Success Story

വ്യത്യസ്ത കഴിവുകളെയും താത്പര്യങ്ങളെയും പലരിലേക്കും പാഠങ്ങളാക്കി ഒരു വനിത ഓള്‍റൗണ്ടര്‍ 

മൂന്നാറിന്റെ കോടതണുപ്പില്‍ വീട്ടു വളപ്പില്‍ നിന്ന് പറിച്ച പച്ചക്കറികളുടെ സ്വാദറിഞ്ഞ് ജീവിച്ച അനീറ്റ സാം സാബുവിന് വിവാഹശേഷം തലസ്ഥാനനഗരിയില്‍ എത്തിയപ്പോള്‍ രാസപദാര്‍ത്ഥങ്ങളില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ഭീതി പടര്‍ത്തി. അങ്ങ് വീട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്റെയും അമ്മയുടെയും കാര്‍ഷിക പാരമ്പര്യം എന്തുകൊണ്ട് പിന്തുടര്‍ന്നുകൂടാ എന്ന് ചിന്തിച്ച അനീറ്റ ഹരിത കേരളം എന്ന ഫേസ് ബുക്ക് കര്‍ഷക കൂട്ടായ്മ യിലൂടെ ആണ് വീണ്ടും കാര്‍ഷിക രംഗത്തേക്ക് കടന്നു വന്നത്.

ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ സഹായത്തോടെ ടെറസ്സില്‍ ഗ്രോബാഗുകള്‍ വെച്ച് ജൈവകൃഷി ആരംഭിച്ചു.

ഭര്‍ത്തൃപിതാവും ഭര്‍ത്തൃമാതാവും എല്ലാവിധ പിന്തുണയുമായി ഒപ്പം നിന്നത് അനീറ്റയ്ക്ക് വലിയ ബലമായി. ഭര്‍ത്തൃപിതാവ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് വിരമിച്ചതാണ്. തന്റെ സസ്യമക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ട് ഫോട്ടോഗ്രാഫിയും കൈപ്പിടിയിലാക്കി. പച്ചക്കറികള്‍ അടുക്കളയില്‍ എത്തിച്ച്, കുടുംബത്തിന് ആരോഗ്യപ്രദമായ ആഹാരവും വിളമ്പിക്കൊണ്ട് അനീറ്റ തന്റെ മകള്‍ ഐറിന് സൂപ്പര്‍ മോമുമായി.

ഫോര്‍മോസ്റ്റിലെ ഉദ്യോഗസ്ഥനായ സാമിന്റെ ഭാര്യയാണ് അനീറ്റ. ഇവിടെ അവര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നെങ്കില്‍ അനീറ്റ കുടുംബക്കാരുടെയും പരിസരവാസികളുടെയും മാത്രം മാതൃകയായി ഒതുങ്ങിയേനെ. പക്ഷെ തന്റെ കുടുംബത്തിന്റെ ആരോഗ്യം മാത്രമായിരുന്നില്ല അനീറ്റയുടെ സ്വപ്നം. തന്റെ ഈ സത്പ്രവര്‍ത്തികളെ, സ്വയപര്യാപ്തതയുടെ ചുവടുവെപ്പുകളെ അറിയുന്നവരും അല്ലാത്തവരുമായ ഒരുപാട് പേരിലേക്ക് എത്തിക്കാനാണ് അവര്‍ തീരുമാനിച്ചത്. ഇതിന് മുതിര്‍ന്നവര്‍ പലപ്പോഴും പരിഹാസത്തോടെ കാണുന്ന സാമൂഹിക മാധ്യമങ്ങളെയാണ് അനീറ്റ സാം സാബു പ്രയോജനപ്പെടുത്തുന്നത്.

ഏതാനും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും യുട്യൂബ് ചാനലിലൂടെയുമാണ് അനീറ്റ ഒരു സൈബര്‍ ഹരിതവിപ്ലവത്തിന്റെയും ഭക്ഷ്യവിപ്ലവത്തിന്റെയും മുന്‍നിരയില്‍ കൈകോര്‍ക്കുന്നത്. തന്റെ സാഹിത്യ നിപുണതയും അനീറ്റ കവിതകളിലൂടെയും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

