നിയമപോരാട്ടങ്ങള്‍ക്കൊപ്പം വേറിട്ടൊരു തൊഴില്‍ അന്തരീക്ഷവും; അഡ്വ. ശ്രീകുമാറിന്റെ ‘ഫോളോ അപ്പ്’ മാതൃക

അമിതമായ തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളെ ഇല്ലാതാക്കുമ്പോള്‍ നിയമ രംഗത്ത് വ്യത്യസ്തവും മാതൃകാപരവുമായ തൊഴില്‍ അന്തരീക്ഷം മുന്നോട്ടുവെച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് എറണാകുളം കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വ. ശ്രീകുമാറും അദ്ദേഹത്തിന്റെ ‘ഫോളോ അപ്പ് അഡ്വക്കേറ്റ്സ്, സോളിസിറ്റേഴ്സ് ആന്‍ഡ് കണ്വെയന്സേഴ്സ്’ എന്ന ലീഗല്‍ ഫേമും.
താങ്കളുടെ സ്ഥാപനം മുന്നോട്ടുവയ്ക്കുന്ന തൊഴില്‍ സംസ്കാരം എന്താണ്?
പല സ്ഥാപനങ്ങളിലും കടുത്ത ടാര്‍ഗറ്റുകള്‍ സ്റ്റാഫുകള്‍ക്ക് വലിയ തൊഴില്‍ സമ്മര്‍ദ്ദവും സാമ്പത്തിക പ്രയാസങ്ങളും നല്‍കുന്നത് നേരിട്ടു കണ്ട ഒരാളാണ് ഞാന്‍. ജോലി എന്നത് ഒരിക്കലും മാനസിക ഭാരമായി മാറാന്‍ പാടില്ല. ആ ബോധ്യവും ഉള്‍ക്കൊണ്ടാണ് രണ്ടര വര്‍ഷം മുന്‍പ് കാക്കനാട് ‘ഫോളോ അപ്പ് അഡ്വക്കേറ്റ്സ്’ ആരംഭിക്കുന്നത്. ഈ ഫേം തുടങ്ങുന്നതിന് മുന്‍പ് അഞ്ച് വ്യത്യസ്ത ലോ ഫേമുകളില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞങ്ങളുടെ സ്ഥാപനത്തില്‍ ‘വര്‍ക്ക് ബേസ്ഡ് സാലറി’ മോഡലാണ് പിന്തുടരുന്നത്. കൂടാതെ, ഓഫീസ് സമയം കഴിഞ്ഞാല്‍ തൊഴില്‍പരമായ ആശയവിനിമയങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഓഫീസില്‍ നിന്നിറങ്ങിയാല്‍ അവരുടെ മനസ്സ് പൂര്‍ണമായും സ്വതന്ത്രമായിരിക്കണം. പിറ്റേ ദിവസം ഓഫീസിലെത്തുമ്പോള്‍ മാത്രമേ ജോലിയുടെ മൂഡിലേക്ക് വരാന്‍ പാടുള്ളൂ. സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷത്തില്‍ അവര്‍ ജോലി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വേഗത്തിലും കൃത്യതയോടെയും ചെയ്തുതീര്ക്കാന് സാധിക്കും. സ്റ്റാഫുകള്‍ എത്രത്തോളം ഹാപ്പിയാണോ അത്രത്തോളം നമ്മുടെ ക്ലെയിന്റുകളും ‘ഹാപ്പി’യാവും..
താങ്കള്‍ മുന്നോട്ടുവയ്ക്കുന്ന നെറ്റ്വര്ക്കിംഗ് മോഡലും ഹൈബ്രിഡ് മോഡലും എന്താണ്?
