Success Story

ഇച്ഛാശക്തിയുടെ പെണ്‍തിളക്കം

ആര്‍.എസ്.രഞ്ജിനി

മനുഷ്യമനസ്സിന്റെ നിഗൂഢതകളെ അനാവരണം ചെയ്ത് പരിഹാരം കണ്ടെത്തുക എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നാണ്. മനശാസ്ത്ര തത്വങ്ങള്‍ കൃത്യമായി സ്വാംശീകരിച്ച വിദഗ്ധര്‍ക്ക് മാത്രമേ ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ കഴിയൂ. കൃത്യവും യുക്തവുമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ, ഒരാളുടെ മനസ്സിലാണ്ടുപോയ ചിന്തകളെയും വികാരങ്ങളെയും ജീവിത പുരോഗതിയ്ക്ക് ഉതകുന്ന രീതിയില്‍ പരിണമിപ്പിച്ചു, വര്‍ണാഭമായ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് അത്യന്തം ശ്രമകരമായ പ്രവൃത്തി തന്നെയാണ്. അതുകൊണ്ടുതന്നെയാണ്, കൗണ്‍സിലിങ് എന്ന കര്‍മമേഖല മഹനീയമാകുന്നതും.

പ്രൊഫഷനെയും ജീവിതത്തെയും വേര്‍തിരിച്ചു കാണാതെ, സാമൂഹിക പ്രതിബദ്ധതയോടെ രാപകല്‍ ഭേദമെന്യേ തന്റെ പ്രവര്‍ത്തനമേഖലയില്‍ അക്ഷീണം വിരാജിച്ച്, നിരവധി മനസ്സുകള്‍ക്കു പ്രത്യാശയുടെ പുതുലോകത്തിലേയ്ക്ക് വഴി കാട്ടുന്ന കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ അഞ്ജു ലക്ഷ്മിയെപ്പോലെയുള്ളവരാണ് ആ കര്‍മമേഖലയെ കൂടൂതല്‍ ജനകീയമാക്കുന്നതും.

വെല്ലുവിളികളെ തരണം ചെയ്ത്, സ്വന്തം ഇച്ഛാശക്തിയാല്‍ ലക്ഷ്യസ്ഥാനത്തെത്തിയ അഞ്ജു ലക്ഷ്മി, സമൂഹത്തിനു ഒന്നാകെ മാതൃകയാണ്. തന്റെ കയ്‌പേറിയ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ അവരുടെ വിജയം ഒരു സുപ്രഭാതത്തില്‍ സംഭവിച്ച ‘മിറാക്കിള്‍’ അല്ല.
വര്‍ഷങ്ങളുടെ പരിശ്രമത്തിനും സഹനത്തിനുമൊടുവില്‍ ‘കഴിവില്ലാ’യെന്ന് പറഞ്ഞു ആട്ടിപ്പായിച്ചവരുടെ മുന്നില്‍ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി നടന്നു കയറുന്ന ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശി എസ്. അഞ്ജു ലക്ഷ്മിയുടെ വിജയവഴികളിലൂടെ ഒരു യാത്ര…

സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് മനഃശാസ്ത്രത്തിലേക്ക് ഒരു പലായനം
പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്വതസിദ്ധമായ മടിമൂലം ശരാശരി നിലവാരം പുലര്‍ത്തിയിരുന്ന അഞ്ജു ലക്ഷ്മി പത്താം തരത്തില്‍ 55% മാര്‍ക്ക് മാത്രമാണ് നേടിയത്. എന്നാല്‍ പ്ലസ്ടുവില്‍ 85% ആയി നിലവാരപ്പെട്ട അഞ്ജുവിന്റെ പഠനജീവിതത്തിലെ വഴിത്തിരിവിന് കാരണം മാതാപിതാക്കളും ചുരുങ്ങിയ ചില അധ്യാപകരും വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുമാണ്.

