business

മെല്ലെ മെല്ലെ വളര്‍ത്തിയെടുത്ത ‘മെല്ലോ കേക്കി’ന്റെ കഥ

ഇന്ന് ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ നമ്മളെല്ലാവരും ആദ്യം തയ്യാറാക്കുന്നത് കേക്കുകളാണ്. ചെറിയ ആഘോഷങ്ങള്‍ മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ ‘കളര്‍ഫുള്‍’ ആക്കുന്നതില്‍ അടിപൊളി കേക്കുകളുടെ പ്രാധാന്യം തള്ളിക്കളയാന്‍ സാധിക്കില്ല.

വീട്ടമ്മയായ വിനയാ സൂരജ് എന്ന ഈ സംരംഭക ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ എല്ലാ കഴിവുകളും ഈ കേക്ക് ബേക്കിങ്ങിലാണ് എന്നുള്ള കാര്യം. അതേ, തിരിച്ചറിവുകളാണ് ജീവിതം മാറ്റിമറിക്കുന്നത്. നാം എന്താണെന്ന് മനസ്സിലാക്കി അതിലേക്ക് ഇറങ്ങി തുടങ്ങിയാല്‍ പിന്നെ പൗലോ കോയിലോ പറഞ്ഞതുപോലെ ”ലോകം മുഴുവന്‍ ആ സ്വപ്‌നങ്ങള്‍ക്ക് നിറവേറാന്‍ കൂട്ട് നില്‍ക്കും”.

അത് തന്നെയാണ് വിനയയുടെ ജീവിതത്തിലും സംഭവിച്ചത്. വിനയയുടെ യാത്ര തുടങ്ങുന്നത് ഏഴ് മില്യണ്‍ വരുന്ന ‘യെമ്മി റെസിപ്പീസ്’ എന്ന ഫേസ്ബുക്ക് പേജില്‍ കുക്കിംഗ് റെസിപ്പീസും വീഡിയോസും അപ്‌ലോഡ് ചെയ്താണ്. ജീവിതത്തില്‍ പിന്നീട് അപ്രതീക്ഷിതമായിരുന്നു ഓരോ മാറ്റങ്ങളും. ഈ പേജില്‍ ഇന്ത്യയില്‍ നിന്ന് വിനയ മാത്രമാണ് ഉള്ളത് എന്നത് മലയാളികള്‍ക്ക് ഒരു അഭിമാനം തന്നെയാണ്.

‘മെല്ലോ കേക്ക് വിത്ത് വിനയ’ എന്ന ഫേസ്ബുക്ക് പേജ് തുടങ്ങി സോഷ്യല്‍ മീഡിയയെ തനിക്ക് പ്രയോജനപ്രദമായ രീതിയില്‍ വിനയ ഉപയോഗിച്ചു. തന്റെ കഴിവുകളെ പരിപോഷിപ്പിക്കാനും തനതായ ഒരു സംരംഭം മെനഞ്ഞെടുക്കാനും ഈ പേജിലൂടെ അവര്‍ക്ക് സാധിച്ചു.

തുടക്കത്തില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമാണ് കേക്ക് ബേക്കിങ്ങിന്റെ വ്യത്യസ്തമായ രുചിക്കൂട്ടുകളും രീതികളും പഠിച്ചത്. പിന്നീട് അതില്‍ നിന്നും കൂടുതല്‍ വ്യത്യസ്തമായ രുചികള്‍ തേടി ചെന്നെത്തിയത് മുംബൈയിലാണ്.
ഓര്‍ഡര്‍ അനുസരിച്ച് കേക്ക് നിര്‍മിച്ചു കൊടുക്കുന്നതിന് പുറമെ, താന്‍ പഠിച്ചതെല്ലാം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2019 സെപ്റ്റംബറോടുകൂടി വിനയാ തൃശൂരില്‍ ഒരു കൊച്ചു മുറി വാടകയ്‌ക്കെടുത്തത്.

