ഉറച്ച ചുവടുകളിലൂടെ…
1982-ല്‍ തന്റെ പഠനം പൂര്‍ത്തിയാക്കി കരിയര്‍ ആരംഭിക്കുന്ന സമയത്ത് സുരേഷ് കുമാര്‍ സന്തോഷത്തോടെ തിരഞ്ഞെടുത്തത് എന്‍ജിനീയറിങ് മേഖലയിലെ ഡിസൈന്‍ എഞ്ചിനിയറിംഗ് സെക്ഷനായിരുന്നു. ആ മേഖലയില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ലാഭമുണ്ടാക്കാനാകൂ എന്ന് അറിഞ്ഞിട്ടും അദ്ദേഹം സധൈര്യം പാക്കിങ്ങിന്റെ അതിവിശാലമായ ലോകത്തേക്ക് ചുവടുവച്ചു. ഇനി വരുന്ന കാലഘട്ടത്തില്‍ പാക്കിങ്ങിന്റെ പ്രസക്തി എന്താണെന്ന വ്യക്തമായ തിരിച്ചറിവു തന്നെയായിരുന്നു ആ രംഗത്തേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ന് അദ്ദേഹം പാക്കിംഗ് ആന്‍ഡ് ഡിസൈനിംഗ് രംഗത്തെ വിശ്വസ്ഥ നാമമായ മാക്സ് ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അമരക്കാരനാണ്. വളരെവേഗം ലാഭമുണ്ടാക്കുക എന്നതിലുപരിയായി, ബിസിനസ് തുടങ്ങിയപ്പോള്‍ അദ്ദേഹം ചിന്തിച്ചത് സ്വന്തം നാട്ടിനു നേട്ടമുണ്ടാക്കുന്ന ഒരു തൊഴില്‍ സംരംഭം എന്ന ആശയമായിരുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നെടുവത്തൂര്‍ എന്ന ഗ്രാമത്തില്‍ തങ്കപ്പന് നായരുടെയും ഓമനക്കുട്ടി അമ്മയുടെയും മകനായിട്ടായിരുന്നു ജനനം. അധ്യാപകരും സാത്വിക ചിന്താഗതിക്കാരുമായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്ന്നതിനാലാകണം അദ്ദേഹത്തില്‍ ദേശസ്നേഹവും ഗാന്ധിയന്‍ ചിന്താഗതിയും ഉടലെടുത്തിരുന്നു. ഏതൊരു കാര്യം ചെയ്താലും അത് സ്വന്തം നാടിനു നേട്ടമുണ്ടാക്കുന്നതാകണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമാണ് സുരേഷ്കുമാറിന്റെത്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലൂടെ നമുക്ക് കടന്നു പോകാം.
സര്, താങ്കളുടെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എവിടെയാണ്?
പ്രീ പ്രൈമറി പഠനം നെടുവത്തൂര്‍ ദേവി വിലാസം യു പി സ്കൂളിലായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എല്‍ കെ വി ഹൈസ്കൂള്‍ തൃക്കണ്ണമംഗല്‍. കൊട്ടാരക്കര കോളേജില്‍ നിന്നും പ്രീഡിഗ്രി പാസായി, പിന്നീട് ടി.കെ.എം എന്‍ജിനീയറിങ് കോളേജില്‍നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും നേടി.
എന്‍ജിനീയറിങ് പഠനം കഴിഞ്ഞ ശേഷം താങ്കള്‍ ആ രംഗത്ത് തന്നെ തുടരാന്‍ ആഗ്രഹിച്ചിരുന്നോ?
തീര്‍ച്ചയായും. ഞാന്‍ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ചെയ്യണമെന്ന് എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും 1982-ല്‍ എന്‍ജിനീയറിങ് പാസായ ശേഷം എന്റെ കരിയര്‍ ആരംഭിക്കുന്നത് ടികെഎം എന്‍ജിനീയറിങ് കോളേജില്‍ അധ്യാപകനായിട്ടായിരുന്നു. കൂടാതെ കോഴിക്കോട് എന്‍.ഐ.ടിയിലും മൂന്ന് മാസക്കാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. എന്തായാലും എന്‍ജിനീയറിങ്ങ് രംഗത്ത് തന്നെ ജോലി ചെയ്യണമെന്നായിരുന്നു കൂടുതല്‍ ആഗ്രഹിച്ചത്. 1983-ല്‍ എച്ച്.എം.ടിയില്‍ ഡിസൈന്‍ എഞ്ചിനിയര്‍ ആയി ജോലിയില്‍ പ്രവേശിച്ചതാണ് ജീവിത വിജയത്തിന് സഹായിച്ചത്.
