വിജയത്തിലേക്ക് നടന്നടുത്ത നീണ്ട 15 വര്‍ഷങ്ങള്‍; പാഷനെ ഫ്യൂച്ചറാക്കിയ ഒരു ഫോട്ടോഗ്രാഫര്‍
ദിവസവും നാം അനേകം കാഴ്ചകള്‍ കാണുന്നു. അവയെല്ലാം നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു. മറന്നു പോകാന്‍ ആഗ്രഹിക്കാത്തവയെ ഫോട്ടോ രൂപത്തില്‍ ശേഖരിച്ചുവയ്ക്കുന്നു. കാലം ഏറെ കടന്നു പോകുമ്പോള്‍ പിന്നിട്ട വഴികള്‍ ഏതെല്ലാമാണെന്ന് ഒരുപക്ഷേ കാണിച്ചുതരുന്നത് നമ്മള് ശേഖരിച്ചു വച്ച ആ ചിത്രങ്ങള്‍ ആയിരിക്കും. നേരില്‍ കാണുന്ന ചിത്രങ്ങളുടെ വളരെ കുറച്ച് ശതമാനം മാത്രമാണ് ക്യാമറയിലൂടെ സൂക്ഷിക്കാന്‍ കഴിയുകയെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. എന്നാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രത്തിന്റെ അടിത്തട്ടിലൂടെ കടന്നുചെന്ന് അതിന്റെ ആത്മാവ് ഒപ്പിയെടുക്കാനാകും. അത്തരത്തില്‍ ചിത്രങ്ങളെ തന്റെ ക്യാമറയിലൂടെ പകര്‍ത്തുന്ന വ്യക്തിയാണ് അഭി ട്രൂ വിഷന്‍.
നിരവധി സീരിയലുകളുടെ ക്യാമറ അസിസ്റ്റന്റായി ജോലി ചെയ്തുകൊണ്ടാണ് അഭി തന്റെ കരിയര്‍ തുടങ്ങുന്നത്. ഇതിനിടയില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിദേശത്തേക്ക് പോകേണ്ടി വരികയും അവിടെ കുറച്ചുനാള്‍ ജോലി ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഫോട്ടോഗ്രാഫി എന്ന എന്ന പാഷന് ഉള്ളില്‍ നിറഞ്ഞപ്പോള്‍ നല്ല ശമ്പളമുള്ള ആ ജോലി ഉപേക്ഷിച്ചു, നാട്ടിലേക്ക് തിരിച്ചെത്തി. പിന്നീടാണ് ’24 ഫ്രെയിംസ്’ എന്ന സ്റ്റുഡിയോ ആരംഭിക്കുന്നത്.
ആ കാലഘട്ടത്തിനിടയ്ക്ക് വച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ മഹാദേവന് തമ്പിയുമായി പരിചയപ്പെട്ടു. അതായിരുന്നു ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറിയത്. മഹാദേവന് തമ്പിയുടെ ശിഷ്യനായി പിന്നീട് കുറച്ചു വര്‍ഷങ്ങള്‍. അവിടെനിന്നും സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ വിവിധ പാഠങ്ങള്‍ പഠിച്ചു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ അഭിക്ക് സാധിച്ചു.
റിയാസ്ഖാന് നായകനായ സിനിമയിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ നല്ല സുഹൃത്താകുവാനും സാധിച്ചു. പിന്നീടങ്ങോട്ട് എട്ടോളം സിനിമകളുടെ ഭാഗമായി. കൂടാതെ, നിരവധി സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളും ചെയ്തു. ഒപ്പം, മൂന്ന് മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കും 13 ഓളം ഷോട്ട് ഫിലിമുകള്‍ക്കും ക്യാമറാമാനായി പ്രവര്‍ത്തിക്കുകയും അവയില്‍ ‘ഒറാങ്കുട്ടന്‍’ എന്ന ഷോര്‍ട്ട് ഫിലിം ‘ക്യാന്‍ ഫിലിം ഫെസ്റ്റിവലി’ല്‍ വരെ ശ്രദ്ധേയമായി.
ഈ ഷോര്‍ട്ട് ഫിലിമിലേക്ക്, ക്യാമറ ചെയ്യാന്‍ വിളിക്കുന്നതും ക്യാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് നോമിനേറ്റ് ചെയ്തതും ചലച്ചിത്ര സംവിധായകനായ സജീവ് വ്യാസയാണ്. ഇവയ്ക്കെല്ലാം ശേഷം, പുതിയൊരു തമിഴ് ചിത്രത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് അഭി. സിനിമ മേഖലയിലേക്കുള്ള പ്രവേശനത്തിന് അഭിയെ സഹായിച്ചതില്‍ ഒരാള്‍ എം ജി എം സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഹെഡ്ഡും സഹോദര തുല്യനുമായ സുനില്‍ വേറ്റിനാടാണ്. തന്റെ കഴിവിനും പരിശ്രമത്തിനുമൊപ്പം നിരവധി പേരുടെ കരുതലും പ്രാര്‍ത്ഥനയും പിന്തുണയുമാണ് തന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് അഭി പറയുന്നു.