2017 മുതല്‍ താന്‍ ചെയ്ത് തുടങ്ങിയ കാര്യങ്ങളും വ്യത്യസ്ത രുചിക്കൂട്ടുകളും ചില പൊടി കൈകളും ക്ലാസുകള്‍ വഴി വിനയ പകര്‍ന്ന് കൊടുത്തു. പിന്നീട് കേരളത്തിലോട്ടാകെ ഇതില്‍ താല്പര്യമുള്ള ആളുകളുടെ ആവശ്യാനുസരണം ക്ലാസുകള്‍ നടത്തി.

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ക്ലാസുകള്‍ നടത്താനാകാതെ വന്നപ്പോള്‍ തന്നിലെ സംരംഭകയുടെ കാര്യപ്രാപ്തി വിനയ തെളിയിച്ചത് തൃശ്ശൂരിലെ കൊച്ചു മുറിയെ ‘മെല്ലോ ദ ബേക്കേഴ്‌സ് ചോയ്‌സ്’ എന്ന ഷോപ്പാക്കി മാറ്റിയാണ്. ‘കേക്ക് ടൂളുകള്‍’ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ വില്‍ക്കുന്ന ഷോപ്പാക്കി മാറ്റിയത് വിനയയുടെ ജീവിതത്തിലെ മറ്റൊരു അപ്രതീക്ഷിത മാറ്റമായിരുന്നു.

കോവിഡ് കാലത്ത് ഒരുപക്ഷേ വീട്ടമ്മമാരും പെണ്‍കുട്ടികളും യുവതികളും ഏറ്റവും കൂടുതല്‍ സ്വയം നിര്‍മിക്കാന്‍ പഠിച്ചത് കേക്കുകളാണ്. യൂട്യൂബ് വഴി ഇങ്ങനെ പഠിച്ച് എത്തുന്നവര്‍ക്ക് കേക്ക് ബേക്കിങ് കൂടുതല്‍ എളുപ്പമാക്കാനും കൂടുതല്‍ രുചികരമക്കാനുമുള്ള ട്രിക്കുകളും കൂടുതല്‍ കളര്‍ ആക്കാനുമുള്ള ഐഡിയകളുമാണ് വിനയ തന്റെ ക്ലാസ്സുകളിലൂടെ പങ്കുവയ്ക്കുന്നത്.

കേരളത്തിലുടനീളം ക്ലാസുകള്‍ നടത്താനും ഓണ്‍ലൈന്‍ വഴി തന്റെ ബിസിനസ് നടത്താനും തന്നെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഭര്‍ത്താവായ സൂരജാണെന്ന് ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും വിനയ പറയുന്നു.

കുടുംബിനിയും മൂന്നാം ക്ലാസുകാരിയായ മകളുമുള്ള ഒരു യുവതിക്ക് സ്വപ്‌നങ്ങള്‍ക്ക് ചിറകേറി പറക്കാന്‍ പലപ്പോഴും സാധിക്കാതെ വരും. എന്നാല്‍ എല്ലാവിധ പിന്തുണയും ആത്മവിശ്വാസവും നല്‍കി കണ്ണൂര്‍ക്കാരിയായ വിനയയുടെ തോളോട് ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവായ സൂരജ് ഉള്ളതുകൊണ്ട് ഒരിക്കലും തന്റെ സ്വപ്‌നങ്ങള്‍ക്ക് ‘പൂട്ട്’ വീഴില്ല എന്ന ഉറപ്പാണ് ഈ സംരംഭകയുടെ വിജയ രഹസ്യം. വിനയ സൂരജിന്റെ ഈ വളര്‍ച്ചയ്ക്ക് മറ്റൊരു കാരണം കസ്റ്റമേഴ്‌സും വിദ്യാര്‍ത്ഥികളും നല്‍കുന്ന പിന്തുണയും ധൈര്യവുമാണ്.

‘മെല്ലോ’ എന്ന പേര് പോലെ തന്നെ പ്രസന്നവും മിനുസവും മൃദുവുമാണ് വിനയയുടെ കേക്കും കേക്ക് ബേക്കിങ് ക്ലാസുകളുമെന്നാണ് കേക്ക് ആരാധകരുടെ അഭിപ്രായം.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button