കരുതലും ആശ്വാസവുമായി ഒരു യുവ ഡോക്ടര്‍
ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരുന്നു കഴിക്കുന്നവരായി നമ്മള്‍ മലയാളികള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യം, ഒരു പരിധിവരെ നമ്മുടെ മാറുന്ന ജീവിതശൈലിയുടെ ഭാഗം തന്നെയാണെന്ന് പറയാം. രോഗങ്ങള്‍ ഭേദമാകാതെ വരുമ്പോള്‍, ആശ്വാസത്തിനായി പല ചികിത്സകളും പരീക്ഷിയ്ക്കും. ചിലത് വിജയിക്കും. എന്നാല്‍ ചിലതോ ഉദ്ദേശിച്ച ഫലം കിട്ടുകയുമില്ല. ഇത്തരം സംഭവങ്ങള്‍ നമ്മുടെ ആരോഗ്യ മേഖലയില്‍ ഒറ്റപ്പെട്ടതല്ല.
ഈ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചികിത്സാരീതി തന്റെ കര്‍മപാന്ഥാവില്‍ ആവിഷ്‌കരിച്ചു വിജയിച്ച വ്യക്തിയാണ് ഹോമിയോ ഡോക്ടറായ റസീന സലാം എ. പ്രതീക്ഷ നഷ്ടപ്പെട്ടു എത്തുന്ന രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കണ്ടെത്തി, അസുഖത്തെ ഇല്ലായ്മ ചെയ്യുന്നതിനും തന്റെ ചികിത്സയിലൂടെ സാധ്യമാക്കുകയാണ് റസീന.
തന്റ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് ആസ്ഥാനമായി ‘ഹോമിയോ ഹെല്‍ത്ത് കെയര്‍’ എന്ന സ്ഥാപനം ആരംഭിക്കുകയും അതു വഴി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട് ഈ യുവ ഡോക്ടര്‍. ഡോ. റസീനയുമായി ‘സക്‌സസ് കേരള’ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേയ്ക്ക്…
നമ്മുടെ സമൂഹത്തില്‍ പരക്കെയുള്ള ധാരണയാണ് ഹോമിയോപ്പതി ചികിത്സാ രീതിയില്‍ ഫലം കിട്ടാന്‍ കാലതാമസം ഉണ്ടാകും. എന്താണ് ഇതിലെ സത്യാവസ്ഥ?
പലപ്പോഴും പല ചികിത്സകളും നടത്തി അവശരായി, നിവൃത്തി കെട്ടാണ് രോഗികള്‍ അവസാനം ഹോമിയോ ചികിത്സയെ സമീപിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ അവരുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാന്‍ കുറച്ച് സമയമെടുക്കും. എന്നാല്‍ പറഞ്ഞു കേള്‍ക്കുന്നത് പോലെ നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരില്ല. ഇതൊക്കെ വെറും തെറ്റായ പ്രചരണങ്ങള്‍ മാത്രമാണ്.
ഹോമിയോപ്പതി എന്നത് മറ്റുള്ള ചികിത്സാരീതി പോലെ തന്നെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. അതുകൊണ്ടുതന്നെ ഹോമിയോ ഹെല്‍ത്ത് കെയറില്‍ എത്തുന്ന രോഗികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ഞങ്ങളുടെ ശൈലി.
ഹോമിയോ ഹെല്‍ത്ത് കെയറില്‍ എത്തുന്ന രോഗികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, തൈറോയ്ഡ് രോഗികള്‍, പോളിസിസ്റ്റിക് ഓവറി ഡിസീസുളളവര്‍, അലര്‍ജി പ്രശ്‌നമുള്ളവര്‍ തുടങ്ങിയവരും ഹെയര്‍ ഗ്രോത്ത്, കഷണ്ടി, മുടികൊഴിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്കും ഞങ്ങളെ തേടിയെത്തുന്നു. ജീവിതശൈലി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. കൃത്യമായ വ്യായാമം ഇല്ലായ്മ, ഭക്ഷണ ശൈലിയിലെ മാറ്റം, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം തുടങ്ങിയ കാരണങ്ങളുടെ അനന്തര ഫലമായാണ് പലപ്പോഴും ചിലര്‍ രോഗങ്ങളുടെ കൈപ്പിടിയില്‍ അകപ്പെടുന്നത്. കൂടാതെ ക്യാന്‍സര്‍, സോറിയാസിസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗമുള്ളവരും ഞങ്ങളെ സമീപിക്കുന്നുണ്ട്.