‘കൃഷിയും പൂക്കളും’ ഫേസ്ബുക്ക് ഗ്രൂപ്പ്

51,000ത്തിലധികം അംഗങ്ങളുള്ള ‘കൃഷിയും പൂക്കളുമി’ല്‍ ഫൗണ്ടറായ മലപ്പുറം സ്വദേശി അബ്ദുള്‍ റഷീദും അനീറ്റയും ഉള്‍പ്പെടെ 7 അഡ്മിനുകളാണ് ഉള്ളത്. പലരും കൃഷി ചെയ്യാനുള്ള താത്പര്യം മാത്രം മുതല്‍മുടക്കായി ഉണ്ടാക്കിക്കൊണ്ടാണ് ഈ ഗ്രൂപ്പില്‍ അംഗമാകുന്നത്. പക്ഷെ അവിടെ നിരന്തരം ലഭിക്കുന്ന പ്രോത്സാഹനം കാണുന്ന അവര്‍ വൈകാതെ അടുക്കളത്തോട്ടവും മട്ടുപ്പാവ് കൃഷിയുമൊക്കെ സ്വന്തം വീടുകളില്‍ നടപ്പാക്കാറാണ് പതിവ്.

ഫേസ്ബുക്ക് ഗ്രൂപ്പിന് ഗുണനിലവാരമുള്ള വിത്തുകളുടെ വിത്തുബാങ്ക് സ്വന്തമായി ഉള്ളതിനാലും, കൃഷി സംബന്ധിതമായ എല്ലാവിധ സംശയങ്ങളും നിവാരണം ചെയ്യാന്‍ പ്രഗത്ഭരുള്‍പ്പെടെ പലരും ഗ്രൂപ്പില്‍ ഉള്ളതിനാലും ‘കൃഷിയും പൂക്കളും’ ഒരു വന്‍ സൈബര്‍ കാര്‍ഷിക വിപ്ലവത്തിന്റെ ആദ്യചുവടുവെപ്പാണ്.

അന്യംനിന്നു പോകുന്ന കരിമഞ്ഞള്‍, ചായമന്‍സ മുതലായ സസ്യങ്ങളെയും ഗ്രൂപ്പ് പരിചയപ്പെടുത്തുന്നുണ്ട്. പുഷ്പകൃഷിയും ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ‘കൃഷിയും പൂക്കളും’ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ രണ്ടാം വര്‍ഷം തികച്ചത്. വാര്‍ഷികങ്ങളില്‍ തിരുവനന്തപുരത്ത് ഇവര്‍ ഒന്നിച്ചു കൂടുകയും, കാര്‍ഷിക കൂട്ടായ്മകള്‍ നടത്തുകയും, ചെടികളും കൃഷിവിളകളും പങ്കുവെക്കാറുണ്ട്. അനീറ്റയുടെ കൃഷിയെ കുറിച്ച് ഇന്ത്യാവിഷന്‍ ചാനല്‍ ചെയ്തിരുന്ന പ്രത്യേക പരിപാടി ജനശ്രദ്ധ നേടിയിരുന്നു.

‘ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ My Own Clicks’ ഫേസ്ബുക്ക് ഗ്രൂപ്പ്

‘കൃഷിയും പൂക്കളും’ ഗ്രൂപ്പില്‍ ചെടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയപ്പോഴാണ് ഫോട്ടോഗ്രാഫിയുടെ ലോകത്തിലേക്ക് അനീറ്റ സാം സാബു പ്രവേശിക്കുന്നത്. തന്റെ ചെടികളെയും പച്ചക്കറികളെയും ഏറ്റവും ഭംഗിയായി ക്ലിക്ക് ചെയ്യാനുള്ള ത്വര അനീറ്റയെ എത്തിച്ചിരിക്കുന്നത് 83,000ത്തിലധികം അംഗങ്ങളുള്ള ‘ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ My Own Clicks’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ്.