സിനിമയിലേക്ക് ചേക്കേറിയപ്പോള്‍ 24 ഫ്രെയിംസ് എന്ന തന്റെ വെഡിങ് കമ്പനിയെ ‘അഭി ട്രൂ വിഷന്‍ ഫോട്ടോഗ്രഫി’ എന്ന പേരിലേക്ക് മാറ്റി. കൂടാതെ, എറണാകുളം കേന്ദ്രീകരിച്ച് പുതിയൊരു വെഡിങ് കമ്പനി കൂടി തുടങ്ങാനുള്ള ആലോചനയിലാണ് അഭിയും ടീമും. ഫോട്ടോഗ്രാഫി ഒരിക്കലും ഒരു സ്റ്റുഡിയോയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്റ്റുഡിയോയില്‍ മാത്രം അത് കേന്ദ്രീകരിക്കുകയാണെങ്കില്‍ ജീവിതം അവിടെ മാത്രമായി ഒതുങ്ങിപോകുന്നു. എന്നാല്‍ അങ്ങനെ അല്ലെന്നും ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുകയാണെന്നും അഭി പറയുന്നു.
15 വര്‍ഷത്തോളമായി ഈ മേഖലയില്‍ സജീവമാണ് അഭി. ഈ മേഖലയില്‍ നിന്നു ലഭിച്ച അനുഭവങ്ങളെല്ലാം വളരെ വിലപ്പെട്ടതാണെന്ന് അഭി പറയുന്നു. നിരവധി കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കുവാനും നിരവധി സ്ഥലങ്ങളില്‍ സഞ്ചരിക്കാനും പലരുമായി സൗഹൃദം സ്ഥാപിക്കാനും ഇക്കാലങ്ങളില്‍ തനിക്കു സാധിച്ചു. ഒരു നല്ല ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഓരോ യാത്രകളും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു, പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്നു. അത് അയാളുടെ വളര്‍ച്ചയ്ക്കുള്ള കാരണമായി തീരുകയും ചെയ്യുന്നു.
കേരളത്തിലുടനീളം അഭി ഇപ്പോള്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു. പതിനൊന്നോളം വ്യക്തികള്‍ ‘അഭി ട്രൂ വിഷനി’ല്‍ ജോലി ചെയ്യുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഓഫീസ് സംവിധാനവും പ്രവര്‍ത്തിക്കുന്നു. ഭാര്യ വീണ മോഹന്‍, മകന് അദ്വൈത് കൃഷ്ണ എന്നിവര്‍ എല്ലാ പിന്തുണയും നല്കി കൂടെ തന്നെയുണ്ട്.
‘പണത്തിന് പിന്നാലെ പോകാതെ പാഷനെ പിന്തുടരുമ്പോള് പണം എന്നത് നമ്മളെ തേടി വരും’, എന്നതാണ് അഭിയുടെ ‘പോളിസി’.
”ഈ മേഖലയില്‍ നില്ക്കുമ്പോള് പണം എന്നതിലുപരി പാഷനെയാണ് ഓരോ വ്യക്തികളും ഫോളോ ചെയ്യേണ്ടത്. നിരവധി ആളുകള്‍ ഈ മേഖലയില്‍ കടന്നുവരുന്നതു കൊണ്ടുതന്നെ അവരെല്ലാം ചെയ്യുന്നത് ടെക്നോളജിക്ക് പിന്നാലെ പോവുകയാണ്. അത് നല്ല കാര്യം തന്നെ. എന്നാല്‍ ഓരോ ടെക്നോളജിയെയും കുറിച്ച് പൂര്‍ണമായും മനസ്സിലാക്കി അവ പരമാവധി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് നല്ലൊരു ഫോട്ടോഗ്രാഫര്‍ പിറവിയെടുക്കുന്നത്.
കൂടാതെ, ഫോട്ടോഗ്രാഫി ഒരിക്കലും പൂര്‍ണമായി പഠിക്കാന്‍ സാധിക്കില്ല. ഓരോ ദിവസവും അതിന്റെ സാദ്ധ്യതകള്‍ മാറിക്കൊണ്ടേയിരിക്കും. ഒരു നല്ല ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഒരുപാട് സ്ഥലങ്ങളില്‍ സഞ്ചരിക്കുകയും കാണുന്ന കാഴ്ചകളെല്ലാം ചിത്രങ്ങളാക്കി ഒപ്പിയെടുക്കുകയും എന്നതല്ല ചെയ്യേണ്ടത്. യാത്ര ചെയ്ത സ്ഥലങ്ങള്‍ ചെറുതാണെങ്കിലും അവിടെ നിന്ന് ലഭിക്കുന്ന ഏറ്റവും മനോഹരമായ ഒരു കാഴ്ച മാത്രമാണ് അയാളെ വളര്‍ത്തുന്നത്. ഒരിക്കലും ആരുമായും മത്സരിക്കരുത്, ഈ മേഖലയില്‍ തെളിയുവാന്‍ ആവശ്യം മത്സരബുദ്ധി അല്ല. മറിച്ച് കൃത്യമായ പരിശീലനവും മനോഹരങ്ങളായ കാഴ്ചപ്പാടുകളുമാണ്.
Contact No : +91 97475 23580
https://www.instagram.com/abhi_truevision/?igshid=YmMyMTA2M2Y%3D