പാക്കിങ്ങിന്റെ മേഖലയിലേക്ക് തിരിയാനുണ്ടായ സാഹചര്യം?
എച്ച്.എം.ടിയില്‍ ഓള് ഇന്ത്യ ലെവലില്‍ നടന്ന ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതോടെയാണ് എന്റെ കരിയര്‍ മാറിയത്. 144 പേര് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒരാളായിരുന്നു ഞാന്‍. തുടര്‍ന്ന് എച്ച് എം ടി കളമശ്ശേരിയില്‍ 11 വര്‍ഷക്കാലം ഞാന്‍ മെഷീന്‍ടൂള്‍ ഡിസൈനറായി ജോലി ചെയ്തു.
എപ്പോഴാണ് സ്വന്തമായി ഒരു ബിസിനസ് ചെയ്യണമെന്ന് തോന്നിയത്?
എച്ച്.എം.ടിയിലെ 11 വര്‍ഷത്തെ എക്സ്പീരിയന്‍സിനു ശേഷം ഞാന്‍ സിംഗപ്പൂരില്‍ ക്ലിയര്പാക്ക് എന്ന പാക്കേജിംഗ് കമ്പനിയില്‍ ഡിസൈനിംഗ് ചീഫായി പ്രവേശിച്ചു. അവിടെയും 11 വര്‍ഷക്കാലം ജോലി ചെയ്തശേഷമാണ് സ്വന്തമായി ഒരു കമ്പനി തുടങ്ങാം എന്ന് തീരുമാനിച്ചത്. സിംഗപ്പൂരില്‍ ഞാനും മൂന്നു പാര്‍ട്നേഴ്സും ചേര്‍ന്ന് MATRIX SEAL എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. P&G എന്ന കമ്പനിയുടെ ഫുഡ് ഡിവിഷന് പ്ലാന്റ് ആയ pringles-ല്‍ ഡിസൈനിങ് സെക്ഷനില്‍ consultant ആയാണ് MATRIX SEAL -ന്റെ തുടക്കം. അത് ഞങ്ങളുടെ കരിയറിനു വലിയൊരു വഴിത്തിരിവായിരുന്നു. പിന്നീട് സിംഗപ്പൂരില്‍ ബിസിനസ് മതിയാക്കിയശേഷം നാട്ടില്‍ വരികയായിരുന്നു.
നമ്മുടെ നാട്ടില്‍ തന്നെ ഒരു തൊഴിലവസരം സൃഷ്ടിച്ചു കൊണ്ട് ഒരു സംരംഭം തുടങ്ങുക എന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് 2005-ല്‍ നാട്ടില്‍വന്ന് MAKS Automation പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതും അത് സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും. തുടങ്ങിയത് P&Gയുടെ consultant ആയിട്ടായിരുന്നെങ്കിലും പിന്നീട് 2007 മുതല്‍ സ്വന്തം നിലയില്‍ പാക്കിങ്ങിനുള്ള മെഷീനറികള്‍ നിര്‍മിച്ചു കൊടുക്കാനും തുടങ്ങി. പാരസ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഫാര്‍മാ കമ്പനിക്കു മെഷിനറികള്‍ നിര്‍മിച്ചാണ് തുടക്കം കുറിച്ചത്.
സിംഗപ്പൂരിലും സ്വന്തം നാട്ടിലും ഈ രംഗത്ത് നേരിടേണ്ടി വന്ന വെല്ലുവിളികള്‍?