ഹോമിയോ ഹെല്‍ത്ത് കെയറിലെ ചികിത്സാ രീതിയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ്?
ഇവിടെ എത്തുന്ന ഓരോ രോഗിയെയും ചികിത്സിക്കുന്നതിന് മുന്‍പ് അവരുടെ ഫുള്‍ കേസ് ഹിസ്റ്ററി ഞങ്ങള്‍ വിശദമായി പഠിക്കുന്നു. തുടര്‍ന്ന് കൃത്യമായി കാര്യങ്ങള്‍ അപഗ്രഥനം ചെയ്തു രോഗത്തെയും രോഗകാരണത്തെയും കണ്ടെത്തുന്നു. അതിനുശേഷമാണ് ചികിത്സയിലേക്ക് കടക്കുന്നത്. അമിതമായി മരുന്നുകള്‍ നല്‍കി ഒരു രോഗിയെ പോലും ഞങ്ങള്‍ ബുദ്ധിമുട്ടിക്കില്ല. രോഗത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. കൃത്യമായ വ്യായാമം, ഭക്ഷണ ക്രമീകരണം തുടങ്ങിയവ ചികിത്സയുടെ ആദ്യപടിയാണ്. അതിനുശേഷമാണ് മരുന്നുകള്‍ നിശ്ചയിക്കുന്നത്.
ഹോമിയോ ചികിത്സയുടെ ഒരു പ്രത്യേകത, ഒരിക്കലും ഞങ്ങള്‍ രോഗതീവ്രത കുറയ്ക്കാനല്ല ശ്രമിക്കുന്നത്; പകരം പൂര്‍ണമായും രോഗകാരികളെയും രോഗത്തെയും വേരോടെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്. പലപ്പോഴും ചികിത്സ ആരംഭിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കൂടാറുണ്ട്. ഇത് രോഗികളെ ഭയപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ, അതൊരു നല്ല ലക്ഷണമായാണ് ഹോമിയോയില്‍ വീക്ഷിക്കുന്നത്. ശരീരത്തിനുള്ളിലുള്ള രോഗകാരിയോട് മരുന്ന് പ്രതിപ്രവര്‍ത്തനം നടത്തുന്നതിന്റെ ലക്ഷണമാണത്. ഇത്തരത്തിലുള്ള ചികിത്സാ വിധികളാണ് ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
ശാശ്വതമായ രോഗ പരിഹാരം കിട്ടാറുണ്ടോ?
തീര്‍ച്ചയായും. കൃത്യമായ രീതിയില്‍ ഞങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ചികിത്സ നേടുന്ന ഏതൊരു വ്യക്തിയ്ക്കും ശാശ്വതമായ പരിഹാരം ലഭിക്കാറുണ്ട.് ഹെയര്‍ ഗ്രോത്ത്, കഷണ്ടി, വൃക്കയിലെ കല്ല്, ത്വക്ക് രോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കു ഞങ്ങളുടെ ചികിത്സയിലൂടെ ശാശ്വത പരിഹാരം ലഭിച്ചിട്ടുണ്ട്.
യുവതലമുറയില്‍പെട്ടവരാണ് കൂടുതലും രോഗികളായി നമ്മുടെ സമൂഹത്തില്‍ കാണപ്പെടുന്നത്. ഇതിനോടുള്ള പ്രതികരണം?
നേരത്തെ പറഞ്ഞതുപോലെ ഭക്ഷണ ശൈലി, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. തൈറോയ്ഡ,് പിസിഒടി, ത്വക്ക് രോഗങ്ങള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, സ്‌പോണ്ടിലൈറ്റിസ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇവരെ അലട്ടുന്നത്. ഒരു പരിധിവരെ ജീവിതരീതി ചിട്ടപ്പെടുത്തിയാല്‍ നമുക്ക് ഇവ നിയന്ത്രിക്കാവുന്നതാണ.് ‘ജംഗ് ഫുഡി’ന്റെ ഉപയോഗം കുറച്ചാല്‍ പകുതിയോളം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും.