സാമ്പത്തിക ശാസ്ത്രത്തില്‍ ചേര്‍ത്തല ശ്രീ നാരായണ കോളേജില്‍ നിന്ന് ഡിഗ്രി നേടിയെങ്കിലും അച്ഛന്റെ നിര്‍ബന്ധപ്രകാരം പഠനം വഴിതിരിച്ചു വിടുകയായിരുന്നു. തൃക്കാക്കര ഭാരത മാതാ കോളേജില്‍ നിന്നു മെഡിക്കല്‍ ആന്റ് സൈക്യാട്രിക്‌സ് സോഷ്യല്‍ വര്‍ക്കില്‍ (MSW) ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം, കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയിലും ബിരുദാനന്തര ബിരുദം.

കൗമാരക്കാര്‍ക്കിടയില്‍ കൗണ്‍സിലറായാല്‍ പ്രണയ വിശേഷങ്ങളൊക്കെ കേട്ടിരിക്കാമല്ലോ എന്ന താല്പര്യമാണ് അഞ്ജുവിനെ ആദ്യം കൗണ്‍സിലിങ് മേഖലയിലേക്ക് ആകര്‍ഷിച്ച ഏക ഘടകം. എന്നാല്‍, ഫീല്‍ഡ് വര്‍ക്ക് ഉള്‍പ്പെടെ കോഴ്‌സ് പൂര്‍ത്തിയാക്കിയപ്പോഴേക്കും തന്റെ വ്യക്തിത്വം തന്നെ മാറിമറിഞ്ഞതായി അഞ്ജു വെളിപ്പെടുത്തുന്നു.

പഠനശേഷം, കൗണ്‍സിലിങ് മേഖലയില്‍ തുടക്കക്കാര്‍ക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥയ്ക്ക് സാധ്യതയില്ല എന്ന തിരിച്ചറിവില്‍ മുന്നില്‍ വന്ന മറ്റൊരു അവസരം തെരഞ്ഞെടുത്തു. എന്നാല്‍ പൊരുത്തപ്പെടാനാവാതെ ആ ജോലി ഉപേക്ഷിച്ച്, അഞ്ജുവിന്റെ ഫാക്കല്‍റ്റിയുടെതന്നെ കൗണ്‍സിലിങ് സെന്ററില്‍ സ്റ്റുഡന്റ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലറായി ജോലി ആരംഭിച്ചു. പ്രിയപ്പെട്ട അധ്യാപികമാരുടെയും ബന്ധുക്കളുടെയും പിന്തുണ കൊണ്ട് മാത്രമാണ് തനിക്ക് കരിയര്‍ യഥാര്‍ത്ഥ വഴിയിലേക്ക് തിരിച്ചുവിടാനായത് എന്ന് അഞ്ജു പറയുന്നു.

അങ്ങനെ, ആറു മാസങ്ങള്‍ക്കു ശേഷം ഗവണ്‍മെന്റ് സര്‍വീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ജോലി ലഭിക്കുകയും ചെയ്തു.

പ്രതിസന്ധികളില്‍ തളരാതെ…
ജീവിതത്തിലും കരിയറിലും ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന കാലമായിരുന്നു തുടര്‍ന്നുണ്ടായത്. ഏഴു വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ നല്‍കിയ ആ സ്‌കൂളില്‍ അവിടത്തെ പടിക്കെട്ടുകളും വിറകുപുരയും സ്‌കൂള്‍ ഗ്രൗണ്ടുമൊക്കെയായിരുന്നു അഞ്ജു ലക്ഷ്മിയുടെ കൗണ്‍സലിങ് റൂം. കുടുംബ ജീവിതത്തിലെ താളപ്പിഴകളില്‍ കുരുങ്ങി കോടതി കയറിയിറണ്ടേണ്ടി വന്ന സാഹചര്യത്തിലും ജോലിക്കാര്യങ്ങളില്‍ ഒരു ഉദാസീനതയും വരുത്താതിരുന്ന അഞ്ജുവിന് ഒരു വലിയ പോരായ്മയുണ്ടായത് സ്‌കൂളിലെ കൗണ്‍സലിങ് റിപ്പോര്‍ട്ട് വിശദമായി എഴുതി സൂക്ഷിക്കാനായില്ല എന്നത് മാത്രമായിരുന്നു.