സിംഗപ്പൂര്‍ ഒരു ഏഷ്യന്‍ ഹബ് ആണ്. അവിടെ നാം ഉണ്ടാക്കുന്നതെല്ലാം വിറ്റഴിക്കാനാകും. കൂടാതെ എല്ലാ കാര്യങ്ങളും വ്യക്തവും കൃത്യവുമായിരിക്കും. എന്നാല്‍ നാട്ടില്‍ വരുമ്പോള്‍ അതിന്റെ ഇരട്ടി നമ്മള് പരിശ്രമിക്കേണ്ടി വരും. എങ്കിലും അതൊന്നും എന്റെ കരിയറിനെയോ സ്ഥാപനത്തെയോ സ്വാധീനിച്ചില്ല. കൂടാതെ സിംഗപ്പൂരിലെ എക്സ്പീരിയന്‍സും, P&G-ലെ ജോലിയിലൂടെയും ഒരുവിധം ഞങ്ങളെ എല്ലാ മേഖലയിലുള്ള കസ്റ്റമേഴ്സിനും പരിചയമായിരുന്നു. ഇതുവരെ ഉള്ള യാത്രയില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല.
നമ്മുടെ നാട്ടില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടോ?
നേരത്തെ പറഞ്ഞത് പോലെ സിംഗപ്പൂരിലെ എക്സ്പീരിയന്സിലുടെ ഞങ്ങള്‍ക്ക് ഈ മേഖലയില്‍ ഉള്ള കഴിവ് പല കമ്പനികളും മനസിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെ ഇന്ത്യയ്ക്കു അകത്ത് ഉള്ള കമ്പനികള്‍ക്കു ഞങ്ങള്‍ സുപരിചിതരായിരുന്നു. കേരളത്തിന് പുറത്തു നിന്നുമായിരുന്നു കൂടുതല്‍ ഓഫറുകള്‍ വന്നത്. അതില്‍ ഞങ്ങളുടെ പ്രധാനപ്പെട്ട ക്ലൈന്റായിരുന്നു ഡാബര്‍. കൂടാതെ VI-JOHN, AMARARAJA BATTERIES LTD, ITC, BISLERI, BRITANIA, TATA GLOBAL BEVERAGES LIMITED തുടങ്ങിയ പ്രമുഖരായ പല കമ്പനികളും ഞങ്ങള്‍ക്ക് പ്രോജക്ടുകള്‍ തന്നു. കമ്പനി തുടങ്ങി വളരെനാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ മാര്‍ക്കറ്റിംഗിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ആരംഭിച്ചത്. P&Gയിലെ ബന്ധങ്ങളിലൂടെയാണ് തുടക്കത്തില്‍ ഞങ്ങള്‍ക്ക് പ്രോജക്ടുകള്‍ വന്നുകൊണ്ടിരുന്നത്.
എന്തൊക്കെ സേവനങ്ങളാണ് കമ്പനി ചെയ്യുന്നത്?
സെക്കന്ററി പാക്കേജിംഗ് മെഷീന്റെ ഡിസൈനും നിര്‍മാണവുമാണ് പ്രാധാന്യം നല്കി ചെയ്യുന്നത്. കൂടാതെ ഒരു പ്ലാന്റിന്റെ മൊത്തമായിട്ടുള്ള പ്രോജക്ടുകള്‍ ഏറ്റെടുത്ത് ഗുണമേന്മയുള്ള മെറ്റീരിയല്‍സ് പര്‍ച്ചേസ് ചെയ്തു അതുമായി ബന്ധപ്പെട്ടു വരുന്ന packing കംപ്ലീറ്റ് ഡിസൈനും ചെയ്തുകൊടുക്കുന്നു. നമ്മള് സാധാരണയായി ചെയ്യുന്നത് സാധനങ്ങള്‍ വാങ്ങി വിറ്റ് ലാഭമുണ്ടാക്കലാണ്. അതിലൂടെ കൂടുതല്‍ ലാഭം മറ്റുള്ള രാജ്യങ്ങള്‍ക്കാണ് ഉണ്ടാകുക. ഏതൊരു സാധനവും നമുക്ക് തന്നെ നിര്‍മിക്കാം.
ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തില്‍ അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട.് നമുക്ക് ആവശ്യമായ മിഷനറികള് നാം തന്നെ നിര്‍മിക്കണം. തുടക്കത്തില്‍ ലാഭം ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമായേക്കാം. എന്നാലും നാം തന്നെ നിര്‍മിക്കുന്നതിലൂടെ വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ പണത്തിന്റെ അളവ് കുറയ്ക്കാം. കൂടാതെ നമുക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വതന്ത്രമായി നില്‍ക്കുകയും ചെയ്യാം. ഇതൊക്കെ കാരണമാണ് പുതിയ രീതിയിലുള്ള പാക്കറ്റിംഗ് മെഷിനറികള്‍ സ്വന്തം രീതിയില്‍ തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത.് ഞങ്ങളുടെ കമ്പനിയിലൂടെ ഇത്തരം മിഷനറികള് ആവശ്യാനുസരണം ഡിസൈന്‍ ചെയ്യാനും നിര്‍മ്മിക്കാനും കഴിയുന്നുമുണ്ട്.
എന്‍ജിനീയറിങ് വളരെ ആകര്‍ഷകമായൊരു പ്രൊഫഷന് ആയിട്ടും ഇപ്പോള്‍ അതിനു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോ?
എന്ജിനീറിങ് ആകര്‍ഷകമായ പ്രൊഫഷന് തന്നെയാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ ഇതിന് പ്രാധാന്യം കുറഞ്ഞു വരികയാണ്. കാരണം നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ്. എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങുന്ന എത്ര കുട്ടികളാണ് പ്രൊഫഷനീല് ശോഭിക്കുന്നത്? കൃത്യമായി ട്രെയിനിങ് ലഭിക്കാത്തതാണ് ഒരു കാരണം. മറ്റൊന്ന് മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മിക്ക കുട്ടികളും പഠിക്കാന്‍ വരുന്നത.് ഒരിക്കലും പാഷനോടുകൂടി അവര്‍ക്ക് പഠിക്കാന്‍ കഴിയില്ല. നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചാല്‍ നല്ല എന്‍ജിനീയര്‍മാരെ നമ്മുടെ നാട്ടില്‍ വാര്ത്തെടുക്കാവുന്നതേയുള്ളൂ.
താങ്കള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ. അതിനെക്കുറിച്ച്?
മികച്ച കരിയര്‍ നിര്‍മിക്കാനും നമ്മുടെ രാജ്യത്തിന് സേവനം ചെയ്യാനും കുട്ടികള്‍ക്ക് കൃത്യമായ പരിശീലനത്തിന്റെ ആവശ്യമുണ്ട് അതുകൊണ്ടുതന്നെ കരിയര്‍ മോട്ടിവേഷന്‍ ഞാന്‍ ചെയ്യുന്നുണ്ട്.
താങ്കളുടെ അഭിപ്രായത്തില്‍ നല്ലൊരു പ്രൊഫഷന് എന്ന രീതിയില്‍ തിരഞ്ഞെടുക്കേണ്ട കോഴ്സ് ഏതാണ്?
ബികോം പഠിച്ച് സിഎ/ അക്കൗണ്ടന്റ് കോഴ്സുകള്‍ പഠിച്ചിറങ്ങിയാല്‍ സാധ്യത കൂടുതലാണ്. ജി എസ് ടി നിലവില്‍ വന്നതിനുശേഷം വളരെയേറെ സാധ്യതയുള്ള പ്രൊഫഷനാണിത്.
വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് നല്കുന്ന സന്ദേശം:
ഒരിക്കലും parasite പോലെ ജീവിക്കാന്‍ ശ്രമിക്കരുത്. എപ്പോഴും സ്വതന്ത്രമായി ചിന്തിക്കാനും കുഞ്ഞിലേ മുതല്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും ശ്രമിക്കുക, കഠിനാധ്വാനം ചെയ്യാനും തോല്‍വികളെ വിജയത്തിലേക്കുള്ള ചവിട്ടുപടികള്‍ ആക്കാന്‍ ശ്രമിക്കുക. എല്ലാ മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങളെ വിശ്വസിക്കുക, നിനക്കാകില്ല എന്ന് നിരുല്സാഹപ്പെടുത്തുന്നതിനേക്കാള് നിനക്ക് കഴിയുമെന്ന് ആത്മവിശ്വാസം അവരില്‍ വളര്‍ത്തുക. ഗവണ്മെന്റിനും വിദ്യാഭ്യാസ മേഖലയ്ക്കും സ്കൂള്‍തലം മുതല്‍ കുട്ടികളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ കഴിയും. അങ്ങനെയുള്ള പരിശീലനം സിദ്ധിക്കുന്ന കുട്ടികളാകും നാളെ മികച്ച സംരംഭകരായി മാറുന്നത്.