അവസരങ്ങളില്ലാതെ കഷ്ടപ്പെടുന്ന നിരവധി അഭിഭാഷകരും ലീഗല്‍ ക്ലര്‍ക്കുമാരും നമുക്കിടയിലുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു റിമോട്ട് നെറ്റ്വര്ക്കിംഗ് മോഡലാണ് ഞാന്‍ ആവിഷ്കരിച്ചിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ അനുയോജ്യരായ ആളുകള്‍ക്ക് കേസ് ഡ്രാഫ്റ്റിംഗ് ചുമതലകള്‍ കൈമാറാനും, ജൂനിയര്‍ അഭിഭാഷകര്‍ക്ക് അവസരങ്ങള്‍ നല്‍കാനുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഏതൊക്കെ മേഖലകളിലെ കേസുകളിലാണ് താങ്കളുടെ സ്ഥാപനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
റിയല്‍ എസ്റ്റേറ്റ് കേസുകളിലും ഭൂമി സംബന്ധമായ തര്‍ക്കങ്ങളിലുമാണ് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും ഇത്തരം കേസുകളില്‍ ഞങ്ങള്‍ ഹാജരാകുന്നുണ്ട്. കൂടാതെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (ചഇഘഠ) കാക്കനാട്, ചെന്നൈ ബെഞ്ചുകളിലും ഞങ്ങള്‍ സജീവമാണ്. ഇതിന് പുറമെ ക്രിമിനല്‍, ഫാമിലി വിഷയങ്ങളിലും ക്ലെയിന്റുകള്‍ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കിവരുന്നുണ്ട്.
പ്രശസ്തമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള വരവ് താങ്കളുടെ സാമൂഹിക കാഴ്ചപ്പാടുകളെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട് ?
1996 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ പേരക്കുട്ടിയാണ് ഞാന്‍. 91 ാം വയസ്സില്‍ അദ്ദേഹം മരിക്കുന്നത് വരെ തനിക്ക് ലഭിക്കുന്ന തുകയില്‍ ഒരു പങ്ക് യുവ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അവാര്‍ഡുകള്‍ നല്കാന് അദ്ദേഹം മാറ്റി വെച്ചിരുന്നു. അദ്ദേഹത്തിന് കിട്ടിയ കഴിവുകള്‍ സമൂഹത്തിന് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാനാണ് അദ്ദേഹം തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ച് തന്നത്. അത് തന്നെയാണ് ഞാനും പിന്തുടരുന്നത്. പഠിക്കുന്ന കാലം മുതല്ക്കേ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാറുണ്ടായിരുന്നു. നമുക്ക് ഈ സമൂഹത്തോട് എന്തൊക്കെ ചെയ്യാനാവുമോ? അത് ചെയ്യുക എന്നതാണ് ലക്ഷ്യം..
പ്രൊഫഷണല്‍ ജീവിതത്തിനൊപ്പം കലാപരമായ അഭിരുചികള്‍ കൂടിയുള്ള ആളാണല്ലോ താങ്കള്‍? കലാജീവിതവും കുടുംബജീവിതവും ഒന്ന് പരിചയപ്പെടുത്താമോ?
മുത്തച്ഛന് കാര്‍ട്ടൂണിസ്റ്റ് ആണെന്ന് പറഞ്ഞല്ലോ.. അമ്മ (സുമംഗല) 2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മികച്ച വനിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്. അച്ഛന് സുനില്‍ കെ.ജി – സെക്യൂരിറ്റി, ക്ലിനിങ് സ്റ്റാഫ്, എന്നിവരെയൊക്കെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ചേട്ടന് സനൂപ് കൃഷ്ണന് ഐടി മേഖലയില്‍ സ്വന്തമായി ഒരു സ്ഥാപനം റണ്‍ ചെയ്യുന്ന വ്യക്തിയാണ്. ഭാര്യ ചിപ്പി സുരേഷ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്, ഒപ്പം അമൃത ആശുപത്രിയില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നുണ്ട്.
എന്റെ കലാജീവിതത്തില്‍ ‘പ്ലസ് ടു’, ‘ഒരു നുണക്കഥ’ തുടങ്ങിയ സിനിമകളിലും ‘ചക്രവാകം’ എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ‘പ്രേമം’, ‘അനുരാഗ കരിക്കിന് വെള്ളം’ തുടങ്ങിയ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാനും സാധിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ജീവിതത്തിലും കലാജീവിതത്തിലും എപ്പോഴും കരുത്ത് നല്‍കുന്നത് കുടുംബം തന്നെയാണ്.



