോക്ലേറ്റ് പ്രേമികളിലേക്ക് ഹോംമെയ്ഡ് ചോക്ലേറ്റിന്റെ മധുരമെത്തിക്കുകയാണ് ഈ മലപ്പുറംകാരി. സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായ കുനാഫ ചോക്ലേറ്റ് മുതല്‍ കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി റാഗി ചോക്ലേറ്റ്, ബ്രൗണീസ്, കോഫി പ്രേമികള്‍ക്കായുള്ള പ്രത്യേക കോഫി ബൈറ്റ്‌സ് തുടങ്ങി മുപ്പതോളം യുണീഖ് വെറൈറ്റി ചോക്ലേറ്റുകളാണ് ഫര്‍സാനയുടെ അടുക്കളയിലൊരുങ്ങുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയം ചെറുപ്രായം മുതല്‍ക്കേ ഫര്‍സാനയുടെയുള്ളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. വിവാഹശേഷമുള്ള പഠനത്തിനും മറ്റും അക്കാലത്തെ സാഹചര്യങ്ങള്‍ അനുയോജ്യമായിരുന്നില്ലെന്നതിനാല്‍ പലപ്പോഴും തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക പ്രയാസമായിരുന്നു. വിവാഹശേഷം സ്വപ്‌നങ്ങളുടെ ചിറകൊതുക്കി ജീവിക്കുന്ന സ്ത്രീകളുടെ പട്ടികയില്‍ ചേരാന്‍ എന്തായാലും ഫര്‍സാന ഒരുക്കമായിരുന്നില്ല.

പഠനത്തിനപ്പുറത്തേക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ തന്റേതായ നിലയില്‍ ചെയ്യാനാകുന്ന ജോലികളിലേക്കായി പിന്നീടുള്ള ശ്രദ്ധ. ഓണ്‍ലൈന്‍ ബുട്ടീഖ്, ഹാന്‍ഡ്‌മെയ്ഡ് സോപ്പ് നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ ഫര്‍സാന പരീക്ഷണങ്ങള്‍ നടത്തി. വിവിധ സംരംഭങ്ങള്‍ ആരംഭിച്ച് മുന്നോട്ടുള്ള യാത്രയ്ക്കിടെയാണ് അച്ചാര്‍ നിര്‍മാണത്തിലേക്കെത്തുന്നത്. ക്രാഫ്റ്റിങ്ങിലും താത്പര്യമുള്ളതിനാല്‍ ആ മേഖലയിലും ചുരുങ്ങിയ കാലയളവില്‍ തന്നെ തന്റേതായ ഇടമുറപ്പിക്കാന്‍ ഫര്‍സാനയ്ക്ക് സാധിച്ചു.
അച്ചാറുകള്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ തന്നെ പിക്കിള്‍ ആന്‍ഡ് ഫര്‍സാന എന്ന പേജും ക്രാഫ്റ്റിങ്ങിനായി മേക്കിങ് അഗോര എന്ന പേജും ഫര്‍സാന ആരംഭിച്ചു. ക്രമേണ സംരംഭകയെന്ന നിലയിലുണ്ടായ പുതിയ അനുഭവങ്ങളും പാഠങ്ങളും ഒപ്പം ചോക്ലേറ്റിനോടുള്ള ഇഷ്ടവും കൂടിച്ചേര്‍ന്നാണ് മിഷൂസ് സ്വീറ്റ്‌സിന് തുടക്കമാകുന്നത്.
തന്റെ സ്വപ്‌നങ്ങള്‍ക്കും, സ്വയം പര്യാപ്തയാകണണെന്ന നിശ്ചയദാര്‍ഢ്യത്തിനും പരിപൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും ഒമ്പത് വയസുകാരിയായ മകള്‍ മിസ്ബ ഫാത്തിമയും ഫര്‍സാനയ്‌ക്കൊപ്പമുണ്ട്. വെറൈറ്റി ചോക്ലേറ്റുകള്‍ക്കൊപ്പം കസ്റ്റമൈസ്ഡ് ചോക്ലേറ്റ്‌സ്, ഹാംപര്‍, സര്‍പ്രൈസ് ഗിഫ്റ്റ് ഡെലിവറി തുടങ്ങിയ പ്രത്യേകതകളും മിഷൂസ് സ്വീറ്റ്‌സിനുണ്ട്. സംരംഭകരായും, വീടുകളില്‍ മാത്രമൊതുങ്ങാതെ തങ്ങളുടേതായ ഇടങ്ങളില്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ച സുഹൃത്തുക്കളുമാണ് തനിക്ക് പ്രചോദനമായതെന്ന് ഫര്‍സാന കൂട്ടിച്ചേര്‍ക്കുന്നു.

നിലവില്‍ ഇന്‍സ്റ്റഗ്രാം വാട്‌സ്ആപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് മിഷൂസ് സ്വീറ്റ്‌സിന്റെ പ്രവര്‍ത്തനം. ഓര്‍ഡറുകള്‍ ലഭിക്കുന്നതിന് അനുസരിച്ചാണ് ചോക്ലേറ്റുകളുണ്ടാക്കുന്നത്. കേരളത്തിലൂടനീളം അറിയപ്പെടുന്ന ചോക്ലേറ്റ് ബ്രാന്‍ഡായി മിഷൂസ് സ്വീറ്റ്‌സിനെ വളര്‍ത്തിയെടുക്കണമെന്നതാണ് ഫര്‍സാനയുടെ സ്വപ്‌നം. ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറികള്‍ പോലെ ഹോംമെയ്ഡ് ചോക്ലേറ്റുകളുടെ രുചി കേരളത്തിലും ഉറപ്പിക്കണമെന്നും ഫാക്ടറിയാരംഭിക്കണമെന്നുമുള്ള ആഗ്രഹവും ഫര്‍സാന പങ്കുവെക്കുന്നുണ്ട്.
മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാന്‍ താത്പര്യമില്ലാത്തവരോളം കഠിനമായി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നതിന് ഉദാഹരണമാണ് ഫര്‍സാന ഇസ്മായില്‍. ഓരോ മിഠായിതുണ്ടുകളിലൂടേയും തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് ഫര്‍സാന എന്ന യുവസംരംഭക… നിശ്ചയദാര്‍ഢ്യവും പാഷനും കൂട്ടിച്ചേര്‍ത്ത യാത്ര…!