ബിസിനസ് മേഖലയിലേക്ക് വരാന്‍ പോകുന്നവര്‍ക്ക് താങ്കള്‍ നല്കുന്ന നിര്‍ദ്ദേശം?
ഈസി മണി എന്ന ആശയത്തേക്കാള്‍ കുറച്ച് അധ്വാനിച്ച് നമ്മുടെ രാജ്യത്തിന് കൂടി നേട്ടമുണ്ടാകുന്ന ബിസിനസ് ചെയ്യാന്‍ തയ്യാറാകുക. ഇന്ത്യയില്‍ തന്നെ നമുക്ക് എന്തും നിര്‍മിക്കാം, Made in India എന്ന വാചകം നമ്മളിലെ സംരംഭകരെ ഉണര്‍ത്തുന്നതാകണം. നമ്മുടെ വിപണിയിലുള്ള മറ്റു രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ നീക്കം ചെയ്ത് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിത സാധനങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയണം. കൂടാതെ ഒരു ബിസിനസ് എന്നാല്‍ you can get a job, you can give a job എന്നാണെന്ന് എപ്പോഴും ചിന്തിക്കുക. ബിസിനസ് തുടങ്ങുമ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. നമുക്കുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുക, നമ്മുടെ രാജ്യത്തെ കൂടുതല്‍ വികസനത്തിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക…..
പുതിയ പ്രോജക്ടുകള്‍?
കമ്പനി കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുക, പാക്കേജിംഗിന് വേണ്ടിയുള്ള പുതിയ മിഷനറികള് നിര്‍മ്മിച്ചെടുക്കുക, MAKS Automation Pvt Ltd, ഇന്ത്യയിലെ തന്നെ No. 1 Company ആക്കി മാറ്റുക ഇതൊക്കെ തന്നെയാണ് ലക്ഷ്യം.
കൊട്ടാരക്കര കൂടാതെ മറ്റ് എവിടെയെങ്കിലും ബ്രാഞ്ചുകള്‍ ഉണ്ടോ?
എറണാകുളത്തും, ബാംഗ്ലൂരും മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യാനായി ഓഫീസുകള്‍ ഉണ്ട്. കൂടാതെ ഡല്‍ഹി, ബോംബെ,ചെന്നെ എന്നിവിടങ്ങളില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഏജന്റുമാരുമുണ്ട്.
ബിസിനസില്‍ ഫാമിലി സഹായിക്കുന്നുണ്ടോ?
എന്റെ ബിസിനസ് – സാമ്പത്തികം – HR എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭാര്യയായ ലക്ഷ്മിയാണ്. അവര്‍ ഹോംസയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷമായി ലക്ഷ്മി തന്നെയാണ് സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത്. കൂടാതെ ഞങ്ങള്‍ക്ക് 2 ആണ്മക്കള് ഉണ്ട്-കിരണ്‍, അര്ജുന്. അതില്‍ കിരണ്‍ ആണ് മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. കിരണിന്റെ ഭാര്യ അമലയാണ് കമ്പനിയുടെ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്നത്. രണ്ടാമത്തെ മകന് അര്ജുന് ഡോക്ടര്‍ ആണ്. ഭാര്യയും ഞാനും മക്കളും കമ്പനിയില്‍ ഡയറക്ടര്‍മാരാണ്. എന്റെ ബിസിനസ് മെച്ചപ്പെടുത്താന്‍ എന്നോടൊപ്പം എന്റെ ഫാമിലിയും എന്നെ സഹായിക്കുന്നുണ്ട്.
Receiving the Entrepreneur of the Year Award from Sri. V.S. Sivakumar (MLA, Former Minister).