അഞ്ജുവിനെതിരെ പരാതിയുണ്ടായ സാഹചര്യത്തില്‍, അന്വേഷണ വേളയില്‍ സ്‌കൂളിലെ കുട്ടികള്‍തന്നെ അറിയില്ല എന്ന് പറഞ്ഞത് ഇന്നും അവരുടെ മനസ്സില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു. കുട്ടികളെക്കൊണ്ട് തന്നെ അവിടെയുള്ള ചിലര്‍ പറയിപ്പിച്ചതാണ് എന്ന് അഞ്ജു കരുതുന്നു. അതിനെത്തുടര്‍ന്ന്, ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഒരു വാക്കിന്റെ പോലും പിന്‍ബലം നല്‍കാതെ സഹപ്രവര്‍ത്തകര്‍ അവഗണിച്ചു. ലോണ്‍, ബിസിനസ് കോണ്‍ട്രാക്ടുകള്‍, കൗണ്‍സിലിങിനോടുള്ള ഇഷ്ടത്താല്‍ മറ്റൊരു ജോലി സ്വീകരിക്കാനുള്ള വൈമുഖ്യം, എല്ലാത്തിലുമുപരി അപമാനം…ഇതെല്ലാം ചേര്‍ന്നപ്പോള്‍ മനസ്സും ശരീരവും തളര്‍ന്നു.

വീട്ടുകാരും എപ്പോഴും ഒപ്പമുള്ള സുഹൃത്തുക്കളും എന്നും പ്രചോദനം നല്‍കിയ അധ്യാപകരും അപ്പോഴും തണലായി നിന്നു. കൗണ്‍സിലിങിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ല എന്നു പറഞ്ഞവരുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ അഞ്ജു തയ്യാറായിരുന്നില്ല. തികച്ചും ഒരു മാറ്റം ആഗ്രഹിച്ച് ഒരു ആയുര്‍വേദ ട്രീറ്റ്‌മെന്റ് റിസോര്‍ട്ടില്‍ രണ്ടു വര്‍ഷക്കാലം ജോലി ചെയ്തു.

ആ ജോലി അഞ്ജു ലക്ഷ്മിയ്ക്ക് നേട്ടങ്ങള്‍ പ്രദാനം ചെയ്തു. ഉപകാരപ്രദമായ കുറേ ഇന്റര്‍നാഷണല്‍ ബന്ധങ്ങള്‍… അതുവഴി പുസ്തകത്തില്‍ മാത്രം പരിചയമുണ്ടായിരുന്ന സൈക്കോളജി മേഖലയിലെ പ്രഗത്ഭരുമായി ലൈവ് ഇന്ററാക്ഷന്‍ സെഷനുകള്‍… ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് ലോകത്തിനൊപ്പം സഞ്ചരിക്കാനുള്ള മനോബലം ആര്‍ജിക്കുന്നത് അങ്ങനെയാണ്.

2010 മുതല്‍ സോഷ്യല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു തുടങ്ങി. സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ചു ഫെയ്‌സ് ബുക്കിനെ അതിനുള്ള മാധ്യമമായി കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ ആരംഭിച്ചു. തുടര്‍ന്ന്, പരിചയമുള്ളവരും സുഹൃത്തുക്കളുടെ സുഹൃത്തുക്കളും പരിചയമില്ലാത്തവരും ഒക്കെത്തന്നെ സേവന മനോഭാവത്തിന് കരുത്ത് പകര്‍ന്നു.