ബിജു വട്ടത്തറയില്‍ സൃഷ്ടിച്ച ഈ ഗ്രൂപ്പില്‍ അനീറ്റ ഉള്‍പ്പെടെ 16 അഡ്മിനുകളും 4 മോഡറേറ്റര്‍മാരും ഉണ്ട്. അനീറ്റയ്ക്ക് ഫോട്ടോഗ്രാഫിക്ക് ബഹു. സംസ്ഥാന കാര്‍ഷിക മന്ത്രി വി.എസ്. സുനില്‍ കുമാറില്‍ നിന്ന് സമ്മാനവും ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ക്യാമറയിലൂടെയാണ് ഈ മനോഹര ചിത്രങ്ങളെല്ലാം അനീറ്റ പകര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

‘ഫ്‌ലേവര്‍സ് ഓഫ് കേരള’ ഫേസ്ബുക്ക് ഗ്രൂപ്പ്

ജൈവപച്ചക്കറികള്‍ വിളവെടുത്തു തുടങ്ങിയതോടെ കുടുംബത്തിന്റെ ആരോഗ്യ ഉറവിടമായ അടുക്കളയും പ്രകൃതിവത്കരിക്കാന്‍ അനീറ്റ തയ്യാറായി. വി.ടി. ഭട്ടത്തിരിപ്പാടിന്റെ കാലത്ത് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കാണ് സ്ത്രീകള്‍ പോകേണ്ടിയിരുന്നതെങ്കില്‍ ഈ ‘ഇന്‍സ്റ്റന്റ്’ കാലത്ത് അരങ്ങത്തുനിന്ന് ഇടയ്ക്ക് ഒന്ന് അടുക്കളയിലും കയറണമെന്നതാണല്ലോ പരമസത്യം. അല്ലെങ്കില്‍, അനീറ്റയുടെ വാക്കുകള്‍ കടമെടുത്താല്‍, ‘ഇന്‍സ്റ്റന്റായി പുതിയ രോഗങ്ങളും വരും’. 99 ശതമാനവും ഇന്‍സ്റ്റന്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടുക്കളയില്‍ കയറ്റാത്ത അനീറ്റ പോഷക ആഹാരങ്ങളുടെ പാചകക്കുറിപ്പുകളും, അടുക്കളയില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളെ കുറിച്ചുള്ള വിശകലനങ്ങളും കൈമാറുന്ന ‘ഫ്‌ലേവര്‍സ് ഓഫ് കേരള’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും സജീവമാണ്. സുമി സജീഷും സജീര്‍ ചാത്തിയാറയും ആരംഭിച്ച, 8200ത്തോളം അംഗങ്ങളുള്ള ഈ ഗ്രൂപ്പില്‍ അനീറ്റയും ഒരു അഡ്മിനാണ്.

‘Leyah’s Kitchen World of Aanee’ യൂട്യൂബ് ചാനല്‍

തന്റെ പോഷക ആഹാര പാചകക്കൂട്ടുകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനീറ്റ ‘Leyah’s Kitchen World of Aanee’എന്ന യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഒരു വര്‍ഷത്തോളമായി നടത്തിവരുന്ന യൂട്യൂബ് ചാനലില്‍ ഇതുവരെ അനീറ്റ സാം സാബു 30ഓളം പാചകക്കൂട്ടുകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. പോഷക ആഹാരം എന്ന് വായിക്കുമ്പോള്‍ പുതുതലമുറ നെറ്റി ചുളിക്കണ്ട. സദ്യ വിഭവങ്ങള്‍ മുതല്‍ ഐസ്‌ക്രീമും, അഫ്ഗാനി ബ്രേക്ക്ഫാസ്റ്റും, സ്പാനിഷ് ഓംലെറ്റും വരെ എങ്ങനെ ആരോഗ്യപ്രദമായി ഉണ്ടാക്കണമെന്ന് അനീറ്റ ഈ ചാനലിലൂടെ പറഞ്ഞു തരുന്നുണ്ട്.

അനീറ്റയുടെ പാചകക്കുറിപ്പ്

വെയിറ്റ്‌ലോസ് മാജിക്ക് പൗഡര്‍ സ്മൂത്തി

ചേരുവകള്‍

വെയിറ്റ്‌ലോസ് മാജിക്ക് പൗഡര്‍ (രണ്ട് ആഴ്ച്ചകള്‍ക്കുള്ള അളവ്)

1. കാഷ്യൂനട്ട് – 8-10
2. ബദാം – 10-20
3. കപ്പലണ്ടി – 1/4 കപ്പ്
4. ഹോള്‍ ഓട്ട്‌സ് – 2 കപ്പ്
5. പാല്‍പ്പൊടി – 1/2 കപ്പ്

സ്മൂത്തി

1. ഈന്തപ്പഴം – 5 എണ്ണം കുതിര്‍ത്തത്
2. ബദാം – 5-6 എണ്ണം കുതിര്‍ത്തത്
3. കാഷ്യൂനട്ട് – 5-6 എണ്ണം കുതിര്‍ത്തത്
4. പച്ച കപ്പലണ്ടി – ഒരു പിടി കുതിര്‍ത്തത്
5. പഴം – 1
6. പുഴുങ്ങിയ കാരറ്റ് – 1/2
7. വെള്ളം
8. വെയിറ്റ്‌ലോസ് മാജിക്ക് പൗഡര്‍ – 3-4 ടീസ്പൂണ്‍

പാകം ചെയ്യാനുള്ള രീതി

1. കാഷ്യൂനട്ടും, ബദാമും, കപ്പലണ്ടിയും എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക.