എങ്ങനെയാണ് ഹോമിയോചികിത്സ രംഗത്തേക്ക് തിരിഞ്ഞത്?
ഡോക്ടറാകണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. പാരമ്പര്യമായി കുടുംബത്തില്‍ ഹോമിയോ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. പിന്നീട് അമ്മയാണ് ഹോമിയോ പഠനം എന്ന ആശയം മനസ്സിലേക്ക് പകര്‍ന്നു നല്‍കിയത്. അങ്ങനെയാണ് ഹോമിയോ സെലക്ട് ചെയ്തത്. അതിലേക്ക് ആഴത്തില്‍ ചെന്നപ്പോള്‍ അതൊരു പാഷനായി മാറി. പഠനം പൂര്‍ത്തിയാക്കിയ ശേഷം നിരവധി സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്തു, ഒപ്പും വിദഗ്ധരായ ഡോക്ടറന്മാരെ അസിസ്റ്റ് ചെയ്യാനും സാധിച്ചു. പിന്നീടാണ് സ്വന്തമായി ഒരു ക്ലിനിക് എന്ന ആശയം മനസ്സിലുദിച്ചത.് അങ്ങനെയാണ് ഹോമിയോ ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ ഈ സ്ഥാപനം ആരംഭിച്ചത്.
കുടുംബം, ബാല്യം, വിദ്യാഭ്യാസം?
ജനിച്ചതു പോണ്ടിച്ചേരിയിലാണെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്തു തന്നെയാണ്. വീടിനടുത്തുള്ള അബ്ദുല്‍സലാം റാഫി റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ (നെട്ടയം) നിന്നുമാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനത്തിനായി തമിഴ്‌നാട് വൈറ്റ് മെമ്മോറിയല്‍ കോളേജിലാണ് എത്തപ്പെട്ടത.് മേന്മയുള്ള അധ്യാപനവും മികച്ച സൗകര്യങ്ങളുള്ള കോളേജില്‍ പഠിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായിത്തന്നെ കാണുന്നു.
കുടുംബം: അച്ഛന്‍: എം. അബ്ദുല്‍സലാം, അമ്മ: ബീഗം ജാന്‍, സഹോദരി: റുബിയ ബിബിന്‍, സഹോദരി ഭര്‍ത്താവ്: ബിബിന്‍ ഷെറീഫ്, സഹോദരി പുത്രന്‍: ഇഷാന്‍ ബിബിന്‍.
എന്റെ കുടുംബം തന്നെയാണ് എന്റെ ശക്തി
ഡോക്ടറിന്റെ ലക്ഷ്യങ്ങള്‍?
കണ്‍സള്‍ട്ടേഷനു പുറമേ കൗണ്‍സിലിങും ചെയ്യുന്നുണ്ട.് കുട്ടികളെയാണ് കൂടുതലായും കൗണ്‍സിലിങ് നടത്താറുള്ളത്. പലപ്പോഴും സ്‌കൂളില്‍ നിന്നും റഫര്‍ ചെയ്തു കിട്ടുന്ന കുട്ടികളുമുണ്ട് ഈ കൂട്ടത്തില്‍. മെന്റലി റിറ്റാര്‍ഡറായ കുട്ടികള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്നുമുണ്ട്. കൂടാതെ സ്ത്രീകള്‍ക്കും കൗണ്‍സിലിങ് നല്‍കുന്നുണ്ട്.
മനസ്സിനാണ് ഇവിടെ വളരെ പ്രാധാന്യം. പലപ്പോഴും കുടുംബത്തില്‍ ഷെയര്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അവരില്‍ നിന്നും മനസ്സിലാക്കുന്നതിനും ആ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ വേണ്ട സപ്പോര്‍ട്ട് നല്‍കുന്നതിനുമാണ് കൗണ്‍സിലിങിലൂടെ ശ്രമിക്കുന്നത്. കൂടാതെ ഏസ്തറ്റിക് മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട.് ഏസ്തറ്റിക് മെഡിസിന്റെയും ഹോമിയോയുടെയും സാധ്യതകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുന്നത.്
പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഒരു കൈത്താങ്ങാകണമെന്നതും എന്റെ വലിയൊരു ആഗ്രഹമാണ്. ട്രാവലിംഗാണ് പ്രധാന വിനോദം.