അതൊടെ, ഒരു സുഹൃത്തിനൊപ്പം ആരംഭിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ കൗണ്‍സിലിങിനായി കുറച്ച് സ്ഥലം മാറ്റി വയ്ക്കുകയും ചെയ്തു. പിന്നീട്, ആ സുഹൃത്തുമായി തെറ്റിപ്പിരിഞ്ഞതോടെ, കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിനുശേഷം, ആ ഓഫീസ് സ്വയം ഏറ്റെടുത്തു കൗണ്‍സിലിങ് സെന്ററാക്കി മാറ്റുകയായിരുന്നു. സ്വന്തം നാട്ടുകാര്‍ തന്നെ തിരിച്ചറിഞ്ഞതും കൗണ്‍സിലറായി അംഗീകരിച്ചതും അഞ്ജുവിന്റെ വലിയ സന്തോഷങ്ങളിലൊന്നായിരുന്നു.

നിയോഗമൊരുക്കിയ തൊഴിലിടങ്ങള്‍
പ്രളയ, കൊവിഡ് പശ്ചാത്തലങ്ങള്‍ അഞ്ജു ലക്ഷ്മിയുടെയുള്ളിലെ മനുഷ്യസ്‌നേഹിയെയും സാമൂഹ്യ പ്രതിബദ്ധതയേയും തിരിച്ചറിയുന്നതിനുള്ള അവസരമൊരുക്കി. 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തപ്പോഴാണ് സ്വന്തം നാട് അഞ്ജു ലക്ഷ്മിയെ തിരിച്ചറിഞ്ഞത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മാനസിക പിന്തുണ നല്‍കിയ മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക് എന്നിവരോടും സുഹാസ് ഐ.എ.എസ്, എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അന്‍പോട് കൊച്ചി ടീം എന്നിവരോടുമുള്ള നന്ദി അഞ്ജു മനസ്സില്‍ സൂക്ഷിക്കുന്നു.

ആലപ്പുഴ ജില്ലാ ഭരണകൂടത്തിനൊപ്പം 76 ദിനങ്ങള്‍ നീണ്ടു നിന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ഥ ജീവിത പാഠങ്ങളാണ് നല്‍കിയത്. ക്യാമ്പുകളില്‍ മട്ടന്നൂര്‍ ആശാനും എസ്.പി ബിജു മല്ലാരി, ആലപ്പുഴ കരുണാമൂര്‍ത്തി എന്നിവരുടെ ബ്രാന്റില്‍ മ്യൂസിക് തെറാപ്പി ആരംഭിച്ചു. ആദ്യം പലരും നിരുല്‍സാഹപ്പെടുത്തി. ‘പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുഃഖത്തില്‍ കഴിയുന്ന ആള്‍ക്കാരുടെ മുന്നില്‍ ഗാനമേളയുമായി പോകാന്‍ നിനക്ക് ഭ്രാന്തുണ്ടോ?’ എന്നു ചോദിച്ചവരുമുണ്ട്. എന്നാല്‍ മ്യൂസിക് തെറാപ്പി ജനശ്രദ്ധ നേടി. സൈക്കോളജിസ്റ്റായ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ എന്ന നിലയില്‍ ആത്മസംതൃപതി നേടിയ നിമിഷങ്ങളായിരുന്നു അതെന്ന് അഞ്ജു തിരിച്ചറിയുന്നു .

തന്റെ വാക്കുകളുടെ മാസ്മരിക ശക്തി മറ്റുള്ളവരില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ അഞ്ജു ലക്ഷ്മി വ്യക്തിപരമായ എല്ലാ ആഘോഷങ്ങളും ചെറിയ യാത്രകളും കൂട്ടുകാര്‍ക്കൊപ്പമുള്ള സിനിമ കാണലും പുസ്തകവായനയും സന്തോഷങ്ങളും ഒക്കെ മിതപ്പെടുത്തുകയായിരുന്നു. തന്റെ ക്ലെയ്ന്റ് കാത്തിരിക്കുന്ന കാരണത്താല്‍ സ്വന്തം കസിന്റെ വിവാഹം ഒഴിവാക്കേണ്ടി വന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്.