2. ഹോള്‍ ഓട്ട്‌സ് പ്രത്യേകം എണ്ണ ചേര്‍ക്കാതെ ഗോള്‍ഡന്‍ കളര്‍ വരുന്നതുവരെ വറുത്തെടുക്കുക.

3. ചൂടാറിയ ഓട്ട്‌സ് അരിച്ചെടുത്തതിന് ശേഷം വറുത്തെടുത്ത കാഷ്യൂനട്ടും, ബദാമും, കപ്പലണ്ടിയും, പാല്‍പ്പൊടിയും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. വെയിറ്റ്‌ലോസ് മാജിക്ക് പൗഡര്‍ റെഡി.

4. സ്മൂത്തിക്കായി ഈന്തപ്പഴം, ബദാം, കാഷ്യുനട്ട്, പച്ച കപ്പലണ്ടി, പഴം, കാരറ്റ് എന്നിവ 250 മില്ലിലിറ്റര്‍ വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് വെയിറ്റ്‌ലോസ് മാജിക്ക് പൗഡര്‍ ചേര്‍ത്ത് അരച്ചെടുക്കുക. അര കപ്പ് വെള്ളവും ചേര്‍ത്ത് അരയ്ക്കുക. ഇത് പ്രഭാതഭക്ഷണത്തിന് പകരവും കഴിക്കാവുന്നതാണ്.

അനീറ്റ സാം സാബുവിന്റെ ആരോഗ്യ ടിപ്പുകള്‍

1. എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കരുത്. ഒരു വിഭവം എണ്ണയില്‍ വറുക്കുമ്പോള്‍ അതിന്റെ ചില അംശങ്ങള്‍ സ്വാഭാവികമായും എണ്ണയില്‍ കലരും. അതേ എണ്ണയില്‍ മറ്റെന്തെങ്കിലും വറുക്കുമ്പോള്‍ ഈ അംശങ്ങള്‍ കരിഞ്ഞ് കാര്‍ബണായി ആഹാരത്തില്‍ കലരും. കാര്‍ബണ്‍ ഒട്ടും ഭക്ഷ്യയോഗ്യമല്ല.

2. ഗോതമ്പ് പുല്ല് ജ്യൂസ് വളരെ മികച്ച ഒരു ഹെല്‍ത്ത് ഡ്രിങ്കാണ്. അത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.

3. മുരിങ്ങയില ഉണക്കി പൊടിച്ചത് വിളര്‍ച്ചയ്ക്കും, ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. മുരിങ്ങയില പൊടി കടകളില്‍ നിന്ന് വാങ്ങുമ്പോള്‍ 100 ഗ്രാമിന് 200 രൂപ വരെ വില വരും. വളരെ എളുപ്പത്തില്‍ തന്നെ ഇത് ഉണ്ടാക്കാവുന്നതേയുള്ളു.

4. കറി മഞ്ഞള്‍ കഴിവതും വീട്ടില്‍ തന്നെ ഗ്രോബാഗില്‍ കൃഷി ചെയ്ത് പൊടിച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. മഞ്ഞള്‍ വിപണിയില്‍ എത്തിക്കുന്നവര്‍ ഒരുപാട് മായം കലര്‍ത്താന്‍ സാധ്യതയുണ്ട്. അവയ്ക്ക് നൈമിഷികമായ മണവും മഞ്ഞ നിറവും മാത്രമേ ഉണ്ടാകാറുള്ളു.j

5. കഴിവതും കറിപൊടികള്‍ വാങ്ങാതിരിക്കുക. മല്ലിയായാലും മുളകായാലും എല്ലാം വാങ്ങി ഉണക്കിയോ, വറുത്തോ പൊടിച്ചെടുക്കുക.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button