Special StorySuccess Story

വി വിമല്‍റോയിയുടെ ‘ഹൃദയം തൊട്ട മൂന്നാര്‍ ‘ മൂന്നാം പതിപ്പിലേക്ക് ; മൂന്നാറിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പുസ്തകത്താളുകളിലൂടെ ഒരു യാത്ര

മൂന്നാറിന്റെ വശ്യ സൗന്ദര്യത്തെ അടുത്തറിയുക തന്നെ വേണം. പ്രകൃതിയുടെ വരദാനമാണ് മൂന്നാര്‍. എത്ര പാടി പുകഴ്ത്തിയാലും മതിയാവില്ല. അനശ്വരമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന പച്ചപ്പുല്‍ മൈതാനങ്ങളും ചായത്തോട്ടങ്ങളും കാറ്റാടി മരങ്ങളും നിറഞ്ഞ ഒരു സ്വര്‍ഗലോകം. എത്ര വര്‍ണിച്ചാലും മതിവരാത്ത പ്രകൃതിയുടെ ശാലീന സൗന്ദര്യം കോരിച്ചൊരിയുന്നിടം. ചരിത്രവും പുരാവൃത്തവും പ്രകൃതിയും മനുഷ്യനും ഒത്തുച്ചേര്‍ന്നൊരുക്കിയ തനതായ സംസ്‌കൃതി മൂന്നാറിനുണ്ട്.

ഒരിക്കല്‍ പോയവര്‍ വീണ്ടും വീണ്ടും ഈ സ്ഥലം തേടിയെത്തുന്നു. ഈ മണ്ണിന്റെ മണവും അവിടെ നിന്നും ലഭിച്ച തന്റെ അനുഭവങ്ങളും ചേര്‍ത്ത് വി വിമല്‍റോയ് രചിച്ച പുസ്തകമാണ് ‘ഹൃദയം തൊട്ട മൂന്നാര്‍’. നമുക്കേവര്‍ക്കും പരിചിതമായ മൂന്നാറിന്റെ ആത്മാവും തന്റെ 15 വര്‍ഷത്തെ മൂന്നാര്‍ ജീവിതത്തിലെ അനുഭവങ്ങളും ചേര്‍ത്തുകൊണ്ടാണ് വിമല്‍റോയ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ചരിത്ര സംഭവങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ ഹൃദയം തൊട്ട മൂന്നാര്‍ ഒരു ചരിത്ര പുസ്തകമോ, പ്രകൃതി വര്‍ണന കൊണ്ട് സമ്പന്നമായതിനാല്‍ ഇത് ഒരു യാത്രാ ഗ്രന്ഥമോ ആകുന്നില്ല. വിമല്‍റോയ് മൂന്നാറിന് സമര്‍പ്പിക്കുന്ന സമ്മാനമാണ് ഈ പുസ്തകം..

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം. സര്‍ക്കാര്‍ വിനോദ സഞ്ചാര വകുപ്പില്‍ നിന്നും അവധിയെടുത്ത് കഴിഞ്ഞ 15 വര്‍ഷങ്ങളായി മൂന്നാറിലെ സ്വകാര്യ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം ദീര്‍ഘകാലം ഫോഗ് / വൈബ് റിസോര്‍ട്ടുകളുടെ ജനറല്‍ മാനേജരും ഗുഡ്‌ഷെപ്പേര്‍ഡ് കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പ്രിന്‍സിപ്പാളും ആയിരുന്നു.

ഇപ്പോള്‍ സ്വന്തം സംരംഭമായ ഗ്രാസ്‌ഹോപ്പര്‍ ഹോട്ടല്‍സിന്റെ മാനേജിംഗ് ഡറയക്ടറാണ് ഇദ്ദേഹം. ഒപ്പം കേരാളാ ടൂറിസം അഡൈ്വസറി കമ്മിറ്റി അംഗവും. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ സനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ ബിലഹരി, ബാന്‍സുരി എന്നിവരാണ്.
നാല് ഭാഗങ്ങളാണ് ഹൃദയം തൊട്ട മൂന്നാര്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഭാഗം ആത്മം, രണ്ടാം ഭാഗം അനശ്വരം, മൂന്നാം ഭാഗം അനുഭവം, നാലാം ഭാഗം അനുബന്ധം എന്നിവയാണ്.

ആത്മമെന്ന ഭാഗത്തില്‍ വിമല്‍റോയ് തന്റെ വ്യക്തിഗത ജീവിതത്തെക്കുറിച്ചും താന്‍ കണ്ട മൂന്നാര്‍ എന്താണെന്നും വിവരിച്ചിരിക്കുന്നു. എന്നാല്‍ അനശ്വരം മൂന്നാറിന്റെ നശിക്കാത്ത ചരിത്രത്തെ കുറിച്ചാണ് പറയുന്നത്. അതില്‍ മുതുവാന്‍ കാലം തൊട്ട് ഇന്നത്തെ ടൂറിസം വളര്‍ച്ചയില്‍ എത്തി നില്‍ക്കുന്നത് എങ്ങനെയെന്ന് വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മൂന്നാം ഭാഗമാണ് അനുഭവം. അതിലുള്ളത് മൂന്നാറിലെ സുന്ദര കാഴ്ചകളും സഞ്ചാരവുമാണ്.

അനുബന്ധമെന്ന പേരിലുള്ള നാലാം ഭാഗത്തില്‍ യാത്രാ പ്ലാനുകളും മറ്റ് യാത്രാസഹായികളായ വസ്തുതകളുമാണ്. മൂന്നാറിനെ കുറിച്ചുള്ള പലവക കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് രചിച്ച ഒരു സമ്പൂര്‍ണ ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തിന്റെ എടുത്തു പറയേണ്ട സവിശേഷത ഒന്നും രണ്ടും പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞ് മൂന്നാം പതിപ്പില്‍ എത്തിനില്‍ക്കുന്നു എന്നതാണ്.

നാലുമാസം സമയം കൊണ്ടാണ് ഇത്രയധികം വില്‍പന ഈ പുസ്തകത്തിന് ഉണ്ടായത്. അതിന്റെ പ്രധാന കാരണം തന്നെ മൂന്നാറിന്റെ ആത്മാവ് ഒപ്പിയെടുത്ത ഒരു പുസ്തകമാണ് ഇത് എന്നത് തന്നെ. മലയാളത്തില്‍ കൂടാത ഇതിന്റെ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളും ഉടന്‍ പുറത്തിറങ്ങുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വളരെയധികം ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതും എടുത്തു പറയേണ്ടതുതന്നെ. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് സന്തോഷ് ജോര്‍ജ് കുളങ്ങരയാണ്.

ഈ പുസ്തകത്തെ അടുത്തറിയുകയും വായിക്കുകയും ചെയ്യുമ്പോള്‍ ഒരോ വ്യക്തികള്‍ക്കും ഉണ്ടാകുന്നത് മൂന്നാറിലൂടെ സഞ്ചരിച്ചു വന്ന ആ ഒരു ആത്മീയ സുഖമാണ്. പുസ്തകത്താളുകളിലൂടെയുള്ള ഒരു ഹൃദയകാരിയായ യാത്ര, അതാണ് വിമല്‍റോയിയുടെ ‘ഹൃദയം തൊട്ട മൂന്നാര്‍’.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button