കരിയറിലെ വഴിത്തിരിവിലേക്ക്…
2018 ല്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഒഫിഷ്യല്‍ എന്‍ട്രി. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൗണ്‍സിലറായാണ് നിയമനം ലഭിച്ചത്.
സാധാരണ കുട്ടികളുടേതില്‍ നിന്നും വ്യത്യസ്ഥ മാനസികനിലയുള്ള, സമൂഹം കുറ്റവാളികളെന്ന് മുദ്രകുത്തി ഒഴിവാക്കിയ കുട്ടികളോടൊപ്പമുള്ള ജീവിതം അഞ്ജുവിലെ സാമൂഹിക പ്രവര്‍ത്തകയെ കരുത്തുള്ളവളാക്കുകയായിരുന്നു. ജുഡീഷ്യറി സിസ്റ്റത്തിന്റെ പിന്തുണയും വളരെ വലുതായിരുന്നു.

ഒരു കൗണ്‍സിലര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും സൗകര്യങ്ങളും ലഭിച്ചപ്പോള്‍ 98% കൗണ്‍സിലിങ് വിജയം. ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ മോണിറ്റര്‍ ചെയ്യുന്നതും ഒരു ജുഡീഷ്യല്‍ ഓഫീസര്‍. വീണ്ടും തിക്താനുഭവങ്ങള്‍ തേടിയെത്തിയപ്പോള്‍, ദൈവതുല്യയായി ഒരാളൊപ്പമുണ്ടായിരുന്നു.  അഞ്ജുവിന് വേണ്ടി ജുഡീഷ്യല്‍ ഓഫീസര്‍ ശബ്ദമുയര്‍ത്തിയത് ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നു,

SAMSRITHA – Destination Detox
സംസൃത എന്ന കൗണ്‍സിലിങ് സ്റ്റുഡിയോയുടെ ഉടമസ്ഥയാണ് ഇന്ന് അഞ്ജു ലക്ഷ്മി. 10 മണി മുതല്‍ 5 മണി വരെ ഒബ്‌സര്‍വേഷന്‍ ഹോമിലും പിന്നീട് ജോലി കഴിഞ്ഞെത്തുന്ന സമയം സംസൃതയിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ജു അവധി ദിനങ്ങളില്‍ രണ്ട് എന്‍ജിനീയറിംഗ് കോളേജുകളില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായും പ്രവര്‍ത്തിക്കുന്നു.

24×7 എന്ന രീതിയിലാണ് ദിനചര്യ. പ്രാസംഗിക കൂടിയായ അഞ്ജു ലക്ഷ്മി റേഡിയോ പ്ലാറ്റ്‌ഫോമിലും കൗണ്‍സിലിങ് റിലേറ്റഡ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു. സൈക്കോളജി ഇപ്പോഴും പഠിച്ചു കൊണ്ടേയിരിക്കുകയാണെന്നും തന്റെ മുന്നില്‍ വരുന്ന ഓരോ ക്ലെയ്ന്റും തനിക്ക് പുതിയ പാഠപുസ്തകങ്ങളാണെന്നും അഞ്ജു വെളിപ്പെടുത്തുന്നു.

സംസൃതയുടെ ബ്രാന്റില്‍ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. ഒഫീഷ്യല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് ബുക്ക് പേജിലൂടെ സാമൂഹിക ഇടപെടലുകളില്‍ സജീവമാകുന്ന അഞ്ജുവിന് സൈബര്‍ ആക്രമണങ്ങളേയും നേരിടേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രയായ വനിതയെ, പ്രത്യേകിച്ച് വിവാഹമോചിതയെ ആരും പിന്തുണ ചെയ്യില്ല. എന്നാല്‍ അച്ഛന്‍ സുശീലന്‍, അമ്മ അജിത, സഹോദരന്‍ അക്ഷയ്, അധ്യാപികമാരായ നീന സുഭാഷ്, മിനി പാര്‍ത്ഥസാരഥി എന്നിവര്‍ ഇന്നും സ്‌നേഹത്തണലായി അഞ്ജുവിനൊപ്പമുണ്ട്.

നേട്ടങ്ങള്‍, ലക്ഷ്യം
2019 മാച്ചില്‍ ആലപ്പി റോട്ടറി ക്ലബ്ബ് വിമന്‍സ് ഡേയോട് അനുബന്ധിച്ച് Great Woman അവാര്‍ഡും 2019 നവംബറില്‍ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മെന്റല്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഞ്ജു ലക്ഷ്മിയുടെ സങ്കടം ‘നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് പലര്‍ക്കും ഞങ്ങളെപ്പോലുള്ള പ്രൊഫഷണലുകളുടെ സേവനം ആവശ്യമാണ്. എന്നാല്‍, ഒരു ക്യാന്‍സര്‍ പേഷ്യന്റ് താനൊരു ക്യാന്‍സര്‍ പേഷ്യന്റാണ് എന്ന് അംഗീകരിക്കുമ്പോള്‍, മാനസിക പ്രശ്‌നം അനുഭവപ്പെടുന്നയാള്‍ ഒരിക്കലും അത് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല, പലരും തങ്ങളുടെ പ്രശ്‌നം തുറന്നു പറയുന്നില്ല’. അതു കൊണ്ട് തന്നെ ഓണ്‍ലൈന്‍ സ്ട്രീമില്‍ കൗണ്‍സസിലിങ് നടത്തുമ്പോള്‍ ‘ഐഡന്റിറ്റി’ ചോര്‍ന്നു പോകില്ല എന്ന് ഉറപ്പുകൊടുക്കാറുണ്ട്. ഉപദേശമല്ല കൗണ്‍സിലിങ്, അതുകൊണ്ട് തന്നെ ഫെയ്‌സ് ടു ഫെയ്‌സ് കണ്‍സള്‍ട്ടേഷനാണ് അഞ്ജു മുന്‍ഗണന നല്‍കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ക്കൂടി മാനസിക പിന്തുണ നല്‍കാനുള്ള പദ്ധതികളാണ് ഇനിയുള്ള ലക്ഷ്യം. ലോക്ക് ഡൗണിലും ട്രെയിനിങ്, വെബിനാര്‍, FB ലൈവ് പ്രോഗ്രാം, എന്നിങ്ങനെ സജീവമാണ് യൂട്യൂബര്‍ കൂടിയായ അഞ്ജു ലക്ഷ്മി.

‘കൗണ്‍സിലിങ് നാം ഓരോരുത്തരും കരുതും പോലെ ഒരു ഉപദേശം നല്‍കലോ, കുമ്പസാരമോ അല്ല. ഒരു വ്യക്തിയെ പൂര്‍ണമായി മനസ്സിലാക്കി അയാളെ തിരുത്താന്‍ അവസരം ഉണ്ടാക്കി സ്വയം അറിഞ്ഞു മാറ്റം വരുത്തേണ്ട സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്’, അഞ്ജു ലക്ഷ്മിയുടെ വാക്കുകളാണിത്. കൗണ്‍സിലര്‍മാര്‍ക്ക് മാത്രമല്ല, ഓരോ മെന്റല്‍ ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കും അവര്‍ അര്‍ഹിക്കുന്ന ബഹുമാനം അവരുടെ തൊഴിലിടങ്ങളില്‍ സമൂഹം അനുവദിച്ചു നല്‍കിയാല്‍ മാനസിക ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പങ്കാളിയാവാനും അതുവഴി ജീവിതവിജയം കൈവരിക്കുവാനും സാധിക്കുമെന്ന് അഞ്ജു ലക്ഷ്മി ജീവിതം കൊണ്ട് തെളിയിക്കുകയാണ്…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button